ഇടുക്കി പീരുമേട്ടില്‍ ഇരട്ടക്കൊലപാതകം; ഭാര്യയെയും ഭാര്യാമാതാവിനെയും യുവാവ് വെട്ടിക്കൊന്നു
ഇടുക്കി പീരുമേട്ടില്‍ ഇരട്ടക്കൊലപാതകം; ഭാര്യയെയും ഭാര്യാമാതാവിനെയും യുവാവ് വെട്ടിക്കൊന്നു
കസ്റ്റഡിയിലെടുത്ത പ്രതിയെ പൊലീസ് ചോദ്യംചെയ്തുവരികയാണ്.
പിതാവിനും വെട്ടേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പീരുമേട് ഗ്ലെന്‍മേരി എസ്റ്റേറ്റിലെ ഇരട്ടക്കൊലപാതകത്തില്‍ പ്രതി പിടിയില്‍. പീരുമേട് സ്വദേശി പ്രിന്‍സിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഭാര്യ പ്രിയങ്ക, ഭാര്യയുടെ മാതാവ് വസന്ത എന്ന നേശം എന്നിവരെയാണ് പ്രിന്‍സ് വെട്ടിക്കൊലപ്പെടുത്തിയത്. പ്രിയങ്കയുടെ പിതാവിനും വെട്ടേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാത്രി എട്ടുമണിയോടെ പ്രിയങ്കയുടെ വീട്ടില്‍വെച്ചായിരുന്നു ക്രൂരത. പ്രിന്‍സും പ്രിയങ്കയും തമ്മില്‍ ഏറെനാളായി കുടുംബപ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇടയ്ക്കിടെ ഇവര്‍ തമ്മില്‍ വഴക്കും പതിവായിരുന്നു. ബുധനാഴ്ച രാത്രി മദ്യപിച്ചെത്തിയ പ്രിന്‍സ് ആദ്യം ഭാര്യാമാതാവുമായാണ് വഴക്കിട്ടത്. തുടര്‍ന്ന് ഭാര്യാമാതാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഇതിനുപിന്നാലെ വീടിന് പുറത്തിറങ്ങിയപ്പോഴാണ് കടയിലെ ജീവനക്കാരിയായ പ്രിയങ്ക ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നത് കണ്ടത്. പിന്നാലെ പ്രിയങ്കയെയും ഇയാള്‍ വഴിയിലിട്ട് വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരും സംഭവസ്ഥലത്തുവെച്ച് തന്നെ മരണപ്പെട്ടു. വഴക്കിനിടെ പ്രിയങ്കയുടെ പിതാവിനെയും പ്രതി വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. ഇദ്ദേഹത്തെ ആദ്യം പീരുമേട് താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കസ്റ്റഡിയിലെടുത്ത പ്രതിയെ പൊലീസ് ചോദ്യംചെയ്തുവരികയാണ്.