ഡോക്ടർമാർക്ക് പബ്ലിക് ഹെൽത്തിൽ മാസ്റ്റേഴ്‌സ് പ്രോഗ്രാം ; അപേക്ഷിക്കാം

ചെന്നൈയിലെ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡമിയോളജി (എൻഐഇ), സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്ത്; തിരുവനന്തപുരം ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജിക്കുവേണ്ടി നടത്തുന്ന മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് (എപ്പിഡമിയോളജി ആൻഡ് ഹെൽത്ത് സിസ്റ്റംസ്) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം.
 

ചെന്നൈയിലെ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡമിയോളജി (എൻഐഇ), സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്ത്; തിരുവനന്തപുരം ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജിക്കുവേണ്ടി നടത്തുന്ന മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് (എപ്പിഡമിയോളജി ആൻഡ് ഹെൽത്ത് സിസ്റ്റംസ്) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം.

ഇൻ-സർവീസ് ഹെൽത്ത് പ്രൊഫഷണലുകളെ ഉദ്ദേശിച്ചുള്ളതാണ് അപ്ലൈഡ് എപ്പിഡമിയോളജി (സാംക്രമികരോഗശാസ്ത്രം), പബ്ലിക് ഹെൽത്ത് സ്‌കിൽസ് എന്നിവയിലെ പരിശീലനങ്ങൾക്ക് ഊന്നൽനൽകുന്ന ഈ പ്രോഗ്രാം. രോഗങ്ങളെക്കുറിച്ച് അന്വേഷിക്കാനും ഡേറ്റ വിശകലനംചെയ്യാനും ആരോഗ്യപരിപാടികൾ വിലയിരുത്താനും ക്ലാസ്‌റൂം പഠനവും ഫീൽഡ് വർക്കും സംയോജിപ്പിച്ച് പൊതുജനാരോഗ്യഭീഷണികൾ കൈകാര്യംചെയ്യാനും പൊതുജനാരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന ഡോക്ടർമാരെ പ്രോഗ്രാം സജ്ജമാക്കുന്നു.

രണ്ടുവർഷമാണ് പ്രോഗ്രാമിന്റെ ദൈർഘ്യം. മൊത്തം ക്രഡിറ്റുകൾ 60. ഇതിൽ 22 എണ്ണം കോണ്ടാക്ട് സെഷനുകൾക്കും 38 എണ്ണം ഫീൽഡ് പ്രോജക്ടുകൾക്കുമാണ്. സർക്കാർ/പ്രൈവറ്റ് മേഖലകളിൽ പ്രവർത്തിക്കുന്നവരെ പരിഗണിക്കും.

യോഗ്യത

    നാഷണൽ മെഡിക്കൽ കമ്മിഷൻ/മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ അംഗീകൃത എംബിബിഎസ് ബിരുദം വേണം
    കേന്ദ്ര/സംസ്ഥാന സർക്കാർ വകുപ്പുകളിലോ മെഡിക്കൽ സ്ഥാപനങ്ങളിലോ പൊതുജനാരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന റെഗുലർ/സ്ഥിരം ജീവനക്കാരായിരിക്കണം അല്ലെങ്കിൽ ഈ മേഖലയിൽ പ്രവർത്തിച്ചിട്ടുള്ള/പ്രവർത്തിക്കുന്ന സർക്കാരിതരമേഖലയിൽ ഉള്ളവരായിരിക്കണം.
    പൊതുജനാരോഗ്യം, അനുബന്ധമേഖലയിൽ കുറഞ്ഞത് മൂന്നുവർഷത്തെ പ്രവൃത്തിപരിചയം വേണം. 
    ഉയർന്ന പ്രായപരിധി 2026 ജൂലായ് ഒന്നിന് 45 വയസ്സ്.

സംവരണവിഭാഗക്കാർ/ഐസിഎംആർ ഉദ്യോഗസ്ഥർ എന്നിവർക്ക് പ്രായവ്യവസ്ഥയിൽ ഇളവുണ്ട്. കേന്ദ്രസർക്കാർ, സംസ്ഥാന/കേന്ദ്രഭരണപ്രദേശ സർക്കാരുകൾ, സായുധസേനകൾ എന്നിവ സ്‌പോൺസർചെയ്യുന്നവർക്ക് (ഇവർക്ക് രണ്ടുവർഷത്തേക്ക് ഫുൾ ടൈം അടിസ്ഥാനത്തിൽ ഡെപ്യൂട്ടേഷൻ നൽകണം) മുൻഗണനയുണ്ട്. അവരെ കോഴ്‌സ് ഫീയിൽനിന്ന് ഒഴിവാക്കിയിട്ടുമുണ്ട്.

ഡെപ്യൂട്ടേഷനിലല്ലാതെ വരുന്ന സർക്കാർ ഉദ്യോഗസ്ഥർ, സ്വകാര്യസ്ഥാപന ഉദ്യോഗസ്ഥർ, പ്രൈവറ്റ് അപേക്ഷകർ എന്നിവർക്ക് ഒരുലക്ഷംരൂപയാണ് ഫീസ്. എല്ലാവിഭാഗക്കാരും പ്രവേശനസമയത്ത് അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് ഫീ ആയി 30,000 രൂപ നൽകണം.

എഴുത്തുപരീക്ഷ, ഇന്റർവ്യൂ എന്നിവ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. അപേക്ഷ www.nie.gov.in വഴി ഡിസംബർ 31 വരെ നൽകാം (അക്കാദമിക്‌സ് >ഇന്ത്യ-എഫ്ഇടിപി-എംപിഎച്ച് ലിങ്കുകൾവഴി). സഹായങ്ങൾക്ക്: icmrniesph@nie.gov.in