യു പ്രതിഭയ്‌ക്കെതിരായ അധിക്ഷേപ പരാമർശം; ഇര്‍ഷാദിനെതിരെ കേസെടുക്കാൻ പൊലീസിന് നിര്‍ദേശം നൽകി ജില്ലാ കലക്ടർ 

യു പ്രതിഭയ്‌ക്കെതിരെ  അധിക്ഷേപ പരാമര്‍ശം നടത്തിയ  മുസ്ലിം ലീഗ് മുന്‍ നേതാവ് ഇര്‍ഷാദിനെതിരെ കേസെടുക്കാന്‍ പൊലീസിന് നിർദ്ദേശം നൽകി ജില്ലാ കളക്ടർ. സംഭവത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടിയിരുന്നു. അടിയന്തര നടപടി സ്വീകരിക്കണമെന്നും നിര്‍ദേശിച്ചിരുന്നു.

 

ആലപ്പുഴ: കായംകുളം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു പ്രതിഭയ്‌ക്കെതിരെ  അധിക്ഷേപ പരാമര്‍ശം നടത്തിയ  മുസ്ലിം ലീഗ് മുന്‍ നേതാവ് ഇര്‍ഷാദിനെതിരെ കേസെടുക്കാന്‍ പൊലീസിന് നിർദ്ദേശം നൽകി ജില്ലാ കളക്ടർ. സംഭവത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടിയിരുന്നു. അടിയന്തര നടപടി സ്വീകരിക്കണമെന്നും നിര്‍ദേശിച്ചിരുന്നു.

സ്ത്രീകളുടെ അഭിമാനത്തെ ക്ഷതപ്പെടുത്തല്‍, തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് അടിസ്ഥാന രഹിതമായ പ്രസ്താവന നടത്തല്‍, തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുന്ന വിധത്തില്‍ തെറ്റായ പ്രസ്താവന, അപകീര്‍ത്തിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുക്കാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. അധിക്ഷേപ പരാമര്‍ശത്തിനെതിരെ യു പ്രതിഭ പൊലീസിന് പരാതി നല്‍കിയിരുന്നു. കൂടാതെ മഹിളാ അസോസിയേഷനും കായംകുളം പൊലീസിന് പരാതി നല്‍കിയിരുന്നു.

കായംകുളത്തെ യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ വെച്ചാണ് യുഡിഎഫ് കണ്‍വീനറും മുസ്ലിംലീഗ് നേതാവുമായ ഇര്‍ഷാദ് ഇടതു സ്ഥാനാർത്ഥി യു പ്രതിഭയ്ക്കെതിരെ വിവാദ പരാമർശം നടത്തിയത്. വാക് ചാതുരിയും ശരീരത്തിന്‍റെ അഴകും വിൽപനയ്ക്ക് വെച്ചുകൊണ്ട് വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടുകയാണ് എന്നുള്ള ഗുരുതരമായ സ്ത്രീ വിരുദ്ധ പരാമര്‍ശമാണ് ഇർഷാദ് ചക്കാലശ്ശേരിയുടെ ഭാഗത്ത് നിന്നുണ്ടായത്. വിവാദ പരാമർശത്തിനെതിരെ കടുത്ത വിമർശനമാണ് ഉയർന്നിട്ടുള്ളത്.