അമൃതപുരി ക്യാമ്പസിൽ ഡ്രോൺ പൈലറ്റ് പരിശീലന കേന്ദ്രം ; എൻസിസിയും അമൃത വിശ്വവിദ്യാപീഠവും കൈകോർക്കുന്നു
വിദ്യാർത്ഥികൾക്ക് ആധുനിക ഡ്രോൺ പൈലറ്റിംഗ് സാങ്കേതികവിദ്യയിൽ പരിശീലനം നൽകുന്നതിനായി അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാമ്പസിൽ റിമോട്ട് പൈലറ്റ് ട്രെയിനിംഗ് ഓർഗനൈസേഷൻ (ആർ പി ടി ഓ) ആരംഭിക്കാൻ പദ്ധതിയായി. അമൃതപുരി ക്യാമ്പസിൽ നടന്ന ചടങ്ങിൽ കേരള- ലക്ഷദ്വീപ് എൻ സി സി ഡയറക്ടറേറ്റും അമൃത വിശ്വവിദ്യാപീഠവും ഇത് സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവെച്ചു.
കൊല്ലം: വിദ്യാർത്ഥികൾക്ക് ആധുനിക ഡ്രോൺ പൈലറ്റിംഗ് സാങ്കേതികവിദ്യയിൽ പരിശീലനം നൽകുന്നതിനായി അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാമ്പസിൽ റിമോട്ട് പൈലറ്റ് ട്രെയിനിംഗ് ഓർഗനൈസേഷൻ (ആർ പി ടി ഓ) ആരംഭിക്കാൻ പദ്ധതിയായി. അമൃതപുരി ക്യാമ്പസിൽ നടന്ന ചടങ്ങിൽ കേരള- ലക്ഷദ്വീപ് എൻ സി സി ഡയറക്ടറേറ്റും അമൃത വിശ്വവിദ്യാപീഠവും ഇത് സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവെച്ചു. 10 കെ ബറ്റാലിയൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ലഫ്. കേണൽ എസ് ജതീഷ് കുമാർ സ്വാഗതം ആശംസിച്ച ചടങ്ങിൽ എൻ സി സി കൊല്ലം ഗ്രൂപ്പ് ഹെഡ്ക്വാർട്ടേഴ്സ് കമാൻഡർ ബ്രിഗേഡിയർ കെ ലോകനാഥൻ, സ്കൂൾ ഓഫ് ഫിസിക്കൽ സയൻസസ് പ്രിൻസിപ്പൽ ഡോ. എം നിതീഷ് എന്നിവർ ധാരണാപത്രം കൈമാറി.
ആധുനിക പ്രതിരോധ, വ്യോമയാന മേഖലകളിൽ ഡ്രോൺ സാങ്കേതികവിദ്യയുടെ പ്രാധാന്യം വലുതാണെന്നും, ഈ പരിശീലന കേന്ദ്രം കേഡറ്റുകൾക്കും വിദ്യാർത്ഥികൾക്കും മികച്ച തൊഴിലവസരങ്ങൾ നൽകുമെന്നും മുഖ്യപ്രഭാഷണം നടത്തിയ ബ്രിഗേഡിയർ കെ. ലോകനാഥൻ പറഞ്ഞു. ചടങ്ങിൽ കമന്റിങ് ഓഫീസർ വി അൽഫോൺസ്, റിമോട്ട് പൈലറ്റ് ഇൻസ്ട്രക്ടർ പി ജീന, മിത്ര സ്റ്റുഡന്റ് ആക്ടിവിറ്റി സെന്റർ എക്സിക്യൂട്ടീവ് സെക്രട്ടറി ബ്രഹ്മചാരി ശിവാനന്ദൻ, എൻ സി സി ഓഫീസർ ഡോ. പി ആർ പത്മകുമാർ തുടങ്ങിയവരും സർവകലാശാല പ്രതിനിധികളും പങ്കെടുത്തു.