'ജനവിധിയെ അപഹസിക്കരുത്'; മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ വൈകുന്നത് ജനങ്ങളോടുള്ള പരിഹാസവും വെല്ലുവിളിയും ; സമസ്ത
കോണ്‍ഗ്രസില്‍ ഇങ്ങനെയാണ് കാര്യങ്ങള്‍ എന്ന സാമാന്യവല്‍ക്കരണം ന്യായീകരിക്കാനാവുന്നതല്ല.
ജനവിധി ഉള്‍കൊണ്ട് ഭരണഘടനാപരമായ ഉത്തരവാദിത്വത്തിലേക്ക് കടക്കുന്നതിന് പകരം നിഴലാട്ടങ്ങളില്‍ അഭിരമിക്കുകയാണ് കോണ്‍ഗ്രസ്
മുഖ്യമന്ത്രി പദം സംബന്ധിച്ച് കോണ്‍ഗ്രസിലെ നീളുന്ന ചര്‍ച്ചകളില്‍ രൂക്ഷ വിമര്‍ശനവുമായി സമസ്ത. മുഖപത്രമായ സുപ്രഭാതത്തില്‍ 'ജനവിധിയെ അപഹസിക്കരുത്' എന്ന തലക്കെട്ടിലെ എഡിറ്റോറിയലിലാണ് വിമര്‍ശനം. ജയിപ്പിച്ച ജനങ്ങളോട് പ്രതിബദ്ധതയില്ലാത്ത സമീപനം സ്വീകരിക്കുന്നതില്‍ കോണ്‍ഗ്രസും പിന്നിലെന്നാണ് ഈ ദിവസങ്ങളിലെ വര്‍ത്തമാനങ്ങള്‍ ബോധ്യപ്പെടുത്തുന്നതെന്ന് എഡിറ്റോറിയല്‍ വിമര്‍ശിച്ചു.
ജനവിധി ഉള്‍കൊണ്ട് ഭരണഘടനാപരമായ ഉത്തരവാദിത്വത്തിലേക്ക് കടക്കുന്നതിന് പകരം നിഴലാട്ടങ്ങളില്‍ അഭിരമിക്കുകയാണ് കോണ്‍ഗ്രസ്. ജനം തെരഞ്ഞെടുത്ത 102 എംഎല്‍എമാര്‍ക്കോ അവരെ നയിക്കുന്ന മുന്നണിക്കോ ഒരു നേതാവിനെ തെരഞ്ഞെടുക്കാന്‍ കഴിയാതെ പോകുന്നത് കൊള്ളരുതായ്മയാണ്. തീരുമാനത്തിലേക്ക് എത്താനുള്ള കാലതാമസം സൃഷ്ടിക്കുന്ന തര്‍ക്കങ്ങളും വിവാദങ്ങളും ജനങ്ങളോടും പരിഹാസവും വെല്ലുവിളിയും ആണെന്നും സമസ്ത രൂക്ഷ ഭാഷയില്‍ വിമര്‍ശിക്കുന്നു.
കോണ്‍ഗ്രസില്‍ ഇങ്ങനെയാണ് കാര്യങ്ങള്‍ എന്ന സാമാന്യവല്‍ക്കരണം ന്യായീകരിക്കാനാവുന്നതല്ല. കേരളത്തില്‍ യുഡിഎഫിന് ചരിത്രവിജയം ലഭിച്ചത് അവരുടെ സംഘടനാശേഷികൊണ്ടും സ്വാധീനം കൊണ്ടും മാത്രമല്ലെന്ന് മറ്റാരേക്കാള്‍ അവര്‍ക്കറിയാം. ജനങ്ങള്‍ അന്ധഭക്തരോ അടിമകളോ ഉദാസീനരോ ആണെന്ന് ധരിക്കുന്നത് അവിവേകം മാത്രമല്ല, സ്വയം കുഴിതോണ്ടലാണെന്നും എഡിറ്റോറിയല്‍ കുറ്റപ്പെടുത്തി.
സഹികെട്ട് ഭരണമാറ്റത്തിന് വോട്ടുചെയ്തവരെ കോണ്‍ഗ്രസ് പരിഹസിക്കരുത്. മുഖ്യമന്ത്രി പദത്തെ ചൊല്ലി പാര്‍ട്ടിക്കുള്ളില്‍ നടക്കുന്ന വടംവലികളും പുറമെ നടക്കുന്ന ചേരിതിരിഞ്ഞുള്ള ശക്തിപ്രകടനങ്ങളും ജനങ്ങളോടുള്ള മര്യാദയില്ലായ്മയാണ്. ജയിപ്പിച്ചുവിട്ടവരോട് അല്‍പ്പമെങ്കിലും കൂറുവും ബഹുമാനവും ഉത്തരവാദിത്വവും ഉണ്ടായിരുന്നെങ്കില്‍ കോണ്‍ഗ്രസ് ഈ വിധത്തിലുള്ള അന്തര്‍നാടകങ്ങള്‍ക്ക് അരങ്ങൊരുക്കില്ലായിരുന്നുവെന്നും സമസ്ത ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ കക്ഷിനേതാവിനെ തെരഞ്ഞെടുക്കണമെന്ന് ആരും ആവശ്യപ്പെടുന്നില്ല. എന്നാല്‍ ഒരാഴ്ച പിന്നിട്ടിട്ടും മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കം കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നത് തങ്ങളുടെ കഴിവില്ലായ്മയാണെന്ന് സമ്മതിക്കേണ്ടതുണ്ട്. കാര്യങ്ങള്‍ നേതാക്കളെ ബോധ്യപ്പെടുത്താന്‍ കഴിയാത്ത നേതൃത്വമാണോ അതല്ലെങ്കില്‍ നേതൃത്വത്തിന് വഴിപ്പെടാത്ത നേതാക്കളാണോ കോണ്‍ഗ്രസിന്റെ പ്രതിസന്ധിയെന്ന് ആഴത്തില്‍ പാര്‍ട്ടി പരിശോധിക്കേണ്ടതുണ്ട്. കരുത്തുകൂട്ടി രാജ്യത്തിന്റെ കാവലാകുന്നതിന് പകരം അധികാര പദവിയെ ചൊല്ലി തെരുവില്‍ കലഹിക്കുന്നത് സ്വയം നശിപ്പിക്കല്‍ മാത്രമല്ല, വര്‍ഗീയ വിദ്വേഷ ശക്തികളെ വളര്‍ത്തല്‍ കൂടിയാണെന്നും സമസ്ത വിമര്‍ശിച്ചു.