മേയര് കസേര കിട്ടാത്തതിലുള്ള നിരാശ മറച്ചുവെയ്ക്കാന് രാഹുല് ഗാന്ധിക്ക് നേരെ തിരിയേണ്ട: ശ്രീലേഖക്കെതിരെ റോജി എം ജോണ്
മേയര് കസേര കിട്ടാത്തതിലുള്ള നിരാശ മറച്ചുവെയ്ക്കാന് രാഹുല് ഗാന്ധിക്ക് നേരെ തിരിയേണ്ട: ശ്രീലേഖക്കെതിരെ റോജി എം ജോണ്
രാജ്യത്തിന്റെ ഭരണഘടനയും ഉയര്ത്തിപ്പിടിച്ച് ഇങ്ങ് തെക്ക് കന്യാകുമാരി മുതല് അങ്ങ് വടക്ക് കശ്മീര് വരെ രാഹുല് ഗാന്ധി നടന്നുതീര്ത്ത ദൂരത്തേക്കുറിച്ച് ആലോചിച്ചാല് തന്നെ ശ്രീലേഖ മാഡത്തിന് വിശ്രമിക്കേണ്ടി വരും
ശ്രീലേഖ മാഡം രാഹുല് ഗാന്ധിക്ക് മാര്ക്കിടാന് ആയിട്ടില്ല
രാഹുല് ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്ശം നടത്തിയ ബിജെപി നേതാവ് ആര് ശ്രീലേഖയെ വിമര്ശിച്ച് മന്ത്രി റോജി എം ജോണ്. മേയര് കസേര കിട്ടാത്തതിലുള്ള നിരാശയും കൗണ്സിലര് സ്ഥാനം രാജിയുമായി ബന്ധപ്പെട്ട് ഉണ്ടായ നാണക്കേടും മറച്ചുവെയ്ക്കാന് ആര് ശ്രീലേഖ രാഹുല് ഗാന്ധിയുടെ നേരെ തിരിയേണ്ടതില്ലെന്നാണ് മന്ത്രി റോജി എം ജോണിന്റെ വിമര്ശനം. സംഘപരിവാര് നേതൃത്വത്തെ സുഖിപ്പിക്കാനും അല്പം മാധ്യമശ്രദ്ധ പിടിച്ചുപറ്റാനും വേണ്ടി സംസ്കാരശൂന്യമായ വിദ്വേഷം വമിപ്പിക്കുന്നത് സ്വയം അപഹാസ്യയാകാനെ ഉപകരിക്കൂവെന്നും ഫേസ്ബുക്കില് പങ്കുവെച്ച കുറിപ്പില് ശ്രീലേഖ വ്യക്തമാക്കി.
'രാജ്യത്തിന്റെ ജനാധിപത്യത്തിനും ഭരണഘടനാ മൂല്യങ്ങള്ക്കും വേണ്ടി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി തെരുവില് നടത്തുന്ന വിട്ടുവീഴ്ചയില്ലാത്ത പോരാട്ടങ്ങളെ മയക്കുമരുന്ന് ലഹരിയിലെ താണ്ഡവമെന്നാണ് മുന് ഡിജിപി വിശേഷിപ്പിക്കുന്നത്. ശിവഭഗവാന്റെ താണ്ഡവത്തെ മയക്കുമരുന്നിന്റെ വെപ്രാളവുമായി കൂട്ടിയിണക്കി സംസാരിക്കാന് നരേന്ദ്ര മോദിയുടെ സ്വയം പ്രഖ്യാപിത അന്ധഭക്തക്ക് കഴിയുന്നത് എങ്ങിനെയാണ്? ഹൈന്ദവ വിശ്വാസങ്ങളെയും ഭക്തിയെയും രാഷ്ട്രീയ ലാഭത്തിനായി വളച്ചൊടിക്കുകയും, പവിത്രമായ ആത്മീയ സങ്കല്പങ്ങളെ മയക്കുമരുന്ന് ലഹരിയുമായി സമീകരിച്ച് ഹിന്ദുവിശ്വാസത്തെയും ഭക്തജനങ്ങളെയും നിന്ദിക്കുകയുമാണെന്നും' റോജി എം ജോണ് കുറ്റപ്പെടുത്തി.
'റിട്ടയര്മെന്റ് കാലം ആഘോഷമാക്കാന് മേയര് കുപ്പായത്തിന്റെ പളപളപ്പ് മോഹിച്ച് മാത്രം പൊതുപ്രവര്ത്തനത്തിന് ഇറങ്ങിയ ഒടുവില് ഇച്ഛാഭംഗം മൂത്ത് 'DGP ആയിരുന്ന ആളെ കോണ്സ്റ്റബിളിന്റെ പണി എടുക്കാന് നിര്ബന്ധിക്കുന്നു'' എന്ന് പറഞ്ഞ് കൗണ്സിലര് പദവിയില് നിന്ന് രാജിക്കൊരുമ്പെട്ട ശ്രീലേഖ മാഡം രാഹുല് ഗാന്ധിക്ക് മാര്ക്കിടാന് ആയിട്ടില്ല. രാജ്യത്തിന്റെ ഭരണഘടനയും ഉയര്ത്തിപ്പിടിച്ച് ഇങ്ങ് തെക്ക് കന്യാകുമാരി മുതല് അങ്ങ് വടക്ക് കശ്മീര് വരെ രാഹുല് ഗാന്ധി നടന്നുതീര്ത്ത ദൂരത്തേക്കുറിച്ച് ആലോചിച്ചാല് തന്നെ ശ്രീലേഖ മാഡത്തിന് വിശ്രമിക്കേണ്ടി വരും . ഇപ്പോള് മാഡത്തിന് ചെയ്യാന് കഴിയുന്ന സഭ്യമായ കാര്യം അപക്വമായ പ്രസ്താവന പിന്വലിച്ച് പൊതുസമൂഹത്തോട് മാപ്പുപറയുക' എന്നുള്ളതാണെന്നും ഫേസ്ബുക്ക് കുറിപ്പില് റോജി എം ജോണ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്.