പയ്യന്നൂരില്‍ സഹകരണ വാരാഘോഷ പരിപാടിക്കിടെ നാടകീയ സംഭവം; വി കുഞ്ഞികൃഷ്ണന്റെ പ്രസംഗം സിപിഎം പ്രവര്‍ത്തകര്‍ തടസപ്പെടുത്തി

എട്ട് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പേര്‍സണല്‍ സ്റ്റാഫിനെ മര്‍ദിച്ചതിലും പരിപാടി അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചതിലുമാണ് കേസ്.

 

എംഎല്‍എയുടെ പേര്‍സണല്‍ സ്റ്റാഫ് അംഗമായ പി പ്രസന്നനെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതിയുയര്‍ന്നു.

പയ്യന്നൂരില്‍ സഹകരണ വരാഘോഷ പരിപാടിക്കിടെ വി കുഞ്ഞിക്കൃഷ്ണന്‍ എംഎല്‍എയുടെ പ്രസംഗം തടസ്സപ്പെടുത്തി സിപിഎം പ്രവര്‍ത്തകര്‍. സഹകരണ മേഖലയിലെ ക്രമക്കേടുകള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ കുഞ്ഞിക്കൃഷ്ണന്‍ പരാമര്‍ശിച്ചതിന് പിന്നാലെയാണ് സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധം തുടങ്ങിയത്. എംഎല്‍എയുടെ പേര്‍സണല്‍ സ്റ്റാഫ് അംഗമായ പി പ്രസന്നനെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതിയുയര്‍ന്നു. പിന്നാലെ എട്ട് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പേര്‍സണല്‍ സ്റ്റാഫിനെ മര്‍ദിച്ചതിലും പരിപാടി അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചതിലുമാണ് കേസ്.


പയ്യന്നൂരില്‍ നടന്ന തളിപ്പറമ്പ് സര്‍ക്കിള്‍ സഹകരണ വരാഘോഷ പരിപാടിക്കിടയിലാണ് നാടകീയ സംഭവങ്ങള്‍ ഉണ്ടായത്. പരിപാടിയില്‍ വി കുഞ്ഞികൃഷ്ണന്‍ എംഎല്‍എയെ ഒഴിവാക്കി പയ്യന്നൂര്‍ നഗരസഭ അധ്യക്ഷന്‍ സരിന്‍ ശശിയെ ഉദ്ഘാടകനാക്കിയത് നേരത്തെ വിവാദമായിരുന്നു. സഹകരണ വകുപ്പ് ഇടപെട്ടതോടെ കുഞ്ഞികൃഷ്ണനെ തന്നെ ഉദ്ഘാടകനാക്കി. ഉദ്ഘാടന പ്രസംഗത്തില്‍ കുഞ്ഞികൃഷ്ണന്‍ ഇക്കാര്യങ്ങളെല്ലാം പരാമര്‍ശിച്ചു. സഹകരണ മേഖലയിലെ വിഷയങ്ങള്‍ കൂടി ഉയര്‍ത്തി പ്രസംഗം മുന്നോട്ട് പോകുന്നതിനിടയിലാണ് സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി വേദിക്കടുത്തേക്ക് എത്തിയത്. തുടര്‍ന്ന് പ്രസംഗം തടസപ്പെട്ടു.

ഇതിനിടയിലാണ് കുഞ്ഞികൃഷ്ണന്റെ പേര്‍സണല്‍ സ്റ്റാഫ് അംഗമായ പി പ്രസന്നനെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി ആരോപണമുയര്‍ന്നത്. പ്രസംഗം പൂര്‍ത്തിയാക്കിയ ശേഷം കുഞ്ഞികൃഷ്ണന്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ക്കൊപ്പം വേദിക്ക് പുറത്ത് കുത്തിയിരുന്നു പ്രതിഷേധിച്ചു.