തിരഞ്ഞെടുപ്പ് സുതാര്യവും നിഷ്പക്ഷവും സമാധാനപരവുമായി നടത്താൻ കഴിഞ്ഞു; ഏവർക്കും നന്ദി : തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പ് സുതാരവ്യം നിഷ്പക്ഷവും സമാധാനപരവുമായി നടത്താൻ സഹകരിച്ച എല്ലാവർക്കും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ നന്ദി അറിയിച്ചു.
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പ് സുതാരവ്യം നിഷ്പക്ഷവും സമാധാനപരവുമായി നടത്താൻ സഹകരിച്ച എല്ലാവർക്കും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ നന്ദി അറിയിച്ചു. ഏകദേശം ഒന്നര വർഷം മുൻപ് ആരംഭിച്ച വാർഡ് പുനർവിഭജനവും, രണ്ടുഘട്ടമായി നടത്തിയ വോട്ടെടുപ്പും, വോട്ടെണ്ണലും ഉൾപ്പെടെയുള്ള സമഗ്രമായ തിരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യവും സുഗമവും പ്രശ്‌നരഹിതവുമായി പൂർത്തിയാക്കാനായി. സമാധാനപരമായ രീതിയിൽ തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കാൻ സഹകരിച്ച മുഴുവൻ സമ്മതിദായകർക്കും, സ്ഥാനാർത്ഥികൾക്കും, രാഷ്ട്രീയ പാർട്ടികൾക്കും, പൊതുജനങ്ങൾക്കും, ഉദ്യോഗസ്ഥർക്കും മാധ്യമപ്രവർത്തകർക്കും കമ്മീഷണർ നന്ദി അറിയിച്ചു.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തിൽ വിവിധ സംസ്ഥാന സർക്കാർ വകുപ്പുകളുടെയും ജില്ലാ ഭരണകൂടങ്ങളുടേയും തദ്ദേശസ്ഥാപന ഭരണ സംവിധാനങ്ങളുടേയും കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് കൃത്യമായ ഏകോപനത്തോടെ തദ്ദേശതിരഞ്ഞെടുപ്പ് പൂർത്തിയാക്കാനായത്. മാതൃകാപെരുമാറ്റച്ചട്ടം, ഹരിതചട്ടം, ക്രമസമാധാനം എന്നിവ പാലിച്ച് തിരഞ്ഞെടുപ്പ് സമാധാനപരമായി നടത്താൻ കഴിഞ്ഞു. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം പ്രവർത്തിച്ച തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, വരണാധികാരികൾ, പോളിംഗ് ഓഫീസർമാർ, നിരീക്ഷകർ, മാധ്യമപ്രവർത്തകർ തുടങ്ങിയ എല്ലാവരുടേയും സഹകരണം ഓരോ നടപടികളിലും പ്രകടമായിരുന്നു.
കൂടാതെ പോലീസ്, എക്‌സൈസ്, വനം, മോട്ടോർ വാഹനം തുടങ്ങിയ വകുപ്പുകൾക്കും കെ.എസ്.ഇ.ബി, വാട്ടർ അതേറിറ്റി, ഗ്രാമലക്ഷ്മിമുദ്രാലയം, സി-ആപ്റ്റ്, കെ.ബി.പി.എസ്, തുടങ്ങിയ സ്ഥാപനങ്ങൾക്കും സാങ്കേതിക സഹായം നൽകിയ എൻ.ഐ.സി, ഐകെഎം, ബിഎസ്എൻഎൽ, കെൽട്രോൺ, ഐടി മിഷൻ എന്നീ സ്ഥാപനങ്ങൾക്കും ബാലറ്റ് പേപ്പർ ഉൾപ്പെടെയുള്ളവയുടെ അച്ചടി സമയബന്ധിതമായി പൂർത്തിയാക്കിയ സർക്കാർ പ്രസ്സുകൾക്കും കമ്മീഷണർ നന്ദി അറിയിച്ചു.