'ക്ഷേത്രത്തില്‍ കയറി എന്തും കാണിക്കാമെന്ന് കരുതേണ്ട, വല്ലാണ്ട് കളിക്കാന്‍ നില്‍ക്കേണ്ട '; ആര്‍എസ്എസിനെതിരേ സിപിഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്

പൊലീസ് ആര്‍എസ്എസിന് ഒത്താശചെയ്യുകയാണെന്നും സിപിഎം ജില്ലാ സെക്രട്ടറി പ്രസംഗത്തില്‍ ആരോപിച്ചു.

 

ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രക്ക് പോകുന്ന കുട്ടികള്‍ പിന്നെ ശാഖയില്‍ പോകാന്‍ തുടങ്ങും. അവരുടെ സ്വഭാവം മാറും, ചുവന്ന കൊടി നശിപ്പിക്കാന്‍ തോന്നും. കൃഷ്ണനാകാന്‍ പോകുന്നവരെ ആര്‍എസ്എസ് കംസനാക്കും

ആര്‍എസ്എസിനെതിരേ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. ആര്‍എസ്എസ് ആണെന്ന് പറഞ്ഞ് ക്ഷേത്രത്തില്‍ കയറി എന്തും കാണിക്കാമെന്ന് കരുതേണ്ടെന്നും കള്ള് കുടിക്കുന്നവരുടെയും കഞ്ചാവ് അടിക്കുന്നവരുടെയും ഇടമല്ല ക്ഷേത്രമെന്നും കെ കെ രാഗേഷ് പറഞ്ഞു. കണ്ണൂര്‍ വേങ്ങാട് നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിലായിരുന്നു സിപിഎം ജില്ലാ സെക്രട്ടറി ആര്‍എസ്എസിനെതിരെ പരാമര്‍ശങ്ങള്‍ നടത്തിയത്.


ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രക്ക് പോകുന്ന കുട്ടികള്‍ പിന്നെ ശാഖയില്‍ പോകാന്‍ തുടങ്ങും. അവരുടെ സ്വഭാവം മാറും, ചുവന്ന കൊടി നശിപ്പിക്കാന്‍ തോന്നും. കൃഷ്ണനാകാന്‍ പോകുന്നവരെ ആര്‍എസ്എസ് കംസനാക്കും. ആര്‍എസ്എസ് വല്ലാണ്ട് കളിക്കാന്‍ നില്‍ക്കേണ്ടെന്നും രാഗേഷ് പറഞ്ഞു.

പൊലീസ് ആര്‍എസ്എസിന് ഒത്താശചെയ്യുകയാണെന്നും സിപിഎം ജില്ലാ സെക്രട്ടറി പ്രസംഗത്തില്‍ ആരോപിച്ചു. ആയുധവുമായി സംഘടിക്കുന്ന ആര്‍എസ്എസിനെ പോലീസ് നീക്കുന്നില്ല. പകരം സിപിഎം പ്രതിഷേധത്തിന് മൈക്ക് പെര്‍മിഷന്‍ നിഷേധിക്കുന്നു. ലാത്തിയും തോക്കും വലിച്ചെറിഞ്ഞ് പൊലീസ് വേറെ വല്ല പണിക്കും പോകുന്നതാണ് നല്ലത്. പോലീസ് പോലീസിന്റെ പണിയെടുക്കണം.ഞങ്ങളെ ആക്രമിക്കാന്‍ വന്നാല്‍ പാല്‍ കുടിച്ചിട്ട് പൊയ്‌ക്കോ ആര്‍എസ്എസ്സേ എന്ന് ഞങ്ങള്‍ പറയില്ലെന്നും കെ കെ രാ?ഗേഷ് പറഞ്ഞു.