'വൈദ്യുതി എത്ര കാലം ഉണ്ടാകുമെന്ന് കൃത്യമായി പറയാൻ കഴിയില്ല, രാത്രികാലങ്ങളിൽ വൈദ്യുതി ഉപയോഗം കുറയ്ക്കണം' : മന്ത്രി സണ്ണി ജോസഫ്

വൈദ്യുതി എത്ര കാലം ഉണ്ടാകുമെന്ന് കൃത്യമായി പറയാൻ കഴിയില്ലെന്ന് വൈദ്യുതി . കാലാവസ്ഥയിൽ വന്ന വലിയ വ്യതിയാനമാണ് പ്രതിസന്ധിക്ക് കാരണം. വൈദ്യുതിയുടെ ഉപയോഗത്തിൽ വലിയ തോതിൽ വർദ്ധനവ് ഉണ്ടായി.

 

 തിരുവനന്തപുരം: വൈദ്യുതി എത്ര കാലം ഉണ്ടാകുമെന്ന് കൃത്യമായി പറയാൻ കഴിയില്ലെന്ന് വൈദ്യുതി . കാലാവസ്ഥയിൽ വന്ന വലിയ വ്യതിയാനമാണ് പ്രതിസന്ധിക്ക് കാരണം. വൈദ്യുതിയുടെ ഉപയോഗത്തിൽ വലിയ തോതിൽ വർദ്ധനവ് ഉണ്ടായി. കഴിഞ്ഞ വർഷം ആവശ്യമായിരുന്നത് 3500 മുതൽ 3600 വരെ മെഗാവാട്ട് വൈദ്യുതിയായിരുന്നെങ്കിൽ ഇത്തവണ അത് 4600 മുതൽ 4800 മെഗാവാട്ട് വരെയായി ഉയർന്നു. പുതിയ സ്ഥാപനങ്ങളും വീടുകളും ഇലക്ട്രിക് വാഹനങ്ങളും പുതിയ ഉപകരണങ്ങളും അടക്കം വന്നതോടെ വൈദ്യുതിയുടെ ഉപയോഗം വർദ്ധിച്ചു. അതേസമയം വൈദ്യുതിയുടെ ഉത്പാദനം കുറഞ്ഞുവെന്നും സണ്ണി ജോസഫ് പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു മന്ത്രിയുടെ പ്രതികരണം.

ജലസംഭരണിയിൽ ജലത്തിന്റെ അളവ് വലിയ രീതിയിൽ കുറഞ്ഞു. കഴിഞ്ഞ തവണ 60 ശതമാനമായിരുന്നെങ്കിൽ ഇത്തവണ അത് 28 ശതമാനമാണ്. വൈദ്യുതി ഉത്പാദനത്തിൽ കുറവും ഉപഭോഗത്തിൽ വലിയ വർദ്ധനവും ഉണ്ടായി. ഇതും പ്രതിസന്ധിക്ക് കാരണമാണെന്നും സണ്ണി ജോസഫ് പറഞ്ഞു. പ്രശ്‌നം പരിഹരിക്കാൻ ശ്രമം നടക്കുന്നുണ്ട്. അതിനായി ദീർഘകാല കരാറുകൾ പുനഃസ്ഥാപിക്കാനുള്ള നിയമപരമായ സാധ്യതകൾ പരിശോധിച്ചുവരികയാണ്.. ജൂൺ മാസത്തിൽ മഴ ലഭിക്കുമെന്ന പ്രതീക്ഷയിൽ ഏപ്രിൽ, മെയ് മാസത്തെ പ്രതിസന്ധി പരിഹരിക്കാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി കടം വാങ്ങിയിരുന്നു. ഇത് തിരികെ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഹ്രസ്വകാല കരാറിലൂടെ കൂടുതൽ വില നൽകി വൈദ്യുതി വാങ്ങാൻ ശ്രമിക്കും. ഇതിനായി കമ്മീഷനോട് അനുമതി തേടിയിട്ടുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു.

രാത്രികാലങ്ങളിൽ വൈദ്യുതിയുടെ ഉപയോഗം കഴിയുന്നത്ര കുറയ്ക്കണം. അലങ്കാര ലൈറ്റുകൾ അടക്കം അനാവശ്യ ഉപയോഗം കുറയ്ക്കണം. വൈദ്യുതി ഉപയോഗവുമായി ബന്ധപ്പെട്ട് കേന്ദ്രം സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. എയർ കണ്ടീഷൻ ഉപയോഗിക്കുമ്പോൾ 27 ഡിഗ്രി സെൽഷ്യസിൽ താഴരുത് എന്നത് അത്തരത്തിൽ ഒരു നിർദ്ദേശമായിരുന്നു. രാത്രി കാലങ്ങളിൽ ഇസ്തിരിപ്പെട്ടി ഉപയോഗിക്കുന്നത് കുറയ്ക്കണം. മുൻമന്ത്രി എ കെ ബാലൻ ഇത്തരത്തിൽ ഒരു അഭ്യർത്ഥന മുന്നോട്ടുവയ്ക്കണമെന്ന് പറഞ്ഞു. യുഡിഎഫ് സർക്കാർ വരുന്നതിന് മുൻപ് കേരളത്തിൽ വൈദ്യുതി പ്രതിസന്ധി ഉണ്ടായിരുന്നു. നിലവിലെ പ്രതിസന്ധി പുതിയ കാര്യമല്ല. സോളാർ ഊർജം സംഭരിക്കാൻ സംവിധാനമില്ലെന്നും ബിഇഎസ്എസ് സംവിധാനങ്ങൾ ഫലപ്രദമാക്കാൻ ശ്രമിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി അതിരൂക്ഷമാണെന്നുള്ള വിവരവും പുറത്തുവന്നു, 2025 ജൂലൈ മാസത്തെ പീക്ക് ടൈം ആവശ്യകത 3500-3600 മെഗാവാട്ട് ആയിരുന്നെങ്കിൽ ഈ വർഷം ജൂലൈയിൽ അത് 4600-4800 മെഗാവാട്ട് വരെയായി. കഴിഞ്ഞ വർഷം ജൂലൈ പ്രതിദിന ഉപയോഗം 70 ദശലക്ഷം യൂണിറ്റായിരുന്നെങ്കിൽ ഈ വർഷം ജൂലൈയിൽ അത് 78ദശലക്ഷം യൂണിറ്റായി. 2025 ജൂലൈയിലെ ജലവൈദ്യുത ഉത്പാദനം 45 ദശലക്ഷം യൂണിറ്റാണെങ്കിൽ ഈ വർഷം അത് 14-17 ദശലക്ഷം യൂണിറ്റ് മാത്രമായി. ഇടുക്കി ജില്ലയിൽ മഴ ലഭ്യതയിൽ 55 ശതമാനം കുറവാണുണ്ടായത്.