ഖര്‍ഗെയ്ക്ക് എതിരായ വിവേചനം: SC/ST നിയമം പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി

സംഭവത്തില്‍ പരാതി ഉയര്‍ന്നിട്ടും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യാതെ തുടരുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

'രാജ്യസഭയിലെ പ്രതിപക്ഷ നേതാവിന് പോലും നീതി ലഭിക്കാത്ത തരത്തില്‍ രാജ്യത്തെ നിയമസംവിധാനങ്ങള്‍ ബിജെപി ഭരണത്തിന് കീഴില്‍ മാറുന്നത് അത്യന്തം ആശങ്കാജനകമാണ്

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്കെതിരായ ജാതി വിവേചനത്തില്‍ പൊലീസ് തുടരുന്ന ഒളിച്ചുകളി അവസാനിപ്പിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. പൊലീസ് എസ്സി/എസ്ടി നിയമപ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഒരു ദളിത് നേതാവ് പങ്കെടുത്ത വേദി 'ശുദ്ധീകരിച്ചു' എന്ന നടപടി ഗുരുതരമായ ജാതിവിവേചനവും ദളിത് സമൂഹത്തിന്റെ ആത്മാഭിമാനത്തെയും മനുഷ്യാന്തസ്സിനെയും അപമാനിക്കുന്നതുമാണെന്ന് കൊടിക്കുന്നില്‍ സുരേഷ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. സംഭവത്തില്‍ പരാതി ഉയര്‍ന്നിട്ടും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യാതെ തുടരുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'രാജ്യസഭയിലെ പ്രതിപക്ഷ നേതാവിന് പോലും നീതി ലഭിക്കാത്ത തരത്തില്‍ രാജ്യത്തെ നിയമസംവിധാനങ്ങള്‍ ബിജെപി ഭരണത്തിന് കീഴില്‍ മാറുന്നത് അത്യന്തം ആശങ്കാജനകമാണ്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 17 പ്രകാരം അയിത്തം നിരോധിച്ച രാജ്യത്ത് ജാതിയുടെ പേരിലുള്ള ഇത്തരം വിവേചനങ്ങള്‍ക്ക് പൊലീസ് സംരക്ഷണം ലഭിക്കുന്ന സാഹചര്യം ഉണ്ടാകരുത്', കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു.

സംഭവത്തിന്റെ യഥാര്‍ത്ഥ വസ്തുതകള്‍ പുറത്തുകൊണ്ടുവരുന്നതിനായി നിഷ്പക്ഷമായ അന്വേഷണം നടത്തുകയും ഉത്തരവാദികളായവര്‍ക്കെതിരെ എസ്സി/എസ്ടി അതിക്രമ നിരോധന നിയമത്തിലെ ബാധകമായ വകുപ്പുകള്‍ പ്രകാരം ഉടന്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും വേണം. പൊലീസ് നടപടിയെടുക്കാതെ ഒഴിഞ്ഞുമാറുന്നത് നിയമവാഴ്ചയെ തന്നെ ചോദ്യം ചെയ്യുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

'രാജ്യത്തെ പ്രമുഖ ദളിത് നേതാവായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ അപമാനിച്ചാല്‍ അത് ഒരാളെ മാത്രം അപമാനിക്കുന്നതല്ല. രാജ്യത്തെ കോടിക്കണക്കിന് ദളിതരുടെ ആത്മാഭിമാനത്തെയാണ് ചോദ്യം ചെയ്യുന്നത്. ജാതിവിവേചനത്തിനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കേണ്ട സമയത്ത് പൊലീസ് നടത്തുന്ന ഒളിച്ചുകളി അവസാനിപ്പിക്കണം', കൊടിക്കുന്നില്‍ സുരേഷ് എംപി ആവശ്യപ്പെട്ടു.