പുതിയ നയം വരുന്നത് വരെ ബാര്‍ ലൈസന്‍സ് നല്‍കരുത് ; ഉത്തരവുമായി എക്‌സൈസ് വകുപ്പ്

പുതിയ നയം വന്നതിന് ശേഷമേ ലൈസന്‍സ് നല്‍കാവൂവെന്ന് നിര്‍ദ്ദേശിച്ചിരുന്നതായി എക്‌സൈസ് മന്ത്രി എം ലിജുവും വ്യക്തമാക്കിയിരുന്നുവെങ്കിലും രേഖ മൂലം നിര്‍ദ്ദേശിച്ചിരുന്നില്ല.

 

ലൈസന്‍സുകള്‍ അനുവദിക്കുന്നത് എക്‌സൈസ് കമ്മീഷറുടെ സ്ഥാനമാറ്റത്തിനും രണ്ട് ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷനിലേക്കും എത്തിയിരുന്നു.

യുഡിഎഫ് സര്‍ക്കാരിന്റെ പുതിയ മദ്യനയം പ്രഖ്യാപിക്കും വരെ ബാറുകള്‍ക്ക് പുതിയ ലൈസന്‍സ് നല്‍കരുതെന്ന് ഉത്തരവിറക്കി എക്‌സൈസ് വകുപ്പ്. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമാണ് എക്‌സൈസ് കമ്മീഷണറുടെ ചുമതല വഹിക്കുന്ന അഡി. എക്‌സൈസ് കമ്മീഷണര്‍ സര്‍ക്കുലര്‍ നല്‍കിയത്.

ലൈസന്‍സുകള്‍ അനുവദിക്കുന്നത് എക്‌സൈസ് കമ്മീഷറുടെ സ്ഥാനമാറ്റത്തിനും രണ്ട് ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷനിലേക്കും എത്തിയിരുന്നു. നിലവിലുള്ള ചട്ടപ്രകാരമാണ് ഉദ്യോഗസ്ഥര്‍ ബാറിന് ലൈസന്‍സ് നല്‍കിയതെന്നാണ് പുറത്താക്കപ്പെട്ട എക്‌സൈസ് കമ്മീഷണര്‍ സീറാം സാമ്പശിവറാവു വ്യക്തമാക്കിയത്. 

സസ്‌പെന്റ് ചെയ്ത രണ്ട് ഡെപ്യൂട്ടി കമ്മീഷണര്‍മാരുടെ വാദവും ഇതാണ്. പുതിയ നയം വന്നതിന് ശേഷമേ ലൈസന്‍സ് നല്‍കാവൂവെന്ന് നിര്‍ദ്ദേശിച്ചിരുന്നതായി എക്‌സൈസ് മന്ത്രി എം ലിജുവും വ്യക്തമാക്കിയിരുന്നുവെങ്കിലും രേഖ മൂലം നിര്‍ദ്ദേശിച്ചിരുന്നില്ല. വിവാദത്തിന് പിന്നാലെ പുതിയ ലൈസന്‍സിന് അപേക്ഷ വന്നപ്പോള്‍ നയത്തിന് ശേഷം മതിയെന്ന് അന്നത്തെ നികുതി വകുപ്പിന്റെ ചുമതല ഉണ്ടായിരുന്ന അഡീ. ചീഫ് സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ അറിയിച്ചു. മാത്രമല്ല ഹൈക്കോടതിയില്‍ നയം ഉടന്‍ രൂപീകരിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. നീട്ടിക്കൊണ്ട് പോകാനാകില്ലെന്നും ഈ മാസം മുപ്പതിനകം നയം വരണമെന്നാണ് കോടതി നിര്‍ദ്ദേശം. നിലവില്‍ ഇരുപത്തിയൊന്നിലധികം അപേക്ഷകള്‍ സര്‍ക്കാരിന് മുന്നിലുണ്ട്. കൃത്യമായ ഉത്തരവ് നല്‍കാതെ ഉദ്യോഗസ്ഥരെ ബലിയാടാക്കുന്നുവെന്ന് പ്രതിപക്ഷവും ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സര്‍ക്കുലര്‍.