ദ്രാവിഡ ഭാഷാ പുരസ്കാരം ഡോ. ആര്യ ഗോപിക്ക്
ലോകത്തിലാദ്യമായി ഗ്രന്ഥ പ്രതിഷ്ഠ നടത്തിയ ചെറുപുഴ കക്കോടുള്ള ചെറുശ്ശേരി ഗ്രാമത്തിലെ നവപുരം മതാതീത ദേവാലയം സാഹിത്യത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച എഴുത്തുകാർക്ക് നൽകിവരുന്ന ദ്രാവിഡ ഭാഷാ പുരസ്കാരം -2026 ന് (മലയാളം) കവയത്രിയും എഴുത്തുകാരിയുമായ ഡോ: ആര്യ ഗോപി അർഹയായി.
കണ്ണൂർ: ലോകത്തിലാദ്യമായി ഗ്രന്ഥ പ്രതിഷ്ഠ നടത്തിയ ചെറുപുഴ കക്കോടുള്ള ചെറുശ്ശേരി ഗ്രാമത്തിലെ നവപുരം മതാതീത ദേവാലയം സാഹിത്യത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച എഴുത്തുകാർക്ക് നൽകിവരുന്ന ദ്രാവിഡ ഭാഷാ പുരസ്കാരം -2026 ന് (മലയാളം) കവയത്രിയും എഴുത്തുകാരിയുമായ ഡോ: ആര്യ ഗോപി അർഹയായി.
ഇംഗ്ലീഷിലും മലയാളത്തിലും ഒട്ടനവധി കവിതകളും കഥകളും പ്രബന്ധങ്ങളും എഴുതി പ്രസിദ്ധീകരിച്ചിട്ടുള്ള ഡോ: ആര്യ ഗോപി കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ അസോസിയേറ്റ് പ്രൊഫസറും (ഇംഗ്ലീഷ്), വകുപ്പ് തല മേധാവിയുമാണ്. സാഹിത്യത്തിൽ ദേശീയ തലത്തിലും അന്തർദേശീയ തലത്തിലും ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുള്ള ഈ എഴുത്തുകാരി ഇതിനോടകം തന്നെ കക്കാട് അവാർഡ്, കുട്ടമത്ത് അവാർഡ്, ചെറുശ്ശേരി പുരസ്കാരം, അങ്കണം അവാർഡ്, കടമ്മനിട്ട സ്മാരക അവാർഡ്, കേരള സാഹിത്യ അക്കാദമി കനകശ്രീ അവാർഡ്, വൈലോപ്പിള്ളി അവാർഡ്, വയലാർ രാമവർമ്മ അവാർഡ്, ഓ.എൻ.വി. കൾച്ചറൽ അക്കാദമി നാഷണൽ യുവപ്രതിഭ അവാർഡ്, ആശാൻ പുരസ്കാരം, തുടങ്ങി അമ്പതോളം പുരസ്കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. സാഹിത്യ അക്കാദമി ഇൻറർനാഷണൽ ഫെസ്റ്റിവൽ ഓഫ് ലെറ്റേഴ്സിൽ മലയാളത്തെ പ്രതിനിധീകരിച്ച് ഇംഫാൽ, സിംല, ന്യൂഡൽഹി എന്നിവിടങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.
കൂടാതെ ഇവരുടെ കൃതികൾ ഫ്രഞ്ച്, ജർമൻ , ഹിന്ദി, കന്നട, ബംഗാളി, ഇംഗ്ലീഷ് ഭാഷകളിൽ മൊഴിമാറ്റം ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. മാലാഖ മത്സ്യം, ജീവൻ്റെ വാക്കുകൾ, അവസാനത്തെ മനുഷ്യൻ, ഉരിയാടും കാലത്തെ പെണ്ണുങ്ങൾ, കണ്ണാടിയിലെ ദൈവം, എന്നിവ പ്രസിദ്ധീകൃതമായ കൃതികളിൽ ഏതാനും ചിലത് മാത്രം. കവിയും തിരക്കഥാകൃത്തുമായ പി കെ ഗോപിയുടെയും കോമളത്തിന്റെയും മകളായ ആര്യയുടെ ഭർത്താവ് ബിസിനസുകാരനായ ജോബി ജോസഫ്. മകൻ ജഹാൻ.