സംസ്‌ഥാനത്തെ ആദ്യ സമ്പൂർണ ഇ-ഓഫിസ് ജില്ലയായി കണ്ണൂർ 

 

കണ്ണൂർ: സംസ്‌ഥാനത്തെ ആദ്യ സമ്പൂർണ ഇ-ഓഫിസ് ജില്ലയായി കണ്ണൂർ. കളക്‌ടറേറ്റ്, റവന്യൂ ഡിവിഷൻ ഓഫിസ്, താലൂക്ക് ഓഫിസ്, വില്ലേജ് ഓഫിസ്, റവന്യൂ വകുപ്പിന് കീഴിൽ വരുന്ന സ്‌പെഷ്യൽ ഓഫിസുകളടക്കം മുഴുവനായി ഇ-ഓഫിസ് സംവിധാനം നടപ്പാക്കും.

റവന്യൂ ഓഫിസുകളിൽ സമ്പൂർണ ഇ-ഓഫിസ് നടപ്പാക്കിയതിന്റെ പ്രഖ്യാപനം മന്ത്രി കെ രാജൻ നിർവഹിച്ചു. സർക്കാരിന്റെ 100 ദിന പദ്ധതിയുടെ ഭാഗമായാണ് കളക്‌ടറുടെ നേതൃത്വത്തിൽ ഐടി മിഷനും എൻഐസിയും ചേർന്ന് 60 ദിവസത്തെ പരിശ്രമംകൊണ്ട് പദ്ധതി നടപ്പാക്കിയത്.

രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ ഐടി മിഷൻ പ്രോജക്‌ട് മാനേജർ മിഥുൻ കൃഷ്‌ണ, എൻജിനിയർമാർ എന്നിവരെ റവന്യൂ വകുപ്പ് മന്ത്രി ആദരിച്ചു.

കളക്‌ടറേറ്റിലെ നിരീക്ഷണ ക്യാമറ പ്രവർത്തന പദ്ധതിയുടെ ഉൽഘാടനവും മന്ത്രി നിർവഹിച്ചു. കെവി സുമേഷ് എംഎൽഎ, കളക്‌ടർ എസ് ചന്ദ്രശേഖർ, എഡിഎം കെകെ ദിവാകരൻ എന്നിവർ സംസാരിച്ചു. അസി. കളക്‌ടർ മുഹമ്മദ് ഷഫീഖ്, തളിപ്പറമ്പ് ആർഡിഒ ഇപി മേഴ്‌സി എന്നിവർ സംബന്ധിച്ചു.