പാലക്കാട് നഗരസഭയിൽ വന്ദേമാതരത്തെച്ചൊല്ലി തർക്കം; യുഡിഎഫ് യോഗം ബഹിഷ്കരിച്ചു 

പാലക്കാട് നഗരസഭയിലെ സ്പെഷ്യൽ കൗൺസിൽ യോഗത്തിൽ വന്ദേമാതരം പൂർണ്ണമായി ആലപിക്കുന്നതിനെച്ചൊല്ലി ഭരണ-പ്രതിപക്ഷ കക്ഷികൾ തമ്മിൽ തർക്കം.  വന്ദേമാതരം പൂർണ്ണമായി ആലപിക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് കൗൺസിലർമാർ യോഗം ബഹിഷ്കരിച്ചപ്പോൾ, ആദ്യ ചരണം പാടിയ ശേഷം എൽഡിഎഫ് അംഗങ്ങൾ ഇരിപ്പിടങ്ങളിൽ തിരിച്ചിരുന്ന് പ്രതിഷേധിച്ചു

 

പാലക്കാട്: പാലക്കാട് നഗരസഭയിലെ സ്പെഷ്യൽ കൗൺസിൽ യോഗത്തിൽ വന്ദേമാതരം പൂർണ്ണമായി ആലപിക്കുന്നതിനെച്ചൊല്ലി ഭരണ-പ്രതിപക്ഷ കക്ഷികൾ തമ്മിൽ തർക്കം.  വന്ദേമാതരം പൂർണ്ണമായി ആലപിക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് കൗൺസിലർമാർ യോഗം ബഹിഷ്കരിച്ചപ്പോൾ, ആദ്യ ചരണം പാടിയ ശേഷം എൽഡിഎഫ് അംഗങ്ങൾ ഇരിപ്പിടങ്ങളിൽ തിരിച്ചിരുന്ന് പ്രതിഷേധിച്ചു. എന്നാൽ ബി.ജെ.പി കൗൺസിലർമാർ ഗീതം പൂർണ്ണമായും ആലപിച്ചു.സാധാരണയായി നഗരസഭാ കൗൺസിൽ യോഗങ്ങളിൽ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങളാണ് ആലപിക്കാറുള്ളത്. എന്നാൽ തിങ്കളാഴ്ച ചേർന്ന പ്രത്യേക കൗൺസിൽ യോഗത്തിൽ വന്ദേമാതരം പൂർണ്ണമായി ചൊല്ലാൻ ഭരണസമിതി തീരുമാനിച്ചതാണ് തർക്കങ്ങൾക്ക് തുടക്കമിട്ടത്.

വന്ദേമാതരം പൂർണ്ണമായി ആലപിക്കുന്നതിനെ എതിർത്ത യുഡിഎഫ് കൗൺസിലർമാർ യോഗ നടപടികൾക്കായി ഹാജർ രജിസ്റ്ററിൽ ഒപ്പുവെച്ച ശേഷം ഹാളിൽ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു. വന്ദേമാതര ആലാപനത്തിൽ പങ്കെടുക്കാതെയാണ് യുഡിഎഫ് അംഗങ്ങൾ യോഗം ബഹിഷ്കരിച്ചത്. അതേസമയം, കൗൺസിൽ ഹാളിലുണ്ടായിരുന്ന എൽഡിഎഫ് അംഗങ്ങൾ വന്ദേമാതരത്തിന്റെ ആദ്യ ചരണം ആലപിച്ചതിന് ശേഷം സീറ്റിലിരുന്നു. ഭരണമുന്നണിയായ ബിജെപിയിലെ അംഗങ്ങളാകട്ടെ വന്ദേമാതരം പൂർണമായും ആലപിച്ചു. ഇതിനുശേഷമാണ് സ്പെഷ്യൽ കൗൺസിലിന്റെ ഔദ്യോഗിക അജണ്ടകളിലേക്ക് കടന്നത്. വന്ദേമാതരം പൂർണ്ണമായി ചൊല്ലുന്നതിനെ എതിർക്കുകയും ബഹിഷ്കരിക്കുകയും ചെയ്തതിലൂടെ യുഡിഎഫ്, എൽഡിഎഫ് കൗൺസിലർമാർ ദേശീയ ഗീതത്തെ അപമാനിക്കുകയാണെന്ന് ബിജെപി ആരോപിച്ചു. ഇരുമുന്നണികളുടെയും ജനപ്രതിനിധികൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ബിജെപി വ്യക്തമാക്കി.