പണ്ടൊക്കെ ലഹരി മാഫിയയെ ജനങ്ങൾക്ക് പേടിയാണെങ്കിൽ ഓപ്പറേഷൻ തൂഫാൻ വന്നതോ​ടെ ജനങ്ങളെ മാഫിയക്ക് പേടിയാണ് ; ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

പണ്ടൊക്കെ ലഹരി മാഫിയയെ ജനങ്ങൾക്ക് പേടിയാണെങ്കിൽ ഓപ്പറേഷൻ തൂഫാൻ വന്നതോ​ടെ ജനങ്ങളെ മാഫിയക്ക് പേടിയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സംസ്ഥാനത്ത് നിന്ന് ലഹരി മാഫിയകളെ തൂത്തെറിയുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാറും സംസ്ഥാന ആഭ്യന്തര വകുപ്പും കൈകോർത്ത് ആരംഭിച്ച
 

 തിരുവനന്തപുരം: പണ്ടൊക്കെ ലഹരി മാഫിയയെ ജനങ്ങൾക്ക് പേടിയാണെങ്കിൽ ഓപ്പറേഷൻ തൂഫാൻ വന്നതോ​ടെ ജനങ്ങളെ മാഫിയക്ക് പേടിയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സംസ്ഥാനത്ത് നിന്ന് ലഹരി മാഫിയകളെ തൂത്തെറിയുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാറും സംസ്ഥാന ആഭ്യന്തര വകുപ്പും കൈകോർത്ത് ആരംഭിച്ച ഓപറേഷൻ തൂഫാൻ ആരംഭിച്ചിട്ട് ഒരു മാസം പിന്നിടുകയാണ്. യുഡിഎഫ് സർക്കാർ ഏറ്റെടുത്ത ഏറ്റവും നല്ല പരിപാടികളിൽ ഒന്നാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

‘ഈ നാടിനെയും നമ്മുടെ യുവത്വത്തെയും രക്ഷിക്കാനുള്ള പരിപാടിയാണിത്. ഇതിൽ എല്ലാവരും പങ്കാളികളാകുന്നു. രാഷ്ട്രീയമില്ല, പ്രാദേശിക വ്യത്യാസമില്ല, ജാതിമത ചിന്തകൾക്കപ്പുറം എല്ലാവരും ഒരുമിച്ചു ചേരുന്ന മഹാപ്രസ്ഥാനമാണ് ഓപറേഷൻ തൂഫാൻ. നമ്മുടെ ഭാവി തലമുറയെ മയക്കുമരുന്നിൽ നിന്ന് രക്ഷിക്കണം. അവരുടെ ഭാവി കരുപ്പിടിപ്പിച്ചെടുക്കണം. ഞങ്ങൾ ഇത് ആരംഭിച്ചെങ്കിലും ഇപ്പോൾ ജനങ്ങളെല്ലാം അതിന്റെ കൂടെയാണ്. ജനങ്ങളെല്ലാം ഇത് മുന്നോട്ട് കൊണ്ടുപോവുകയാണ്. അതിന്റെ ഏറ്റവും വലിയ പ്രത്യേകത പണ്ടൊക്കെ ലഹരി മാഫിയയെ ജനങ്ങൾക്ക് പേടിയാണെങ്കിൽ ഇപ്പോൾ ജനങ്ങളെ മാഫിയക്ക് പേടിയാണ്’ -അദ്ദേഹം പറഞ്ഞു.

‘കേരള പൊലീസ് വളരെ ശുശ്കാന്തിയോടെ ഈ പ്രവർത്തനം ഏറ്റെടുത്തു. വളരെ വിജയകരമായിട്ടാണ് ഓപറേഷൻ മുന്നോട്ടു പോകുന്നത്. 5500ലധികം ആളുകളെ പൊലീസ് അറസ്റ്റ് ചെയ്തു. 4500ഓളം കേസുകൾ രജിസ്റ്റർ ചെയ്തു. 50ലധികം ആളുകളെ ചികിത്സക്ക് വേണ്ടി ആശുപത്രിയിലാക്കി. 70 കോടിയിലധികം രൂപയുടെ ലഹരി വസ്തുക്കൾ പിടിച്ചെടുത്തു. അങ്ങനെ ഇതൊരു മൂവ്മെന്റ് ആയി മാറുകയാണ്. അമ്മമാരുടെ പിന്തുണ വലുതാണ്. കാരണം കുടുംബത്തിൽ ഉണ്ടാകുന്ന പ്രയാസങ്ങൾ അനുഭവിക്കുന്നത് അമ്മമാരല്ലേ. എത്ര കത്താണ് എനിക്ക് വരുന്നത്. എത്രപേര് ഫോൺ ചെയ്യുന്നു.. എത്രപേര് മെയിൽ അയക്കുന്നു... അവർക്കെല്ലാം ഓപറേഷൻ തൂഫാൻ ഒരു ആശ്വാസമാണ്. ഇപ്പോഴെങ്കിലും ഇത് തുടങ്ങിയല്ലോ, വലിയ മുന്നേറ്റമാണ് എന്നാണ് അവർ പറയുന്നത്. നിങ്ങൾ എല്ലാവരും അതിൽ പങ്കാളികൾ ആകണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു’ -അദ്ദേഹം പറഞ്ഞു.