എട്ടു വയസുകാരന്‍ പാമ്പുകടിയേറ്റു മരിച്ച സംഭവം; ആശുപത്രി സൂപ്രണ്ട് ഡിഎംഒക്ക് റിപ്പോര്‍ട്ട് നല്‍കും

ചിറയിന്‍കീഴ് ആശുപത്രിയില്‍ നിന്ന് മതിയായ പരിചരണം കിട്ടിയില്ലെന്ന് ദിക്ഷലിന്റെ രക്ഷിതാക്കളാണ് പരാതി ഉയര്‍ത്തിയത്.

 

കുട്ടിയെ ചികിത്സിക്കുന്നതില്‍ വീഴ്ച വന്നുവെന്ന് ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലാണ് ഡിഎംഒ റിപ്പോര്‍ട്ട് തേടിയത്

ചിറയിന്‍കീഴില്‍ എട്ടു വയസുകാരന്‍ ദിക്ഷല്‍ പാമ്പുകടിയേറ്റു മരിച്ച സംഭവത്തില്‍ ചിറയിന്‍കീഴ് ആശുപത്രി സൂപ്രണ്ട് ഡിഎംഒക്ക് റിപ്പോര്‍ട്ട് നല്‍കും. കുട്ടിയെ ചികിത്സിക്കുന്നതില്‍ വീഴ്ച വന്നുവെന്ന് ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലാണ് ഡിഎംഒ റിപ്പോര്‍ട്ട് തേടിയത്. ആദ്യം എത്തിച്ച ചിറയിന്‍കീഴ് ആശുപത്രിയില്‍ നിന്ന് മതിയായ പരിചരണം കിട്ടിയില്ലെന്ന് ദിക്ഷലിന്റെ രക്ഷിതാക്കളാണ് പരാതി ഉയര്‍ത്തിയത്. പാമ്പ് കടിച്ചതാണോയെന്ന് ഉറപ്പ് ഇല്ലാത്തതിനാലാണ് ആന്റിവെനം നല്‍കാതിരുന്നതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

തിരുവനന്തപുരം ചിറയിന്‍കീഴ് അഴൂരില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. മൂലയില്‍ വീട്ടില്‍ ദിലീപ് അനു ദമ്പതികളുടെ മകന്‍ ദിക്ഷലാണ് മരിച്ചത്. കുട്ടി ഉറങ്ങുന്നതിനിടെയാണ് പാമ്പ് കടിച്ചത്. പിറ്റേന്ന് വെളുപ്പിന് നാല് മണിയോടെയാണ് കുട്ടിയെ പാമ്പ് കടിച്ച വിവരം അറിഞ്ഞത്. ഉടന്‍ ചിറയിന്‍കീഴ് ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ചികിത്സ നല്‍കി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് അയച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടിയുടെ വീട്ടില്‍ നിന്ന് ഒരു മൂര്‍ഖന്‍ പാമ്പിനെ പിടികൂടിയിട്ടുണ്ട്.