സി.എം.ആർ.എലിൽനിന്ന് കൈക്കൂലിപ്പണം കൈപ്പറ്റിയെന്ന ഇ.ഡി. റിപ്പോർട്ട് ; പിണറായിയുടെ പേരിൽ കേസെടുക്കാനുള്ള നീക്കവുമായി സർക്കാർ

 സി.എം.ആർ.എലിൽനിന്ന് കൈക്കൂലിപ്പണം കൈപ്പറ്റിയെന്ന ഇ.ഡി. റിപ്പോർട്ടിന് പിന്നാലെ പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ പേരിൽ കേസെടുക്കാനുള്ള നീക്കവുമായി സർക്കാർ. 3.28 കോടി രൂപ വാങ്ങിയെന്ന കണ്ടെത്തലിന് പുറമെ ഗുരുതരമായ മറ്റു കണ്ടെത്തലുകളും

 

 സി.എം.ആർ.എലിൽനിന്ന് കൈക്കൂലിപ്പണം കൈപ്പറ്റിയെന്ന ഇ.ഡി. റിപ്പോർട്ടിന് പിന്നാലെ പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ പേരിൽ കേസെടുക്കാനുള്ള നീക്കവുമായി സർക്കാർ. 3.28 കോടി രൂപ വാങ്ങിയെന്ന കണ്ടെത്തലിന് പുറമെ ഗുരുതരമായ മറ്റു കണ്ടെത്തലുകളും അതിനുള്ള തെളിവുകളും ഇ.ഡി. കൈമാറിയിട്ടുണ്ടെന്നാണ് സർക്കാർ വിലയിരുത്തൽ. ഇ.ഡി. നൽകിയ കത്തിന്റെ ഗൗരവം മുഖ്യമന്ത്രി വി.ഡി. സതീശൻ മന്ത്രിസഭായോഗത്തിൽ വിശദീകരിച്ചു.

ഇ.ഡി. കൈമാറിയ തെളിവുകൾ സർക്കാർ അവഗണിച്ചാൽ അത് സർക്കാരിനെ തന്നെ ബാധിക്കുമെന്ന സൂചനയും മുഖ്യമന്ത്രി നൽകി. എന്നാൽ തിടുക്കത്തിൽ നടപടി സ്വീകരിക്കേണ്ടതില്ലെന്ന വിലയിരുത്തലിലാണ് മന്ത്രിസഭ എത്തിയത്. നിയമോപദേശം ലഭിച്ചശേഷം തുടർനടപടികളിലേക്ക് കടക്കാനാണ് തീരുമാനം. മുഹമ്മദ് റിയാസിന്റെയും ടി. വീണയുടെയും പേരിലും കേസ് ഉണ്ടാകുമെന്നാണ് വിവരം. നിലവിലെ തെളിവുകളും ഇ.ഡി. റിപ്പോർട്ടും പരിഗണിച്ചാൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നതിന് തടസ്സമില്ലെന്നാണ് വിലയിരുത്തൽ.

അതേസമയം, സെപ്റ്റംബർ 13ന് കോഴിക്കോട്ട് തുടങ്ങുന്ന സി.പി.എമ്മിന്റെ വിശാല സംസ്ഥാനസമിതി യോഗത്തിന് മുമ്പ് സർക്കാരിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടാകില്ലെന്നാണ് സൂചന. സർക്കാർ സ്വീകരിക്കുന്ന നിലപാട് വിലയിരുത്തിയ ശേഷമാകും സി.പി.എം. പ്രതിരോധം ശക്തമാക്കുക. രാഷ്ട്രീയലക്ഷ്യത്തോടെയുള്ള കേസാണെന്ന വാദത്തിനായിരിക്കും പ്രധാന ഊന്നൽ. സംസ്ഥാനത്ത് കേസെടുത്താൽ അത് ബി.ജെ.പി. ഡീലിന്റെ ഭാഗമാകുമെന്ന നിലപാട് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

കേസെടുക്കാനുള്ള ഒരുക്കങ്ങൾ പോലീസിന്റെ ഭാഗത്തും ആരംഭിച്ചിട്ടുണ്ട്. സർക്കാരിന്റെ അനുമതി ലഭിച്ചാൽ വിജിലൻസ് അന്വേഷണവും ഉണ്ടായേക്കും. പിണറായി മുൻമുഖ്യമന്ത്രിയും മുഹമ്മദ് റിയാസ് മുൻമന്ത്രിയുമാണെന്നത് കേസെടുക്കുന്നതിന് തടസ്സമല്ല. പ്രോസിക്യൂഷൻ നടപടിക്ക് മാത്രമാണ് ഗവർണറുടെ അംഗീകാരം ആവശ്യം. അതിനാൽ നിയമോപദേശം ലഭിച്ച ശേഷമുള്ള സർക്കാരിന്റെ തീരുമാനം ഈ കേസിൽ നിർണായകമാകും.