റേഷൻ കടകളിലെ മണ്ണെണ്ണ വിതരണം ; ഇനി തുടങ്ങാനുള്ളത് 934 കടകളിൽ
ജില്ലയിലെ ഭൂരിഭാഗം റേഷൻ കടകളിലും മണ്ണെണ്ണ വിതരണം തുടങ്ങാനായില്ല. അമ്പലപ്പുഴ, ചേർത്തല, കാർത്തികപ്പള്ളി താലൂക്കുകളിലെ 265 റേഷൻ കടകളിൽ മാത്രമാണ് നൽകിത്തുടങ്ങിയത്
ആലപ്പുഴ: ജില്ലയിലെ ഭൂരിഭാഗം റേഷൻ കടകളിലും മണ്ണെണ്ണ വിതരണം തുടങ്ങാനായില്ല. അമ്പലപ്പുഴ, ചേർത്തല, കാർത്തികപ്പള്ളി താലൂക്കുകളിലെ 265 റേഷൻ കടകളിൽ മാത്രമാണ് നൽകിത്തുടങ്ങിയത്.ചെങ്ങന്നൂർ, മാവേലിക്കര, കുട്ടനാട് താലൂക്കുകളിൽ വിതരണം തുടങ്ങിയിട്ടില്ല. 934 കടകളിലാണ് വിതരണം തുടങ്ങാനുള്ളത്.
അമ്പലപ്പുഴ, ചേർത്തല, കാർത്തികപ്പള്ളി താലൂക്കുകളിൽ മാത്രമാണ് മണ്ണെണ്ണ മൊത്തവിതരണ കേന്ദ്രങ്ങളുള്ളത്. ഈ കേന്ദ്രങ്ങളിൽ ഈ താലൂക്കുകളിലെ മുഴുവൻ റേഷൻ കടകൾക്കും വിതരണം ചെയ്യാനുള്ള എണ്ണ പോലും എത്തിക്കാനായില്ല.
മൊത്തവിതരണ കേന്ദ്രങ്ങളില്ലാത്ത മറ്റു താലൂക്കുകളിലെ റേഷൻ കടകൾക്കും ഇവിടെ നിന്നാണു നൽകേണ്ടിയിരുന്നത്.
ദൂരക്കൂടുതലായതിനാൽ മറ്റുതാലൂക്കുകളിൽ പോയി ഏറ്റെടുക്കാനാകില്ലെന്ന് ആദ്യം റേഷൻ കടക്കാർ പറഞ്ഞിരുന്നു. പിന്നീട്, തീരുമാനം മാറ്റി. എന്നിട്ടും ജില്ലയ്ക്കാവശ്യമായ മണ്ണെണ്ണ ലഭ്യമാക്കാൻ സിവിൽ സപ്ലൈസ് അധികൃതർക്ക് കഴിഞ്ഞില്ല.
ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മാസങ്ങളിലെ വിഹിതമാണ് കേന്ദ്രം അനുവദിച്ചിരുന്നത്. ഈ മാസം വിതരണം ചെയ്തില്ലെങ്കിൽ വിഹിതം നഷ്ടമാകും. എന്നിട്ടും അധികൃതർ അലംഭാവം കാട്ടുകയാണെന്നാണ് ആരോപണം.