എൽനിനോ പ്രതിഭാസം വരുംമാസങ്ങളിൽ അതിശക്തമായ നിലയിലെത്താൻ സാധ്യത ; കാർഷിക മേഖലയിൽ മുൻകരുതൽ 

എൽനിനോ പ്രതിഭാസം വരുംമാസങ്ങളിൽ അതിശക്തമായ നിലയിലെത്താൻ സാധ്യതയുള്ള സാഹചര്യത്തിൽ കാർഷിക മേഖലയിൽ കാലാവസ്ഥയെ അടിസ്ഥാനമാക്കിയുള്ള മുൻകരുതലുകൾ ശക്തമാക്കണമെന്ന് ലോക കാലാവസ്ഥാ സംഘടന മുന്നറിയിപ്പ് നൽകി.

 

ഉഷ്ണമേഖല പസഫിക് സമുദ്രത്തിലെ അസാധാരണമായ നിലയിൽ ഉയർന്ന താപനിലയാണ് എൽനിനോ കൂടുതൽ ശക്തിപ്പെടുന്നതിനുള്ള പ്രധാന കാരണമായി ലോക കാലാവസ്ഥ സംഘടന ചൂണ്ടിക്കാട്ടുന്നത്

 തിരുവനന്തപുരം:  എൽനിനോ പ്രതിഭാസം വരുംമാസങ്ങളിൽ അതിശക്തമായ നിലയിലെത്താൻ സാധ്യതയുള്ള സാഹചര്യത്തിൽ കാർഷിക മേഖലയിൽ കാലാവസ്ഥയെ അടിസ്ഥാനമാക്കിയുള്ള മുൻകരുതലുകൾ ശക്തമാക്കണമെന്ന് ലോക കാലാവസ്ഥാ സംഘടന മുന്നറിയിപ്പ് നൽകി. 2026 സെപ്റ്റംബറിൽ പുറത്തിറക്കിയ എൽനിനോ-ലാനിനാ കാലാവസ്ഥാ അവലോകന റിപ്പോർട്ട് പ്രകാരം നിലവിലെ എൽനിനോ 2027 ഫെബ്രുവരി വരെ തുടരാൻ സാധ്യതയുണ്ടെന്നാണ് പ്രവചന മാതൃകകൾ സൂചിപ്പിക്കുന്നത്.

ഉഷ്ണമേഖല പസഫിക് സമുദ്രത്തിലെ അസാധാരണമായ നിലയിൽ ഉയർന്ന താപനിലയാണ് എൽനിനോ കൂടുതൽ ശക്തിപ്പെടുന്നതിനുള്ള പ്രധാന കാരണമായി ലോക കാലാവസ്ഥ സംഘടന ചൂണ്ടിക്കാട്ടുന്നത്. മധ്യ-കിഴക്കൻ ഭൂമധ്യരേഖ പസഫിക്കിലെ സമുദ്രോപരിതല താപനില സാധാരണയേക്കാൾ ഗണ്യമായി ഉയർന്നിട്ടുണ്ട്. മേയ്-ജൂലൈ കാലയളവിൽ നിനോ 3.4 സൂചിക ശരാശരിയേക്കാൾ 1.5 ഡിഗ്രി സെൽഷ്യസും ജൂലൈയിൽ രണ്ട് ഡിഗ്രി സെൽഷ്യസും ഉയർന്നിരുന്നു. ജൂലൈ അവസാനവും ആഗസ്റ്റ് മധ്യവും തമ്മിലുള്ള പ്രതിവാര കണക്കുകളിൽ ഇത് ഏകദേശം 2.2 മുതൽ 2.6 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നു.

അതേസമയം, എൽ നിനോ ശക്തമാണെന്നത് എല്ലാ പ്രദേശങ്ങളിലും ഒരേ തരത്തിലുള്ള കാലാവസ്ഥാ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നർത്ഥമല്ലെന്നും ലോക കാലാവസ്ഥാ സംഘടന വ്യക്തമാക്കുന്നു. ഓരോ പ്രദേശത്തെയും എൽ നിനോ സ്വാധീനം ഭൂമിശാസ്ത്രപരമായ സ്ഥാനം, കാലയളവ്, ഇന്ത്യൻ-അറ്റ്ലാന്റിക് സമുദ്രങ്ങളിലെ മറ്റ് കാലാവസ്ഥാ ഘടകങ്ങൾ എന്നിവയെ ആശ്രയിച്ച് വ്യത്യാസപ്പെടാം. 2026 സെപ്റ്റംബർ- നവംബർ കാലയളവിൽ ലോകത്തിന്റെ ഭൂരിഭാഗം കരപ്രദേശങ്ങളിലും സാധാരണയേക്കാൾ ഉയർന്ന താപനിലയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. വരൾച്ചക്കൊപ്പം അതിവർഷത്തെയും പ്രതീക്ഷിക്കണം.