വീണക്കെതിരെ തെളിവുകള്‍ തേടി ഇഡി; 134 രേഖകള്‍ വേണമെന്നാവശ്യം

ഏറെ രാഷ്ട്രീയ പ്രാധാന്യം കൂടിയുള്ള കേസില്‍ ഏതെങ്കിലും രീതിയില്‍ പാളിച്ചയുണ്ടാകാതിരിക്കാനാണ് ഇഡി ശ്രമിക്കുന്നതെന്നാണ് സൂചന. 

 

സമന്‍സ് നല്‍കി വീണയേയും സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയേയും വിളിപ്പിക്കുന്നതിന് മുമ്പ് തെളിവ് ശേഖരണം പൂര്‍ത്തിയാക്കും.

മാസപ്പടി കേസില്‍ വീണയ്ക്ക് എതിരെ തെളിവ് തേടി ഇ ഡി. എസ്എഫ്‌ഐഒ കസ്റ്റഡിയില്‍ എടുത്ത രേഖകള്‍ക്കായി കോടതിയെ സമീപിച്ചു. എറണാകുളം പിഎംഎല്‍എ കോടതിയെയാണ് ഇഡി സമീപിച്ചത്. 134 രേഖകള്‍ വേണമെന്നാണ് ഹര്‍ജി പറയുന്നത്. വീണയും സിഎംആര്‍എല്ലും തമ്മിലുണ്ടാക്കിയ 2016 ലെ കരാര്‍, എക്‌സാലോജിക്കും സിഎംആര്‍എല്ലും 2017 ല്‍ ഉണ്ടാക്കിയ കരാര്‍, എക്‌സലോജിക് ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്‌മെന്റ്, വീണയുടെ ഐടി റിട്ടേണ്‍ വിശദാംശങ്ങള്‍, എംപവര്‍ ഇന്ത്യ കാപ്പിറ്റല്‍ കമ്പനി ലോണ്‍ വിശദാംശങ്ങള്‍, വീണയുടെ ലോണ്‍ തിരിച്ചടവിന്റെ വിശദാംശങ്ങള്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ക്കാണ് ഇഡി അപേക്ഷ നല്‍കിയത്.

സമന്‍സ് നല്‍കി വീണയേയും സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയേയും വിളിപ്പിക്കുന്നതിന് മുമ്പ് തെളിവ് ശേഖരണം പൂര്‍ത്തിയാക്കും. ആദ്യം കേസന്വേഷിച്ച കോര്‍പ്പറേറ്റ് തട്ടിപ്പുകള്‍ അന്വേഷിക്കുന്നതിനായി ഇന്ത്യാ ഗവണ്‍മെന്റിന്റെ കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ് എഫ് ഐഒയില്‍ നിന്നും മാസപ്പടി കേസിലെ തെളിവ് ശേഖരിക്കും. ചോദ്യം ചെയ്യാനോ അറസ്റ്റ് നടപടികള്‍ക്കോ തടസ്സമില്ലെങ്കിലും തെളിവുകള്‍ ഉറപ്പാക്കിയ ശേഷം നീങ്ങാനാണ് ഇഡിയുടെ നിലവിലെ തീരുമാനം. ഏറെ രാഷ്ട്രീയ പ്രാധാന്യം കൂടിയുള്ള കേസില്‍ ഏതെങ്കിലും രീതിയില്‍ പാളിച്ചയുണ്ടാകാതിരിക്കാനാണ് ഇഡി ശ്രമിക്കുന്നതെന്നാണ് സൂചന.