ഡ്യൂട്ടി കഴിഞ്ഞ് പോകുന്ന ഡോക്ടര്‍മാരെ അറിയാതെ കൊലപാതകികളാക്കരുതെന്ന മുന്നറിയിപ്പുമായി ഡോ. സുല്‍ഫി നൂഹു
72 മണിക്കൂര്‍ നീണ്ടുനിന്ന ഡ്യൂട്ടി. വളരെ ലൈറ്റായ ഡ്യൂട്ടിയൊന്നുമല്ല മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോളജി വിഭാഗത്തിലെ ഡ്യൂട്ടിയാണ്.
ഡ്യൂട്ടി കഴിഞ്ഞു പോയി അപകടത്തില്‍പ്പെട്ട് ജീവന്‍ നഷ്ടപ്പെട്ട ഡോക്ടര്‍മാരുടെ കഥകളും വിരളമല്ല
ഡ്യൂട്ടി കഴിഞ്ഞ് പോകുന്ന ഡോക്ടര്‍മാരെ അറിയാതെ കൊലപാതകികളാക്കരുതെന്ന മുന്നറിയിപ്പുമായി സര്‍ജനും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ മുന്‍ സംസ്ഥാന പ്രസിഡന്റുമാണ് ഡോ. സുല്‍ഫി നൂഹു. വിശ്രമം ഇല്ലാതെ തുടര്‍ച്ചയായി 72 മണിക്കൂര്‍ വരുന്ന ഡ്യൂട്ടി പിജി ഡോക്ടര്‍മാരെ എങ്ങനെ ബാധിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഡോക്ടേഴ്‌സ് ദിനത്തിലെ ഡോ. സുല്‍ഫി നൂഹുവിന്റെ കുറിപ്പ്.
ജൂലൈ 1 ഡോക്ടര്‍സ് ഡേ!
ഈ ദിവസം അറിയാതെ കൊലപാതകിയായി പോകുന്ന ഒരു കഥ പറയാതെ വയ്യ.
ഇതൊരു തുടര്‍ക്കഥയാണ് ദശാബ്ദങ്ങളായി തുടരുന്നു.
കൊല്ലിക്കരുത് ,കൊലപാതകി ആക്കരുത്.
72 മണിക്കൂര്‍ നീണ്ടുനിന്ന ഡ്യൂട്ടി. വളരെ ലൈറ്റായ ഡ്യൂട്ടിയൊന്നുമല്ല മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോളജി വിഭാഗത്തിലെ ഡ്യൂട്ടിയാണ്. സര്‍വ്വ ഹൃദ്രോഹികളെയും കാണണം. വളരെ ഗുരുതര സ്വഭാവമുള്ള രോഗാവസ്ഥയില്‍ കൃത്യമായ തീരുമാനമെടുക്കണം. രാത്രി ഒരു പോള കണ്ണടയ്ക്കാന്‍ കഴിയില്ല. ഒരു ദിവസമല്ല, രണ്ടു രണ്ടുദിവസമല്ല . കൃത്യമായി പറഞ്ഞാല്‍ 72 മണിക്കൂര്‍. അതുകഴിഞ്ഞ് രാവിലെ ,അര്‍ദ്ധ ബോധാവസ്ഥയില്‍ കാറോടിച്ച് വീട്ടിലേക്ക് യാത്ര. രാവിലെ 9 മണി സമയം എന്നോര്‍ക്കണം ഒരു നിമിഷം അറിയാതെ കണ്ണടഞ്ഞു പോകുന്നു
അടുത്ത നിമിഷം ഒരു ബൈക്ക് യാത്രക്കാരനെയും, കൂടെ ബൈക്കിനെയും കൂട്ടിച്ചേര്‍ത്ത് വഴിയരികില്‍ കൂട്ടിയിട്ടിരിക്കുന്ന കല്ലിന്‍ കൂട്ടത്തിനിടയിലേക്ക് ഇടിച്ചു കയറ്റുന്നു. കൃത്യമായ ചികിത്സയും ഇടപെടലും കാരണം അപകടത്തില്‍പ്പെട്ട 22 വയസ്സുകാരനായ യുവാവിന് ജീവന്‍ തിരിച്ചു കിട്ടുന്നു.
മറ്റൊരു ദിവസം, മറ്റൊരുവസരത്തില്‍ അങ്ങനെ ആകണമെന്നില്ല.തുടര്‍ച്ചയായി 72 മണിക്കൂര്‍ ജോലി ചെയ്താല്‍ അതുകഴിഞ്ഞ് രാവിലെ വാഹനമോടിച്ചാല്‍ കണ്ണടഞ്ഞു പോകും. ഭാഗ്യമില്ലെങ്കില്‍ എതിരെ വരുന്നവനോ അല്ലെങ്കില്‍ സ്വയം തന്നെയോ മരണ വക്രത്തില്‍. ഈ കഥ പറഞ്ഞത് എന്റെ ഒരു കുഞ്ഞനിയന്‍.ഭാഗ്യം കൊണ്ട് മാത്രമാണ് അപകടത്തില്‍പ്പെട്ട യുവാവ് രക്ഷപ്പെട്ടതെന്ന് കാര്‍ഡിയോളജി വിഭാഗത്തിലെ പിജി വിദ്യാര്‍ഥി എന്നോട് പറയുന്നു. ധാരാളം രോഗികളെ നോക്കേണ്ടി വരുന്നത് , തുടര്‍ച്ചയായി ജോലി നോക്കേണ്ടി വരുന്നത് സിസ്റ്റത്തിന്റെ വന്‍ പാകപ്പിഴ തന്നെയാണ്.
ഈ സിസ്റ്റമാണ് കേരളത്തില്‍ കഴിഞ്ഞ നിരവധി നിരവധി കൊല്ലങ്ങളായി നിലനില്‍ക്കുന്നത്.
ഡ്യൂട്ടി കഴിഞ്ഞു പോയി അപകടത്തില്‍പ്പെട്ട് ജീവന്‍ നഷ്ടപ്പെട്ട ഡോക്ടര്‍മാരുടെ കഥകളും വിരളമല്ല
മെഡിക്കല്‍ മേഖലയില്‍ കൂടുതല്‍ കൂടുതല്‍ കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കപ്പെടണം.
നിശ്ചിത സമയത്ത് നിശ്ചിത രോഗികളെ മാത്രം പരിചരിക്കുവാനുള്ള സാധ്യത ഉണ്ടാവണം.
അതിനാദ്യം വേണ്ടത് ആരോഗ്യ മേഖലയ്ക്ക് കൂടുതല്‍ ബഡ്ജറ്റ് വിഹിതം തന്നെയാണ്.
ലോട്ടറിയിലും ബിവറേജസ് കോര്‍പ്പറേഷനിലും കിട്ടുന്ന വരുമാനത്തിന്റെ ഒരു വിഹിതം ആരോഗ്യ മേഖലയില്‍ തന്നെ ലഭ്യമാകണം, പണ്ട് വിഭാവന ചെയ്തത് പോലെ.
അല്ലെങ്കില്‍ റോഡപകടത്തില്‍ മാത്രമല്ല, രോഗനിര്‍ണയത്തിലെ പിഴവിലൂടെ പോലും രോഗികളുടെയും ജീവന്‍ നഷ്ടപ്പെട്ടു പോയേക്കും.
ഡോക്ടര്‍സ് ദിനത്തില്‍ ചിന്തിക്കേണ്ടതും ചര്‍ച്ച ചെയ്യപ്പെടേണ്ടതും.
സിസ്റ്റം മാറണം മാറിയേ തീരൂ.
കൊല്ലിക്കരുത് പ്ലീസ്.
ഡോക്ടേഴ്‌സ് ദിനാശംസകള്‍.