ലഹരിക്കെതിരെ ശക്തമായ നീക്കവുമായി കേരള പൊലീസ് ; പ്രത്യേക നർകോട്ടിക് കൺട്രോൾ ബ്യൂറോ രൂപീകരിക്കാൻ നീക്കം
തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരിമാഫിയയുടെ വേരറുക്കാൻ കേരള പൊലീസിന്റെ കീഴിൽ പ്രത്യേക നർകോട്ടിക് കൺട്രോൾ ബ്യൂറോ രൂപീകരിക്കാൻ നീക്കം. ഇതുസംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഇന്റലിജൻസ് വിഭാഗം മേധാവി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തിലുള്ള സമിതിയെ ഡിജിപി നിയോഗിച്ചു.
നിലവിൽ ജില്ലകളിലെ നർകോട്ടിക് വിഭാഗത്തിൽ ഒരു ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ മൂന്നോ നാലോ സിവിൽ പൊലീസ് ഉദ്യോഗസ്ഥരാണ് പ്രവർത്തിക്കുന്നത്. എന്നാൽ, ഇവർക്ക് ലഹരിക്കേസുകൾക്കു പുറമെ മറ്റ് ചുമതലകളും നൽകുന്നത് പതിവാണ്. പുതിയ സംവിധാനം നിലവിൽ വന്നാൽ ലഹരിക്കേസുകളുടെ അന്വേഷണത്തിന് മാത്രമായി വിപുലമായ പ്രത്യേക വിഭാഗം രൂപീകരിക്കാനാണ് ആലോചന.
എഡിജിപി, ഐജി, എസ്പി തലങ്ങളിലുള്ള ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന സംവിധാനവും കേസെടുക്കാൻ അധികാരമുള്ള പ്രത്യേക നർകോട്ടിക് പൊലീസ് സ്റ്റേഷനുകളും പരിഗണനയിലുണ്ട്. ഓരോ ലഹരിക്കേസും വിശദമായി അന്വേഷിച്ച് ലഹരിയുടെ ഉറവിടവും വിതരണശൃംഖലയും കണ്ടെത്തിയാൽ മാത്രമേ മാഫിയയുടെ വേരറുക്കാനാകൂവെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.
ലഹരിക്കേസുകൾ മാത്രം അന്വേഷിക്കുന്ന പ്രത്യേക ഡിവിഷൻ വേണമെന്ന നിർദേശം നേരത്തെയും ഉയർന്നിരുന്നു. ലഹരിക്കെതിരെ പ്രസിദ്ധീകരിച്ച പരമ്പരയിൽ മലയാള മനോരമയും സമാനമായ നിർദേശങ്ങൾ മുന്നോട്ടുവച്ചിരുന്നു.
അതേസമയം, സംസ്ഥാനത്ത് ലഹരി വിൽപനയ്ക്കും ഉപയോഗത്തിനും സാധ്യതയുള്ള 138 ഹോട്ട്സ്പോട്ടുകൾ എക്സൈസ് വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപമുള്ള കാടുപിടിച്ച പ്രദേശങ്ങളാണ് പ്രധാനമായും പട്ടികയിലുള്ളത്.
ഇത്തരം പ്രദേശങ്ങൾ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വൃത്തിയാക്കി സൗന്ദര്യവൽക്കരിച്ച് ജനങ്ങൾക്ക് ഉപയോഗപ്രദമായ വിശ്രമ–വിനോദ കേന്ദ്രങ്ങളാക്കി മാറ്റാനാണ് തീരുമാനം. പ്രദേശങ്ങളിൽ സ്ഥിരമായി ആളുകളുടെ സാന്നിധ്യം ഉറപ്പാക്കുന്നതിലൂടെ ലഹരി സംഘങ്ങളുടെ പ്രവർത്തനം തടയാനാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.