എസ്ഐആർ ; എന്യൂമറേഷൻ ഫോം സ്വീകരിക്കൽ സമയത്തിൽ മാറ്റമുണ്ടാവില്ലെന്ന് തിരഞ്ഞടുപ്പ് കമ്മീഷൻ
തിരുവനന്തപുരം: എന്യൂമറേഷൻ ഫോം സ്വീകരിക്കൽ സമയത്തിൽ മാറ്റമുണ്ടാവില്ലെന്ന് തിരഞ്ഞടുപ്പ് കമ്മീഷൻ. ഡിസംബർ നാലിനകം പൂർത്തിയാക്കണം എന്നാണ് നിർദേശം. എസ്‌ഐആറിനെതിരായ പ്രതിഷേധം കനക്കുന്ന സാഹചര്യത്തിലാണ് തിരഞ്ഞടുപ്പ് കമ്മീഷന്റെ നിർദേശം. ഫോം അപ്‌ലോഡ് ചെയ്യുന്നതിലെ സാങ്കേതിക പ്രശ്‌നം പരിഹരിക്കാൻ വൈഫൈ സൗകര്യമുള്ള ഇടങ്ങൾ സജ്ജമാക്കണമെന്ന് കലക്ടർമാർക്ക് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നിർദേശം നൽകി. അതേസമയം, എസ്ഐആർ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് കേരളം സുപ്രിംകോടതിയെ സമീപിച്ചു. തദേശ തിരഞ്ഞെടുപ്പ് കഴിയുംവരെ നിർത്തണമെന്നാണ് ആവശ്യം. ചീഫ് സെക്രട്ടറി ഡോ. ജയതിലകാണ് എസ്ഐആർ നടപടികൾ നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് സുപ്രിം കോടതിയെ സമീപിച്ചത്.
എസ്ഐആറും തദേശ തിരഞ്ഞെടുപ്പ് നടപടികളും ഒരേസമയം നടത്തിയാൽ ഭരണസംവിധാനം സ്തംഭിക്കുമെന്നും ഹരജിയിൽ ഉന്നയിക്കുന്നു. തിരഞ്ഞെടുപ്പ് നടക്കേണ്ടത് ഭരണഘടനാപരമായ ബാധ്യതയാണെന്നും ഡിസംബർ 21 വരെ നിർത്തിവെക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം. എസ്ഐആർ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തർപ്രദേശ് കോൺഗ്രസ് കമ്മിറ്റിയും ഇന്ന് സുപ്രിം കോടതിയെ സമീപിക്കും. തദ്ദേശ തിരഞ്ഞെടുപ്പിന്റെ തിരക്കുകളിൽ നിൽക്കേ ധൃതിപ്പെട്ട് എസ്ഐആർ നടപ്പാക്കുന്നത് ഒഴിവാക്കണമെന്നും നടപടികൾ നിർത്തിവെക്കണമെന്നും രാഷ്ട്രീയ പാർട്ടികൾ ഒരുപോലെ ആവശ്യപ്പെട്ടതാണ്. എന്നിട്ടും തിരഞ്ഞെടുപ്പ് കമ്മീഷൻ എസ്ഐആർ തിരക്കിട്ട് നടപ്പാക്കുന്നതിനു പിന്നിൽ ദുരുദ്ദ്യേശമുണ്ടെന്നാണ് ആരോപണം. കണ്ണൂർ ഏറ്റുകുടുക്കയിൽ ജോലി സമ്മർദം മൂലം അനീഷ് ജോർജെന്ന ബിഎൽഒ ജീവനൊടുക്കിയ പശ്ചാത്തലത്തിൽ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് സർവീസ് സംഘടനകൾ. വിഷയത്തെ നിയമപരമായി നേരിടാനാണ് സർവീസ് സംഘടനകളുടെ തീരുമാനം.