കൊവിഡ് മഹാമാരി സമയത്ത് സാഹചര്യം ആവശ്യപ്പെട്ട എല്ലാ നടപടികളും ആത്മാര്‍ത്ഥതയോടെ ചെയ്തു ; ബ്രേക്ക് ദ ചെയിന്‍ പദ്ധതിയില്‍ ക്രമക്കേടെന്ന ആരോപണത്തില്‍ മറുപടിയുമായി ഡോ മുഹമ്മദ് അഷീല്‍
ചരിത്രം ദയ കാണിക്കുമെന്നുറപ്പ്'
ഇപ്പോഴത്തെ ജോലിയുടെ സ്വഭാവമനുസരിച്ച് കൂടുതല്‍ പ്രതികരണം നടത്താന്‍ നിര്‍വാഹമില്ലെന്നും അഷീല്‍ പറഞ്ഞു.
കൊവിഡ് പ്രതിരോധത്തിനായി സാമൂഹ്യ സുരക്ഷാ മിഷന്‍ നടത്തിയ ബ്രേക്ക് ദ ചെയിന്‍ പദ്ധതിയില്‍ ക്രമക്കേടും ഗുരുതര വീഴ്ചയുമെന്ന് ധനകാര്യ പരിശോധന വിഭാഗത്തിന്റെ കണ്ടെത്തലിന് പിന്നാലെ പ്രതികരണവുമായി മുന്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍. കൊവിഡ് മഹാമാരി സമയത്ത് ഒരു പൊതുജനാരോഗ്യ പ്രവര്‍ത്തകന്‍ എന്ന രീതിയില്‍ ആ സാഹചര്യം ആവശ്യപ്പെട്ട എല്ലാ നടപടികളും ആത്മാര്‍ത്ഥതയോടെ സ്വന്തം നഷ്ടങ്ങള്‍ ഒന്നും വകവെക്കാതെ ചെയ്യാനും ആ ചരിത്ര നിയോഗത്തില്‍ പങ്കാളിയാവാനും സാധിച്ചു എന്നതില്‍ അഭിമാനമുണ്ടെന്ന് മുഹമ്മദ് അഷീല്‍ വ്യക്തമാക്കി. ഇപ്പോഴത്തെ ജോലിയുടെ സ്വഭാവമനുസരിച്ച് കൂടുതല്‍ പ്രതികരണം നടത്താന്‍ നിര്‍വാഹമില്ലെന്നും അഷീല്‍ പറഞ്ഞു.
കുറിപ്പിന്റെ പൂര്‍ണരൂപം
'കൊവിഡ് മഹാമാരി കാലത്ത് സാമൂഹ്യ സുരക്ഷാ മിഷന്‍ മുന്‍കൈയെടുത്തു നടപ്പിലാക്കിയ ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിന്‍ സംബന്ധിച്ച് അന്നത്തെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആയിരുന്ന എനിക്കെതിരെ വാര്‍ത്തകള്‍ വരുന്ന സാഹചര്യത്തില്‍ അതിനോട് പ്രതികരിക്കാന്‍ വേണ്ടി എന്റെ സുഹൃത്തുക്കള്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ എന്റെ ഇപ്പോഴത്തെ ജോലിയുടെ സ്വഭാവമനുസരിച്ച് അതില്‍ പ്രതികരണം നടത്താന്‍ നിര്‍വാഹമില്ലാത്ത ഒരവസ്ഥയാണ്. എന്നോട് പ്ലീസ് പൊറുക്കുക.
എന്നിരുന്നാലും ഒരു കാര്യം ഞാന്‍ ഉറപ്പിച്ചു പറയുന്നു. കൊവിഡ് മഹാമാരി സമയത്ത് ഒരു പൊതുജനാരോഗ്യ പ്രവര്‍ത്തകന്‍ എന്ന രീതിയില്‍ ആ സാഹചര്യം ആവശ്യപ്പെട്ട എല്ലാ നടപടികളും പൂര്‍ണ്ണമായി ആത്മാര്‍ത്ഥതയോടെ സ്വന്തം നഷ്ടങ്ങള്‍ ഒന്നും വകവെക്കാതെ ഉത്തരവാദിത്വത്തോടെ പൂര്‍ണ്ണമായും നിയമവിധേയമായി ചെയ്യാനും ആ ചരിത്ര നിയോഗത്തില്‍ പങ്കാളിയാവാന്‍ സാധിച്ചു എന്നതിലും പൂര്‍ണ്ണമായിട്ടും അഭിമാനിക്കുന്ന ഒരു വ്യക്തിയാണ് എന്നെ പോലെ തന്നെ എന്റെ ടീമിലെ എല്ലാവരും. അന്വേഷണങ്ങള്‍ നടക്കട്ടെ. അത് പൂര്‍ണ്ണമായും സ്വാഗതം ചെയ്യുന്നു. കൂടുതലൊന്നും പറയുന്നില്ല. ചരിത്രം ദയ കാണിക്കുമെന്നുറപ്പ്'