സംവിധായകന്‍ രഞ്ജിത്തിന്റെ അറസ്റ്റ് ; രക്തസമ്മര്‍ദ്ദം കൂടിയതിനാല്‍ ആശുപത്രിയില്‍ തുടരുന്നു

രഞ്ജിത്തിന്റെ രക്ത സമ്മര്‍ദ്ദം കുറയുന്നില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു

 

. അറസ്റ്റിലായ രഞ്ജിത്ത് നിലവില്‍ ജനറല്‍ ആശുപത്രിയില്‍ തുടരുകയാണ്.

സംവിധായകന്‍ രഞ്ജിത്തിന്റെ അറസ്റ്റില്‍ ഞെട്ടി സിനിമാലോകം. യുവനടിയുടെ പീഡന പരാതിയില്‍ ഇന്നലെ രാത്രിയാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. നാടകീയ നീക്കങ്ങള്‍ക്കൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തൊടുപുഴയില്‍ വച്ച് കാര്‍ തടഞ്ഞാണ് കസ്റ്റഡിയില്‍ എടുത്തത്. രഹസ്യമൊഴി അടക്കം രേഖപ്പെടുത്തിയ ശേഷമാണ് പൊലീസിന്റെ പഴുതടച്ച നീക്കമുണ്ടായത്. അറസ്റ്റിലായ രഞ്ജിത്ത് നിലവില്‍ ജനറല്‍ ആശുപത്രിയില്‍ തുടരുകയാണ്.


അതേസമയം, രഞ്ജിത്തിന്റെ രക്ത സമ്മര്‍ദ്ദം കുറയുന്നില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. രഞ്ജിത്തിനെ ഹൃദയരോഗ വിദഗ്ധന്‍ പരിശോധിച്ചു. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ ഇല്ല. ന്യൂറോ വിഭാഗം ഡോക്ടര്‍ എത്തി പരിശോധിക്കും. കൂടാതെ സി ടി സ്‌കാനും എടുക്കും. 

ജനുവരി 9-ന് ഫോര്‍ട്ട് കൊച്ചിയിലെ സിനിമാ സെറ്റില്‍ വച്ച് കാരവാനില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന യുവനടിയുടെ പരാതിയിലാണ് രഞ്ജിത്തിനെ പോലീസ് കുടുക്കിയത്. ഇടുക്കി എസ്പിയുടെ നിര്‍ദ്ദേശപ്രകാരം തൊടുപുഴയില്‍ വെച്ച് കാര്‍ തടഞ്ഞാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ബിഎന്‍എസ് പ്രകാരമുള്ള അതീവ ഗുരുതരമായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. മാനഭംഗം , ലൈംഗിക അതിക്രമം, അശ്ലീല ആംഗ്യങ്ങള്‍ കാണിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ഇതിലുള്‍പ്പെടുന്നു. അതിക്രമത്തെത്തുടര്‍ന്ന് വലിയ മാനസികാഘാതം അനുഭവിച്ച നടി കൗണ്‍സിലിംഗിന് ശേഷമാണ് പരാതിയുമായി മുന്നോട്ട് വന്നത്. നടിയുടെ രഹസ്യമൊഴിയില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതോടെയാണ് പോലീസ് അറസ്റ്റ് നടപടികളിലേക്ക് നീങ്ങിയത്.