രാജേഷിന്റെ ഭൗതിക ശരീരത്തോട് അനാദരവ്; അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ജില്ലാ കളക്ടര്‍ക്ക് കൈമാറും
ചെറുപുഴയില്‍ രക്ഷാപ്രവര്‍ത്തനതിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന ആരോപണത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ജില്ലാ കളക്ടര്‍ക്ക് കൈമാറും.
മീന്തുള്ളി വാട്ടര്‍ ഫാള്‍സിലെ പരിശീലകനായ രാജേഷ് തുരുത്തില്‍ അകപ്പെട്ട ബെന്നിയെ രക്ഷപ്പെടുത്തി മടങ്ങുമ്പോഴാണ് അപകടത്തില്‍പെട്ടത്.
കണ്ണൂര്‍: ചെറുപുഴയില്‍ രക്ഷാപ്രവര്‍ത്തനതിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന ആരോപണത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ജില്ലാ കളക്ടര്‍ക്ക് കൈമാറും. റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ പി വിഷ്ണു രാജ് പരിശോധിച്ച ശേഷം സര്‍ക്കാരിന് സമര്‍പ്പിക്കും. വീഴ്ച വരുത്തിയവര്‍ക്കെതിരെ വകുപ്പ് തല നടപടി ഉണ്ടായേക്കുമെന്ന് കളക്ടര്‍ അറിയിച്ചു.
മീന്തുള്ളി വാട്ടര്‍ ഫാള്‍സിലെ പരിശീലകനായ രാജേഷ് തുരുത്തില്‍ അകപ്പെട്ട ബെന്നിയെ രക്ഷപ്പെടുത്തി മടങ്ങുമ്പോഴാണ് അപകടത്തില്‍പെട്ടത്. സ്വയരക്ഷക്ക് ധരിച്ച ലൈഫ് ജാക്കറ്റ് ബെന്നിക്ക് നല്‍കി സുരക്ഷിതനാക്കിയാണ് രാജേഷ് തിരിച്ച് നീന്തിയത്. അതിനിടെ ഒഴുക്കില്‍പ്പെടുകയായിരുന്നു. തിരച്ചിലുകള്‍ നടത്തിയിരുന്നെങ്കിലും മൃതദേഹം കണ്ടെത്തിയതോടെ പ്രതീക്ഷകള്‍ വിഫലമാകുകയായിരുന്നു.
സംഭവത്തില്‍ അന്വേഷണ ചുമതലയുള്ള കണ്ണൂര്‍ എഡിഎം പി എന്‍ പുരുഷോത്തമന്‍ കഴിഞ്ഞ ദിവസം പരിയാരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ സൂപ്രണ്ട്, പയ്യന്നൂര്‍ തഹസീല്‍ദാര്‍ തുടങ്ങിയവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഫ്രീസറില്ലാത്ത ആംബുലന്‍സില്‍ രാജേഷിന്റെ മൃതദേഹം കൊണ്ടുപോയതിന് എതിരെയാണ് കുടുംബം ആരോപണം ഉന്നയിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ റവന്യൂ മന്ത്രി കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയത്.