'ബോധപൂര്‍വം മോശമാക്കാനുള്ള ശ്രമമാണ് നടക്കുന്നത്, പ്രധാന തെളിവെങ്കിൽ ഇങ്ങനെ പുറത്തുവിടുമോ? ' ; ഇ ഡിക്കെതിരെ മുഹമ്മദ് റിയാസ്

സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് പുതിയ വിവരങ്ങള്‍ പുറത്തുവന്ന പശ്ചാത്തലത്തില്‍ ഇ ഡിക്കെതിരെ വിമര്‍ശനവുമായി പി എ മുഹമ്മദ് റിയാസ് എംഎല്‍എ. ബോധപൂര്‍വം മോശമാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു.

 

 കോഴിക്കോട്: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് പുതിയ വിവരങ്ങള്‍ പുറത്തുവന്ന പശ്ചാത്തലത്തില്‍ ഇ ഡിക്കെതിരെ വിമര്‍ശനവുമായി പി എ മുഹമ്മദ് റിയാസ് എംഎല്‍എ. ബോധപൂര്‍വം മോശമാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. പ്രധാന തെളിവുകളായി കാണുന്നുണ്ടെങ്കില്‍ വിവരങ്ങള്‍ ഇ ഡി ഇങ്ങനെ പുറത്തുവിടുമോ എന്നും റിയാസ് ചോദിച്ചു. വിപുലീകൃത സംസ്ഥാന കമ്മിറ്റിയുടെ അവസാന ദിവസമാണിന്ന്. വൈകീട്ട് ലക്ഷങ്ങള്‍ പങ്കെടുക്കുന്ന റാലി നടക്കുകയാണ്. തെളിവുകള്‍ പുറത്തുവിടാന്‍ എന്തിന് ഈ ദിവസം തന്നെ ഇ ഡി തെരഞ്ഞെടുത്തുവെന്നും റിയാസ് ചോദിച്ചു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു റിയാസ്.

ഹവാലയുമായി തന്നെ ബന്ധപ്പെടുത്താന്‍ നേരത്തേ ശ്രമം നടന്നിരുന്നു. അന്ന് അത് പൊളിഞ്ഞു. ഇപ്പോള്‍ പുതിയ കഥയുമായി വന്നിരിക്കുകയാണ്. തെരഞ്ഞെടുപ്പ് സമയത്ത് നിയോജക മണ്ഡലത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ചതായിരുന്നു 'നമ്മള്‍ ബേപ്പൂര്‍' എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പ്.ആ ഗ്രൂപ്പ് ഹവാല ഇടപാടിന് വേണ്ടി രൂപീകരിച്ചതാണെന്നാണ് ഇ ഡി ഇപ്പോള്‍ പറയുന്നത്. അതില്‍ മാധ്യമപ്രവര്‍ത്തകര്‍ അടക്കം നിരവധി പേരുണ്ട്. ആ ഗ്രൂപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൃത്യമായി പരിശോധിക്കാവുന്നതാണല്ലോയെന്നും മുഹമ്മദ് റിയാസ് ചോദിച്ചു.

ഹവാല പണമാണെന്ന് വീണ സമ്മതിച്ചു എന്ന് പറയുന്നത് ശുദ്ധ അസംബന്ധവും കളവുമാണ്. വീണക്ക് ഹവാലയുമായി ബന്ധമുണ്ടെന്ന് വ്യാപക പ്രചാരണമാണ് നടക്കുന്നത്. മൂന്ന് തവണ വീണയെ ചോദ്യം ചെയ്തു. ചോദ്യം ചെയ്യലില്‍ ഒരിടത്തും ഹവാലയെപ്പറ്റി ചോദിച്ചിട്ടില്ല. കള്ളപ്പണമാണെന്ന് വീണ സമ്മതിച്ചു എന്ന് ഇ ഡി പറയുന്നത് ബോധപൂര്‍വ്വമാണ്. മോശമാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഭാവിയില്‍ ഒരു ബിസിനസ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ഒരു പേപ്പറില്‍ എഴുതിയ കാര്യമാണ് റെഡ് ബുക്ക് എന്നൊക്കെ പറഞ്ഞ് അവതരിപ്പിച്ചിരിക്കുന്നതെന്നും റിയാസ് പറഞ്ഞു.

ഇ ഡി അന്വേഷണത്തില്‍ ഭയപ്പെടേണ്ട ആവശ്യമില്ലെന്നും റിയാസ് പറഞ്ഞു. ഒരു തെറ്റും ചെയ്തിട്ടില്ല. ഇത് നല്ലൊരു തിരക്കഥയാണ്. ദേശീയ തലത്തില്‍ ഏറ്റവും നല്ല തിരക്കഥയ്ക്കുള്ള അവാര്‍ഡ് കൊടുക്കുകയാണെങ്കില്‍ അത് ഈ തിരക്കഥ എഴുതിയ ആള്‍ക്ക് കൊടുക്കണമെന്നും റിയാസ് പരിഹസിച്ചു. ഇ ഡിയുടെ സ്വഭാവം എന്താണെന്ന് എല്ലാവര്‍ക്കും അറിയാം. വിവരങ്ങള്‍ ഇങ്ങനെ പുറത്തുവിട്ടാല്‍ ജനങ്ങളുടെ ഇടയില്‍ മോശക്കാരാക്കി കളയാം എന്ന് ആരെങ്കിലും ധരിച്ചാല്‍ ആ ധാരണ അവിടെ കിടക്കുകയേയുള്ളൂ. ജനങ്ങള്‍ക്കൊപ്പം എന്നും ഉണ്ടാകും. രാഷ്ട്രീയ നിലപാട് മുന്‍പ് പറഞ്ഞതുപോലെ അതിശക്തമായി തന്നെ പറയും. ഈ വിഷയം തുടങ്ങിയിട്ടല്ലേ ഉള്ളൂ. ഇനി എന്തൊക്കെ കാര്യങ്ങള്‍ കാണാന്‍ കിടക്കുന്നു. നിയമപരമായി തന്നെ വിഷയത്തെ കൈകാര്യം ചെയ്യുമെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു.