രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയച്ച കത്തില്‍ ബിജെപിയുടെ സീല്‍ ; രൂക്ഷ വിമര്‍ശനവുമായി എം സ്വരാജ്
സ്വതന്ത്രവും നീതിപൂര്‍വവുമായ തിരഞ്ഞെടുപ്പ് ഇനി ഒരു സങ്കല്പം മാത്രമായിരിക്കുമെന്ന വ്യക്തമായ സൂചനയാണിത്.
സംഘപരിവാര്‍ ഭരണത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനും കോടതിയും ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങള്‍ ആര്‍എസ്എസിന്റെ ഉപഷാപ്പുകളായി മാറുന്നുവെന്ന വിമര്‍ശനം ശരിവെക്കുന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്.
തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ബിജെപിയുടെ സീല്‍ വന്ന സംഭവത്തില്‍ പ്രതികരിച്ച് സിപിഐഎം നേതാവ് എം സ്വരാജ്. ബിജെപിയുടെ സര്‍ക്കുലര്‍ വിതരണകേന്ദ്രമായി മാറിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജനാധിപത്യത്തിന് അപമാനമാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
സംഘപരിവാര്‍ ഭരണത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനും കോടതിയും ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങള്‍ ആര്‍എസ്എസിന്റെ ഉപഷാപ്പുകളായി മാറുന്നുവെന്ന വിമര്‍ശനം ശരിവെക്കുന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. ബിജെപിയുടെ സര്‍ക്കുലര്‍ വിതരണകേന്ദ്രമായി മാറിയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ജനാധിപത്യത്തിന് അപമാനമാണ്. സ്വതന്ത്രവും നീതിപൂര്‍വവുമായ തിരഞ്ഞെടുപ്പ് ഇനി ഒരു സങ്കല്പം മാത്രമായിരിക്കുമെന്ന വ്യക്തമായ സൂചനയാണിത്.
ജനാധിപത്യം സംരക്ഷിക്കുന്നതിനും ഇന്നല്ലെങ്കില്‍ നാളെ ജനം തെരുവിലിറങ്ങേണ്ടി വരും. തീര്‍ച്ച.
രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയച്ച കത്തിലായിരുന്നു ബിജെപിയുടെ സീല്‍. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സീലിന് പകരമാണ് ബിജെപി കേരള ഘടകത്തിന്റെ സീല്‍ പതിച്ചത്. ഈ മാസം 22 ന് ഉച്ചയോടെയായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇമെയില്‍ സന്ദേശം സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ചത്. 2019ലെ തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ള സന്ദേശത്തിനൊപ്പമുണ്ടായിരുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിലായിരുന്നു ബിജെപി കേരള ഘടകത്തിന്റെ സീല്‍ ഉള്‍പ്പെട്ടത്.
സംഭവം വിവാദമാതോടെ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തെത്തിയിരുന്നു. സാങ്കേതിക പിഴവാണ് സംഭവിച്ചതെന്നും കത്തില്‍ സീല്‍ ഉണ്ടായിരുന്നത് ശ്രദ്ധിച്ചിരുന്നില്ലെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞത്. പിന്നീട് ഇത് തിരുത്തിയെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരിച്ചു. ബിജെപി സീല്‍ പ്രത്യക്ഷപ്പെട്ടതിനെതിരെ സിപിഐഎമ്മും കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. പിന്നാലെ മെയില്‍ അയച്ച അസിസ്റ്റന്റ് സെക്ഷന്‍ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കറാണ് നടപടി സ്വീകരിച്ചത്. അന്വേഷണവിധേയമായാണ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തില്‍ ബിജെപി സീല്‍ പതിച്ച സംഭവം റിപ്പോര്‍ട്ടര്‍ ടിവിയായിരുന്നു പുറത്തുവിട്ടത്.