എല്‍ നിനോ ശക്തമാകും; കേരളത്തിൽ  മത്തിയുടെ ലഭ്യത കുറയാൻ സാധ്യത, വിലയും പൊള്ളും

മലയാളികളുടെ അടുക്കളയിലെ പ്രധാനപ്പെട്ട മത്സ്യമാണ് മത്തി. ആഗോള സമുദ്രതാപന പ്രതിഭാസമായ എല്‍ നിനോ ശക്തമാകുന്നതോടെ കേരള തീരത്ത് മത്തിയുടെ ലഭ്യതയില്‍ വന്‍ ഇടിവുണ്ടാകുമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം മുന്നറിയിപ്പ് നല്‍കുന്നു. ലഭ്യത കുറയുന്നതോടെ അടുത്ത വര്‍ഷം വിപണിയില്‍ മത്തിയുടെ വില കുതിച്ചുയരുമെന്നാണ് ആശങ്ക.

 

തിരുവനന്തപുരം: മലയാളികളുടെ അടുക്കളയിലെ പ്രധാനപ്പെട്ട മത്സ്യമാണ് മത്തി. ആഗോള സമുദ്രതാപന പ്രതിഭാസമായ എല്‍ നിനോ ശക്തമാകുന്നതോടെ കേരള തീരത്ത് മത്തിയുടെ ലഭ്യതയില്‍ വന്‍ ഇടിവുണ്ടാകുമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം മുന്നറിയിപ്പ് നല്‍കുന്നു. ലഭ്യത കുറയുന്നതോടെ അടുത്ത വര്‍ഷം വിപണിയില്‍ മത്തിയുടെ വില കുതിച്ചുയരുമെന്നാണ് ആശങ്ക. സമുദ്രോപരിതലത്തിലെ താപനിലയിലുണ്ടാകുന്ന വ്യതിയാനങ്ങളും കാലാവസ്ഥാ വ്യതിയാനവുമാണ് മത്തിയുടെ പ്രജനനത്തെയും ലഭ്യതയെയും സാരമായി ബാധിക്കുന്നത്. സാധാരണയായി ജൂണ്‍, ജൂലൈ മാസങ്ങളിലെ ട്രോളിങ് നിരോധന സമയത്ത് മത്തിയുടെ ലഭ്യതയില്‍ ഉണ്ടാകാറുള്ള സ്വാഭാവിക മാറ്റങ്ങള്‍ക്ക് പുറമെയാണ് ഇത്തവണ എല്‍ നിനോ പ്രതിഭാസവും വില്ലനാകുന്നത്.

കടലിലെ താപനില ഉയരുന്നത് മത്തിയുടെ പ്രധാന ആഹാരമായ പ്ലവഗങ്ങളുടെ ഉത്പാദനം കുറയ്ക്കും. ഇത് മത്തിക്കൂട്ടങ്ങള്‍ കേരള തീരത്തുനിന്ന് കൂട്ടത്തോടെ അകന്നുപോകാനോ വംശവര്‍ധന കുറയാനോ കാരണമാകുമെന്നാണ് സിഎംഎഫ്ആര്‍ഐ വ്യക്തമാക്കുന്നത്. മുന്‍വര്‍ഷങ്ങളിലും എല്‍ നിനോ പ്രതിഭാസം ശക്തമായപ്പോള്‍ കേരളത്തില്‍ മത്തി ലഭ്യതയില്‍ വലിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. കേരളത്തിലെ സാധാരണക്കാരുടെ പ്രധാന ആശ്രയമായ മത്തിയുടെ ലഭ്യത കുറയുന്നത് മത്സ്യത്തൊഴിലാളികളെയും കച്ചവടക്കാരെയും ഒരുപോലെ പ്രതിസന്ധിയിലാക്കും. വരും മാസങ്ങളില്‍ വിപണിയില്‍ മത്തിക്ക് കടുത്ത ക്ഷാമം നേരിടാനും, തമിഴ്നാട് ഉള്‍പ്പെടെയുള്ള ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ വില നല്‍കി മത്തി എത്തിക്കേണ്ടി വരാനും ഇത് കാരണമാകും.