മരണാനന്തര ചടങ്ങില്‍ ബീഫ് വിളമ്പാത്തതിന് വയോധികന്റെ പല്ലുകള്‍ അടിച്ചുതെറിപ്പിച്ചു

ഭക്ഷണം വിളമ്പുന്നതിനിടെ പ്രതിക്ക് ചിക്കന്‍ കറി നല്‍കിയതില്‍ പ്രകോപിതനായ ഇയാള്‍ ബീഫ് വേണമെന്ന് ആവശ്യപ്പെട്ട് ബഹളമുണ്ടാക്കി

 

നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ് ഇയാള്‍.

മരണാനന്തര ചടങ്ങിനോടനുബന്ധിച്ചുള്ള സദ്യയില്‍ ബീഫ് വിളമ്പാത്തതിന്റെ പേരില്‍ ഭക്ഷണം വിളമ്പുകയായിരുന്ന വയോധികനെ മര്‍ദിച്ച് പല്ലുകള്‍ അടിച്ചുതെറിപ്പിച്ച കേസില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ പള്ളിപ്പുറം പഞ്ചായത്ത് ആറാം വാര്‍ഡിലെ വള്ളിക്കാട്ട് കോളനിയില്‍ ശ്യാംകുമാര്‍ (41) എന്ന ചക്രന്‍ ശ്യാമിനെയാണ് ചേര്‍ത്തല പോലീസ് തൃശൂരില്‍ നിന്ന് പിടികൂടിയത്. നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ് ഇയാള്‍.

കഴിഞ്ഞ ഓഗസ്റ്റ് 22ന് പള്ളിപ്പുറം ചക്കനാട്ട് കോളനിയില്‍ ശരവണന്‍ എന്നയാളുടെ മരണാനന്തര ചടങ്ങുകളുടെ ഭാഗമായി നടന്ന പതിനാറാം അടിയന്തരത്തോടനുബന്ധിച്ചുള്ള അത്താഴവിരുന്നിനിടെയായിരുന്നു സംഭവം. ഭക്ഷണം വിളമ്പുന്നതിനിടെ പ്രതിക്ക് ചിക്കന്‍ കറി നല്‍കിയതില്‍ പ്രകോപിതനായ ഇയാള്‍ ബീഫ് വേണമെന്ന് ആവശ്യപ്പെട്ട് ബഹളമുണ്ടാക്കി. തുടര്‍ന്ന് ഭക്ഷണം വിളമ്പുകയായിരുന്ന വയോധികന്റെ മുഖത്തടിക്കുകയായിരുന്നു. ആക്രമണത്തില്‍ വയോധികന്റെ പല്ലുകള്‍ ഇളകിത്തെറിച്ചു.


സംഭവത്തിനുശേഷം ഒളിവില്‍ പോയ പ്രതി വിവിധ സ്ഥലങ്ങളില്‍ ഒളിച്ചുകഴിയുകയായിരുന്നു. തൃശൂര്‍ ജില്ലയില്‍ പ്രതി ഒളിവില്‍ കഴിയുന്നതായി ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ചേര്‍ത്തല ഡിവൈഎസ്പി മഞ്ജുലാലിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്.