സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം റെക്കോഡിൽ, എങ്കിലും പവർകട്ട് ഉണ്ടാവില്ല : മന്ത്രി കെ. കൃഷ്ണൻകുട്ടി
സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം റെക്കോഡുകൾ ഭേദിച്ച് കുതിക്കുകയാണെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. എങ്കിലും പവർകട്ട് ഉണ്ടാകില്ല. പുറത്തുനിന്ന് കൂടുതൽ വൈദ്യുതി വാങ്ങേണ്ടിവരും. ബിൽ കൂടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം റെക്കോഡുകൾ ഭേദിച്ച് കുതിക്കുകയാണെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. എങ്കിലും പവർകട്ട് ഉണ്ടാകില്ല. പുറത്തുനിന്ന് കൂടുതൽ വൈദ്യുതി വാങ്ങേണ്ടിവരും. ബിൽ കൂടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സാഹചര്യം വിലയിരുത്താൻ അടിയന്തര അവലോകന യോഗം ചേരും. വിഷുത്തലേന്ന് വൈദ്യുതി ഉപഭോഗം ചരിത്രത്തിലാദ്യമായി 6,000 മെഗാവാട്ട് പിന്നിട്ടു. അന്ന് വൈകുന്നേരത്തെ ആവശ്യകത (പീക് ടൈം ഡിമാൻഡ്) 6,012 മെഗാവാട്ടായിരുന്നു. ആദ്യമായാണ് 6,000 മെഗാവാട്ട് പിന്നിടുന്നത്. ഈ മാസം 13ന് രേഖപ്പെടുത്തിയ 5,933 മെഗാവാട്ടായിരുന്നു മുൻ റെക്കോഡ്. ചൊവ്വാഴ്ചത്തെ മൊത്തം ഉപയോഗം 112.52 ദശലക്ഷം യൂനിറ്റാണ്.
ഉപഭോഗം കൂടുന്നതനുസരിച്ച് ആഭ്യന്തര ഉൽപാദനം കൂട്ടുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. ചൂട് വർധിച്ചതോടെ വീടുകളിലും സ്ഥാപനങ്ങളിലും എ.സി, കൂളർ തുടങ്ങിയ ഉപകരണങ്ങൾ നിരന്തരം ഉപയോഗിക്കുന്നതാണ് വൈദ്യുതി ഉപഭോഗത്തിലെ കുതിച്ചുചാട്ടത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. വൈദ്യുതി തടസ്സമില്ലാതെ ലഭ്യമാക്കാൻ, തിരക്കേറിയ സമയങ്ങളിൽ (വൈകുന്നേരം ആറു മുതൽ രാത്രി 11 വരെ) അനാവശ്യ ലൈറ്റുകളും ഹൈവോൾട്ടേജ് ഉപകരണങ്ങളും ഒഴിവാക്കി എല്ലാവരും സഹകരിക്കണമെന്ന് മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.