കൊച്ചിയിൽ ഡോക്ടറെ ആക്രമിച്ച കേസ്: നടി അതുല്യ ചന്ദ്ര അടക്കം 3 പേർക്ക് ജാമ്യം
കൊച്ചിയിൽ ഡോക്ടറെ ആക്രമിച്ച കേസിൽ യുവനടി അതുല്യ ചന്ദ്ര അടക്കം മൂന്ന് പ്രതികൾക്ക് ജാമ്യം. അതുല്യ ചന്ദ്ര, നടൻ ബിബിൻ പെരുമ്പള്ളി, ഡ്രൈവർ വിഷ്ണു എന്നിവർക്കാണ് സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്.ചികിത്സയ്ക്കെന്ന വ്യാജേന വിളിച്ചുവരുത്തി ഡോക്ടറെ ആക്രമിച്ചുവെന്നാണ് പരാതി. അമ്മയുടെ അനുജത്തിക്ക് സുഖമില്ലെന്ന് പറഞ്ഞാണ് അതുല്യ ചന്ദ്ര ഡോക്ടറെ വിളിച്ചുവരുത്തിയതെന്ന് കൊച്ചി കടവന്ത്ര പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പറയുന്നു.
Nov 19, 2026, 16:02 IST
കൊച്ചി: കൊച്ചിയിൽ ഡോക്ടറെ ആക്രമിച്ച കേസിൽ യുവനടി അതുല്യ ചന്ദ്ര അടക്കം മൂന്ന് പ്രതികൾക്ക് ജാമ്യം. അതുല്യ ചന്ദ്ര, നടൻ ബിബിൻ പെരുമ്പള്ളി, ഡ്രൈവർ വിഷ്ണു എന്നിവർക്കാണ് സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്.ചികിത്സയ്ക്കെന്ന വ്യാജേന വിളിച്ചുവരുത്തി ഡോക്ടറെ ആക്രമിച്ചുവെന്നാണ് പരാതി. അമ്മയുടെ അനുജത്തിക്ക് സുഖമില്ലെന്ന് പറഞ്ഞാണ് അതുല്യ ചന്ദ്ര ഡോക്ടറെ വിളിച്ചുവരുത്തിയതെന്ന് കൊച്ചി കടവന്ത്ര പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പറയുന്നു. ഈ മാസം രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ആക്രമണത്തിന് പുറമെ മൂന്ന് ലക്ഷം രൂപയുടെ മൊബൈൽ ഫോണുകൾ കവർന്നുവെന്നും ഡോക്ടറുടെ പരാതിയിലുണ്ട്.
കേസിൽ അതുല്യ ഉൾപ്പെടെ 12 പ്രതികളാണുള്ളത്. എഫ്ഐആർ പ്രകാരം ബിബിൻ പെരുമ്പള്ളി ഒന്നാം പ്രതിയും അതുല്യ ചന്ദ്ര മൂന്നാം പ്രതിയുമാണ്. 'ഡീയസ് ഈറേ' എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ അതുല്യ ചന്ദ്ര ഗാനഗന്ധർവൻ, ഉയിർ എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ലോക, കിങ് ഓഫ് കൊത്ത, സീതാരാമം, റോഷാക്ക്, ആശാൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ താരമാണ് ബിബിൻ പെരുമ്പള്ളി.