'വെടിയൊച്ച കേട്ട ഞാനാണോ തെളിയിക്കേണ്ടത്?', സിപിഎം നേതാവിനെതിരെ വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി ശ്രീനാദേവി കുഞ്ഞമ്മ

ഫേസ്ബുക്കിലൂടെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ചാണ് വക്കീല്‍ നോട്ടീസ് അയച്ചത്.

 

സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ.പി ഉദയഭാനു ശ്രീനാദേവിക്ക് എതിരെ കഴിഞ്ഞ ദിവസം കേസ് കൊടുത്തിരുന്നു. പിന്നാലെയാണ് വീണ്ടും പോസ്റ്റ്

വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ. നവമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ.പി ഉദയഭാനു ശ്രീനാദേവിക്ക് എതിരെ കഴിഞ്ഞ ദിവസം കേസ് കൊടുത്തിരുന്നു. പിന്നാലെയാണ് വീണ്ടും പോസ്റ്റ്. രാഹുല്‍ മാക്കൂട്ടത്തില്‍ ഉള്‍പ്പെട്ട സംഘര്‍ഷതിന് പിന്നാലെയാണ് സൈബര്‍ പോര് തുടങ്ങിയത്. കേസിന് പിന്നാലെ 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. ഫേസ്ബുക്കിലൂടെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ചാണ് വക്കീല്‍ നോട്ടീസ് അയച്ചത്.


കെ പി ഉദയഭാനു പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നപ്പോള്‍ വനിതാ ജീവനക്കാരിയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തി എന്ന് ശ്രീനാദേവി കുഞ്ഞമ്മ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. ഉദയഭാനു ഉപയോഗിക്കുന്ന വാഹനം സംബന്ധിച്ചും ശ്രീനാദേവി കുഞ്ഞമ്മ പോസ്റ്റില്‍ പരാമര്‍ശിച്ചിരുന്നു. ഇതിനെതിരെ ആണ് കെ പി ഉദയഭാനുവിന്റെ നീക്കം. ഫേസ്ബുക്ക് പോസ്റ്റ് നീക്കണമെന്ന് ഉദയഭാനു വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെട്ടു. തെറ്റായ വിവരം പോസ്റ്റ് ചെയ്തതിന് ശ്രീനാദേവി കുഞ്ഞമ്മ മാപ്പ് എഴുതി നല്‍കണമെന്നും 15 ദിവസത്തിനകം മറുപടി നല്‍കണമെന്നും വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സമൂഹമാധ്യമങ്ങള്‍ വഴി അപകീര്‍ത്തിപ്പെടുത്തിയെന്ന കെ പി ഉദയഭാനുവിന്റെ പരാതിയില്‍ ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ അടൂര്‍ പൊലീസാണ് കേസെടുത്തത്. പൊതുപ്രവര്‍ത്തനത്തെ അപകീര്‍ത്തിപ്പെടുത്തി, ലൈംഗിക അരാജകത്വത്തോടെ ജീവിക്കുന്ന ആളാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചു എന്നിങ്ങനെയാണ് എഫ്‌ഐആറില്‍ പറയുന്നത്. പാലക്കാട് മുന്‍ എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ ഉദയഭാനു വിമര്‍ശിച്ചതിന് പിന്നാലെയായിരുന്നു ശ്രീനാദേവിയുടെ വിവാദമായ ഫേസ്ബുക്ക് പോസ്റ്റ്. സിപിഐ വിട്ട് കോണ്‍ഗ്രസില്‍ എത്തിയ ആളാണ് ശ്രീനാദേവി കുഞ്ഞമ്മ.