ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് : ഗൂഢാലോചനക്ക് തെളിവില്ല

സമരത്തിന് എത്താന്‍ ആവശ്യപ്പെട്ടുള്ള കോളുകളാണെന്നാണ് പ്രതികളുടെ മൊഴി.

 

ഏരിയ സെക്രട്ടറി തലത്തിലുള്ള കോളുകള്‍ മാത്രമാണ് ഫോണുകളിലുള്ളത്

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളുടെ കോള്‍ റെക്കോര്‍ഡ് പരിശോധന പൂര്‍ത്തിയായി. സംഭവത്തില്‍ ഗൂഢാലോചനക്ക് നിലവില്‍ തെളിവുകള്‍ ഇല്ലെന്നാണ് കണ്ടെത്തല്‍. ഏരിയ സെക്രട്ടറി തലത്തിലുള്ള കോളുകള്‍ മാത്രമാണ് ഫോണുകളിലുള്ളത്.അവ സമരത്തിന് എത്താന്‍ ആവശ്യപ്പെട്ടുള്ള കോളുകളാണെന്നാണ് പ്രതികളുടെ മൊഴി.

ആരെങ്കിലും അക്രമത്തിനു ആഹ്വാനം ചെയ്‌തോയെന്ന് കണ്ടെത്താനായി ഫോണുകളുടെ സൈബര്‍ ഫോറന്‍സിക് പരിശോധനയ്ക്ക് കടക്കാന്‍ ഒരുങ്ങുകയാണ് പൊലീസ്. അതിനായി ഫോണുകളുടെ ഹാഷ് വാല്യൂ സെറ്റ് ചെയ്തു കഴിഞ്ഞു. പരിശോധനയില്‍ കണ്ടെത്തേണ്ട കാര്യങ്ങള്‍ സംബന്ധിച്ചു കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. അക്രമത്തിനു ആഹ്വാന സന്ദേശങ്ങള്‍ ഉണ്ടെങ്കില്‍ ഈ പരിശോധനയില്‍ കണ്ടെത്താന്‍ സാധിക്കും. ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിലെ ഇരുപതിലേറെ പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്. ഇതില്‍ വാഹനം ആക്രമിച്ച 3 പ്രതികളും ഉള്‍പ്പെടുന്നുണ്ട്.