ഐലന്‍ഡ് എക്‌സ്പ്രസില്‍ കുടുംബത്തോടൊപ്പമുള്ള ട്രെയിന്‍ യാത്രയ്ക്കിടെ ഭിന്നശേഷിക്കാരന് മര്‍ദനം; അക്രമി ഇറങ്ങിയോടി
കൊല്ലത്ത് ഐലന്‍ഡ് എക്‌സ്പ്രസ് ട്രെയിനില്‍ കുടുംബത്തോടൊപ്പം യാത്രചെയ്യുകയായിരുന്ന ഭിന്നശേഷിക്കാരന് മര്‍ദനമേറ്റു. ശാസ്താംകോട്ട സ്റ്റേഷനില്‍ നിര്‍ത്തുന്നതിനായി ട്രെയിന്‍ വേഗം കുറയ്ക്കുന്നതിനിടയില്‍ അക്രമി ഇറങ്ങിയോടി.
ശാസ്താംകോട്ട: കൊല്ലത്ത് ഐലന്‍ഡ് എക്‌സ്പ്രസ് ട്രെയിനില്‍ കുടുംബത്തോടൊപ്പം യാത്രചെയ്യുകയായിരുന്ന ഭിന്നശേഷിക്കാരന് മര്‍ദനമേറ്റു. ശാസ്താംകോട്ട സ്റ്റേഷനില്‍ നിര്‍ത്തുന്നതിനായി ട്രെയിന്‍ വേഗം കുറയ്ക്കുന്നതിനിടയില്‍ അക്രമി ഇറങ്ങിയോടി. ഭിന്നശേഷിക്കാര്‍ക്കായുള്ള കംപാര്‍ട്ട്മെന്റില്‍ യാത്രചെയ്ത ആലപ്പുഴ താമരക്കുളം സ്വദേശിയായ നാസറിനെ(49)യാണ് അജ്ഞാതനായ യാത്രികന്‍ മര്‍ദിച്ചത്. തിങ്കളാഴ്ച രാവിലെ 10.30-നായിരുന്നു സംഭവം.
ബന്ധുവീട്ടില്‍ പോയി മടങ്ങിവരികയായിരുന്നു. ശാസ്താംകോട്ട എത്തുന്നതിനുമുന്‍പ് നാസര്‍ ശൗചാലയത്തില്‍ കയറി പുറത്തേക്കിറങ്ങി സീറ്റിലേക്ക് മടങ്ങാന്‍ തുടങ്ങുമ്പോള്‍ അജ്ഞാതന്‍ വഴികൊടുത്തില്ല. പലതവണ പറഞ്ഞിട്ടും കൈ കുറുകേവെച്ച് തടസ്സം തുടര്‍ന്നു. മറ്റുള്ള യാത്രക്കാരും പ്രശ്‌നത്തില്‍ ഇടപെട്ടു. അതിനിടയിലാണ് നാസറിന് മുഖത്തും ശരീരത്തിലും ഇടിയേറ്റത്.
അപ്പോഴേക്കും ബഹളവും പ്രതിഷേധവുമായി. മറ്റ് യാത്രക്കാര്‍ ഇയാളെ തടഞ്ഞുവെച്ചു. പരാതി പറയാന്‍ പോലീസ് ഉദ്യോഗസ്ഥരാരും സമീപ കംപാര്‍ട്ട്മെന്റുകളില്‍ ഉണ്ടായിരുന്നില്ല. ട്രെയിന്‍ ശാസ്താംകോട്ടയില്‍ എത്തിയപ്പോള്‍ മറ്റ് യാത്രക്കാര്‍ ഇറങ്ങുന്നതിനിടെയുണ്ടായ തിരക്കില്‍ അക്രമിയും രക്ഷപ്പെട്ടു. ശാസ്താംകോട്ടയിലിറങ്ങിയ നാസറും കുടുംബവും ശാസ്താംകോട്ട പോലീസില്‍ പരാതി നല്‍കി.
തുടര്‍ന്ന് ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സതേടി. പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും തുമ്പൊന്നും കിട്ടിയില്ല. അക്രമിയെ തരിച്ചറിയാന്‍ കഴിയുമെന്ന് നാസര്‍ പോലീസിന് മൊഴിനല്‍കി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.