കുട്ടമ്പുഴ വനത്തില്‍ കാണാതായ മൂന്ന് സ്ത്രീകളെ കണ്ടെത്താനുള്ള ശ്രമം പുനരാരംഭിച്ചു
ഇന്നലെ വൈകുന്നേരമാണ് പശുക്കളെ തിരഞ്ഞ് പോയ സ്ത്രീകളെ കൊടുംവനത്തില്‍ കാണാതായത്
പ്രദേശത്തെ ആദിവാസികളും തിരച്ചിലിന് ഒപ്പമുണ്ട്.
കുട്ടമ്പുഴ വനത്തില്‍ ഇന്നലെ കാണാതായ മൂന്ന് സ്ത്രീകളെ കണ്ടെത്താനുള്ള ദൗത്യം പുനരാരംഭിച്ചു. രണ്ട് സംഘങ്ങളായാണ് ഇന്ന് തിരച്ചില്‍ നടത്തുന്നത്. തുണ്ടത്തില്‍, ഇടമലയാര്‍ റേഞ്ചിലെ വനം വകുപ്പ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. പ്രദേശത്തെ ആദിവാസികളും തിരച്ചിലിന് ഒപ്പമുണ്ട്.
ഇന്നലെ വൈകുന്നേരമാണ് പശുക്കളെ തിരഞ്ഞ് പോയ സ്ത്രീകളെ കൊടുംവനത്തില്‍ കാണാതായത്. പൊലീസും അഗ്‌നിരക്ഷാ സേനയും വനംവകുപ്പും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും ഇന്നലെ ഇവരെ കണ്ടെത്താനായിരുന്നില്ല. കുട്ടമ്പുഴ അട്ടിക്കളം വനമേഖലയിലെ മാളോക്കുടി മായാ ജയന്‍, കാവുംപടി പാറുക്കുട്ടി കുഞ്ഞുമോന്‍, പുത്തന്‍പുര ഡാര്‍ളി സ്റ്റീഫന്‍ എന്നിവരെയാണ് കാണാതായത്. പശുവിനെ തേടിപ്പോകും വഴി കാട്ടാനയെ കണ്ടതോടെ തങ്ങള്‍ ചിതറിയോടി എന്ന് 4.15ന് മായ ഭര്‍ത്താവിനെ ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നു. പാറപ്പുറത്ത് ഇരിക്കുകയാണെന്നും വെള്ളം കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇന്നലെ തിരയാന്‍ പോയവരും ആനകളുടെ മുന്‍പില്‍ പെട്ടിരുന്നു.
പശുവിനെ തിരക്കി മൂവരും വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ കാടിനുള്ളിലേക്ക് പോയത്. അഞ്ചുമണിവരെ ഇവരുടെ മൊബൈല്‍ ഫോണില്‍ റെയ്ഞ്ച് ഉണ്ടായിരുന്നതായി കുടുംബാംഗങ്ങള്‍ അറിയിച്ചു.