പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടിൽ പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം ; PMLA നിയമപ്രകാരം കേസെടുത്ത് ഇ ഡി 

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടിൽ പരിശോധനയ്‌ക്കെത്തിയ തങ്ങളുടെ ഉദ്യോഗസ്ഥരെ ആക്രമിച്ചതിൽ കേസെടുത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. പിഎംഎൽഎ നിയമപ്രകാരമാണ് ഇ ഡി കേസെടുത്തിരിക്കുന്നത്.

 

 കൊച്ചി : പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടിൽ പരിശോധനയ്‌ക്കെത്തിയ തങ്ങളുടെ ഉദ്യോഗസ്ഥരെ ആക്രമിച്ചതിൽ കേസെടുത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. പിഎംഎൽഎ നിയമപ്രകാരമാണ് ഇ ഡി കേസെടുത്തിരിക്കുന്നത്. ആക്രമണത്തിന് പിന്നിലെ ഗൂഢാലോചനയും സാമ്പത്തിക ഇടപാടുകളും വിശദമായി അന്വേഷിക്കാനാണ് ഇ ഡി തീരുമാനം. നിലവിൽ പൊലീസ് എടുത്ത കേസിലെ പ്രതികളായ 27 പേരെയും ഇ ഡി കേസിലും പ്രതി ചേർത്തു. വധശ്രമക്കേസിൽ പിഎംഎൽഎ ചുമത്തുന്നത് ആദ്യമായാണ്.

കൂടുതൽ തെളിവ് ശേഖരണത്തിന് ശേഷം പ്രതികൾക്ക് സമൻസ് അയക്കാനാണ് ഇ ഡി നീക്കം. സംഭവത്തിൽ ഇ ഡിയുടെ അന്വേഷണം സിപിഐഎം നേതാക്കളിലേക്കും നീളും. ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ സിഎംആർഎൽ-എക്‌സാലോജിക് കേസിലെ പ്രതികളെ സഹായിക്കുകയായിരുന്നുവെന്നാണ് ഇ ഡി നിരീക്ഷണം. കുറ്റകൃത്യത്തിൽ നിന്നും സമ്പാദിച്ചെന്ന് സംശയിക്കുന്ന പണം കണ്ടെത്താനുള്ള അന്വേഷണത്തെ പ്രതികൾ തടസ്സപ്പെടുത്തുകയായിരുന്നുവെന്നും ഇ ഡി സംശയിക്കുന്നു.

സിഎംആർഎൽ-എക്‌സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാട് കേസിൽ മെയ് 27ന് പിണറായി വിജയന്റെ വീട്ടിൽ പരിശോധന നടത്തി മടങ്ങുന്ന ഇ ഡി ഉദ്യോഗസ്ഥരുടെ വാഹനമാണ് പ്രതിഷേധക്കാർ അടിച്ചുതകർത്തത്. ഇ ഡി പിണറായി വിജയനെ രാഷ്ട്രീയമായി ആക്രമിക്കുകയാണെന്നാരോപിച്ച് സിപിഐഎം പ്രവർത്തകർ വീടിനു മുന്നിൽ തടിച്ചുകൂടിയിരുന്നു. തുടർന്ന് റെയ്ഡ് കഴിഞ്ഞു പുറത്തിറങ്ങിയ ഇഡി ഉദ്യോഗസ്ഥരുടെ വാഹനം സിപിഐഎം പ്രവർത്തകർ ആക്രമിക്കുകയായിരുന്നു.