കേരളത്തിലെ അതിവേഗ റെയിൽപാത; പദ്ധതിക്കായി പൊന്നാനിയില്‍ ഓഫീസ് തുറന്ന് ഇ ശ്രീധരന്‍

ഭാര്യ രാധ നിലവിളക്ക് കൊളുത്തി ഓഫീസ് ഉദ്ഘാടനം നിര്‍വഹിച്ചു.

 

കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഡിപിആര്‍ തയ്യാറാക്കാന്‍ തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് ശ്രീധരന്‍ പറയുന്നത്.

 മലപ്പുറം: കേരളത്തിലെ  അതിവേഗ റെയില്‍പാത പദ്ധതി ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് മെട്രോമാന്‍ ഇ ശ്രീധരന്‍ ഓഫീസ് തുറന്നു. പൊന്നാന്നിയിലാണ് ശ്രീധരന്‍ സ്വന്തം നിലയ്ക്ക് ഓഫീസ് തുറന്നത്. ഭാര്യ രാധ നിലവിളക്ക് കൊളുത്തി ഓഫീസ് ഉദ്ഘാടനം നിര്‍വഹിച്ചു. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഡിപിആര്‍ തയ്യാറാക്കാന്‍ തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് ശ്രീധരന്‍ പറയുന്നത്.

ഇന്നുമുതല്‍ ഓഫീസ് ജോലി ആരംഭിക്കുകയാണെന്ന് ഉദ്ഘാടനശേഷം ഇ ശ്രീധരന്‍ പറഞ്ഞു. നാട്ടുകാര്‍ക്ക് ക്ലേശകരമായ ഒന്നും ചെയ്യരുതെന്നാണ് തന്റെ നിലപാട്. ഡിപിആര്‍ ആദ്യമായിട്ട് തയ്യാറാക്കുന്ന ആളല്ല താന്‍. ഏറ്റവും ക്ലേശകരമായ കൊങ്കണ്‍ റെയില്‍വേയുടെ ഡിപിആര്‍ ഉണ്ടാക്കിയ ആളാണ്. ഫീല്‍ഡ് വര്‍ക്ക് മഴ വരുന്ന ജൂണ്‍ ഒന്നിന് മുമ്പ് തീര്‍ക്കണമെന്നാണ് ആഗ്രഹിക്കുന്നത്.അലൈന്‍മെന്റ്, ഏതൊക്കെ സ്റ്റേഷനുകള്‍ തുടങ്ങിയ കാര്യങ്ങളില്‍ പ്ലാനുണ്ടാക്കും. 22 സ്റ്റോപ്പുകള്‍ ഉണ്ടാകുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സര്‍വേ തുടങ്ങുന്നതിനു മുമ്പ് നാട്ടുകാരെ ബോധ്യപ്പെടുത്തി പദ്ധതിക്ക് അനുകൂലമാക്കിയെടുക്കണം. ഇതിനായി നാട്ടുകാരെ ബോധവത്കരണം നടത്തും. തുടര്‍ന്ന് ലാന്‍ഡ് അക്വിസിഷന്‍ അടക്കമുള്ള കാര്യങ്ങളില്‍ പരിശോധന നടത്തുമെന്നും ഇ ശ്രീധരന്‍ പറഞ്ഞു.

എന്നാല്‍ ശ്രീധരന്റെ അതിവേഗ റെയില്‍വേപാത സംബന്ധിച്ച് റെയില്‍വേമന്ത്രാലയത്തിന്റെ ഭാഗത്തു നിന്നും ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല. തങ്ങള്‍ക്ക് പദ്ധതി സംബന്ധിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വാദം. കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റില്‍ പ്രഖ്യാപിച്ച ഏഴ് അതിവേഗ റെയില്‍വേ ഇടനാഴികളില്‍ കേരളം ഉള്‍പ്പെട്ടിരുന്നില്ല.