കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയായിരുന്നു കഴിഞ്ഞ 9 വർഷം; മനസ്സ് തുറന്ന് ദിലീപ് 

അൻവർ മെമ്മോറിയൽ ആശുപത്രിയുടെ പ്രവർത്തനം പുനരാരംഭിച്ച വേളയിൽ ഡോ. സി.എം. ഹൈദരാലിക്ക് ഹൃദയം നിറഞ്ഞ ആശംസകളുമായി നടൻ ദിലീപ്. കേസിന്റെ പേരിൽ തന്നെ ഒറ്റപ്പെടുത്താനുള്ള ചില പൊലീസുകാരുടെ ശ്രമങ്ങൾക്കിടയിൽ ഡോക്ടറെയും വേട്ടയാടുകയായിരുന്നുവെന്നും, ഒടുവിൽ സത്യം ജയിച്ചതുപോലെയാണ് ഒൻപത് വർഷങ്ങൾക്ക് ശേഷം ആശുപത്രി ഡോക്ടറുടെ കൈകളിൽ തിരികെയെത്തിയതെന്നും ദിലീപ് പറഞ്ഞു.

 

കൊച്ചി :  അൻവർ മെമ്മോറിയൽ ആശുപത്രിയുടെ പ്രവർത്തനം പുനരാരംഭിച്ച വേളയിൽ ഡോ. സി.എം. ഹൈദരാലിക്ക് ഹൃദയം നിറഞ്ഞ ആശംസകളുമായി നടൻ ദിലീപ്. കേസിന്റെ പേരിൽ തന്നെ ഒറ്റപ്പെടുത്താനുള്ള ചില പൊലീസുകാരുടെ ശ്രമങ്ങൾക്കിടയിൽ ഡോക്ടറെയും വേട്ടയാടുകയായിരുന്നുവെന്നും, ഒടുവിൽ സത്യം ജയിച്ചതുപോലെയാണ് ഒൻപത് വർഷങ്ങൾക്ക് ശേഷം ആശുപത്രി ഡോക്ടറുടെ കൈകളിൽ തിരികെയെത്തിയതെന്നും ദിലീപ് പറഞ്ഞു. എത്രയോ കാലമായി രോഗികൾക്ക് കൈത്താങ്ങായ ഡോക്ടറുടെ സേവനം ആലുവക്കാർക്ക് വീണ്ടും ലഭ്യമാകുന്നതിൽ വലിയ സന്തോഷമുണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം, ഡോ. ഹൈദരാലിക്ക് ദീർഘായുസ്സും ആയുരാരോഗ്യവും നേർന്നു. ആലുവയിൽ പ്രവർത്തനം പുനരാരംഭിച്ച അൻവർ മെമ്മോറിയൽ ആശുപത്രിയുടെയും പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെയും ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കവെയാണ് താനും ഡോക്ടറും നേരിട്ട സമാനതകളില്ലാത്ത പ്രയാസങ്ങളെക്കുറിച്ച് ദിലീപ് മനസ്സുതുറന്നത്. 

‘‘ഒരേ കാലഘട്ടത്തിലാണ് ഞാനും ഡോക്ടറും ജീവിതത്തിൽ ഓരോ പ്രയാസകരമായ ഘട്ടങ്ങളിലൂടെയും കടന്നുപോയ്ക്കൊണ്ടിരുന്നത്. എന്റെ വിഷയങ്ങളിൽ എന്നെ ഒറ്റപ്പെടുത്തി ഒരു ദ്വീപിലെന്നപോലെ ആക്കാനും, എനിക്ക് ഒരാളുടെ പിന്തുണയോ സഹായമോ ഇല്ലാതിരിക്കാനും വേണ്ടി കുറച്ച് പൊലീസുകാർ ചേർന്ന് പല കാര്യങ്ങളും ചെയ്ത് കൂട്ടിയപ്പോൾ, പാവം ഡോക്ടറെയും പിടിച്ച് ബലിയാടാക്കുകയും വളരെ മോശമായി ചിത്രീകരിക്കുകയും ചെയ്തു.

എന്റെ ചെറുപ്പകാലം മുതൽ, അതായത് ഓർമവച്ച കാലം തൊട്ട്, ഏകദേശം 50 വർഷത്തിലേറെയായുള്ള പരിചയമുണ്ട് ഡോക്ടറുമായി.  ഞാൻ കണ്ടിട്ടുള്ള ഡോക്ടർ എന്ന് പറയുന്നത് സി.എം. ഹൈദരാലി ഡോക്ടറാണ്. ഇവിടെയിരിക്കുന്ന കുറേപേർക്കൊക്കെ അറിയാം, അന്ന് ചെറിയൊരു വീട്ടിലായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ ക്ലിനിക്. അതിനുശേഷം ഡോക്ടറുടെ കഠിനപ്രയത്നം കൊണ്ടാണ് ആലുവക്കാർക്ക് നല്ലൊരു ആശുപത്രി ലഭിക്കുന്നത്.  ഞാനൊക്കെ സ്കൂളിൽ പഠിക്കുന്ന സമയത്ത് എല്ലാവരും പറയുന്നത് കേട്ടിട്ടുണ്ട്; പുറത്തുള്ള ആശുപത്രികളിൽ 1000 രൂപയാകുമെങ്കിൽ, ഹൈദരാലി ഡോക്ടറുടെ അടുത്ത് വന്നാൽ 90 രൂപയ്ക്കോ നൂറ്റിചില്ലാനം രൂപയ്ക്കോ മരുന്ന് വാങ്ങിച്ച് പെട്ടെന്ന് സുഖപ്പെടും. എല്ലാവരെയും പെട്ടെന്ന് സൗഖ്യമാക്കുന്ന അത്രയും കൈപ്പുണ്യമുള്ള ഡോക്ടറാണ് സി.എം. ഹൈദരാലി എന്ന് ആലുവക്കാർക്ക് മുഴുവൻ അറിയാം. ഡോക്ടറെയൊന്ന് കാണണമെങ്കിൽ അത്രയും തിരക്കായിരുന്നു ആ ആശുപത്രിയിൽ.  

നമ്മളെല്ലാവരും പറഞ്ഞതുപോലെ തന്നെ, അദ്ദേഹത്തിന് ചെറിയൊരു സമയദോഷം സംഭവിച്ചു. അതിന്റെയിടയിലാണ് ഒൻപത് വർഷക്കാലം ഈ ആശുപത്രി അദ്ദേഹത്തിന്റെ കയ്യിൽ നിന്ന് വിട്ടുപോവുകയും പിന്നീട് കേസും കൂട്ടവുമൊക്കെയായി തിരികെ ലഭിക്കുകയും ചെയ്തത്. അദ്ദേഹം കഷ്ടപ്പെട്ടുണ്ടാക്കിയെടുത്ത, അദ്ദേഹത്തിന്റെ വിയർപ്പിന്റെയും പ്രയത്നത്തിന്റെയും ഫലമാണ് ഈ ആശുപത്രി. മാത്രമല്ല, ആലുവക്കാർക്കും സമീപപ്രദേശത്തുള്ളവർക്കുമൊക്കെ വലിയൊരു ആശ്വാസകേന്ദ്രമായിരുന്നു അൻവർ മെമ്മോറിയൽ ഹോസ്പിറ്റൽ.

നേരത്തെ പറഞ്ഞതുപോലെ, ഒരേ കാലഘട്ടത്തിലാണ് ഞാനും ഡോക്ടറും ഇത്തരം ഘട്ടങ്ങളിലൂടെ കടന്നുപോയത്. എന്നെ സഹായിക്കുന്നതിൽ നിന്ന് ആളുകളെ തടയാൻ പൊലീസുകാർ നോക്കിയപ്പോൾ, പാവം ഡോക്ടറെയും ഇതിലേക്ക് വലിച്ചിഴച്ചു. എനിക്കതിൽ വലിയ സങ്കടമുണ്ടായിരുന്നു. കാരണം, എന്റെ പേരിൽ ആ നല്ല മനുഷ്യൻ എത്രത്തോളം ബലിയാടായി! വെറുതെ വായിൽ തോന്നിയത് ആരോപിക്കുക, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക... നമുക്കൊന്നും പറയാനും പറ്റില്ല. കയ്യും കാലും കെട്ടിയിട്ടിട്ട് അടിക്കുക എന്ന് പറയുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ ഒൻപത് വർഷക്കാലം.

ഈ കാലയളവിൽ ഡോക്ടർ എന്നെ വിളിച്ച് ഇടയ്ക്കിടെ ചോദിക്കും, ‘ദിലീപിന്റെ കേസ് എന്തായി?’ എന്ന്. അടുത്ത ആഴ്ചത്തേക്ക് മാറ്റിവെച്ചു എന്ന് ഞാൻ പറയുമ്പോൾ, ‘ദൈവമേ, അപ്പോൾ എന്റെ കേസും മാറ്റുമോ?’ എന്ന് ഡോക്ടർ വിഷമത്തോടെ ചോദിക്കും. ഓരോ തവണ ചോദിക്കുമ്പോഴും ഞാൻ പറയും, ‘ചിലപ്പോൾ അടുത്ത ആഴ്ചത്തേക്ക് മാറ്റാൻ സാധ്യതയുണ്ട്’ എന്ന്. കോടതി നടപടികളിൽ എന്റെയും ഡോക്ടറുടെയും കാര്യങ്ങൾ ഒരേപോലെയാണ് പൊയ്ക്കൊണ്ടിരുന്നത്. വിഷമങ്ങൾ വന്നപ്പോൾ ഡോക്ടർക്ക് ഹാർട്ട് സർജറിയായി, ആശുപത്രിയിലായി. വർഷങ്ങളോളം കീഴ്കോടതിയിലും മേൽകോടതിയിലുമൊക്കെയായി കേസ് നീണ്ടുപോയി. അതോടൊപ്പം തന്നെ എന്റെ കേസും മുന്നോട്ട് പോയിക്കൊണ്ടിരുന്നു.

ഒടുവിൽ സത്യം ജയിച്ചു എന്ന് പറയുന്നതുപോലെ, ഡോക്ടർക്ക് അദ്ദേഹത്തിന്റെ ആശുപത്രി തിരികെ ലഭിച്ചു. കേസ് നീണ്ടുപോയപ്പോൾ, മനസ്സ് മടുത്ത് അദ്ദേഹം ഇത് ഉപേക്ഷിച്ചു കളയുമോ എന്ന് എനിക്ക് ഭയമുണ്ടായിരുന്നു.ആലുവയിൽ ഒരുപാട് ചാരിറ്റി ചെയ്യുന്ന ആളുകളുണ്ട്. അതിൽ എടുത്തുപറയേണ്ട ഒരാളാണ് ഡോക്ടർ സി.എം. ഹൈദരാലി. 2009-ൽ എന്റെ അച്ഛന്റെ പേരിൽ ഒരു ട്രസ്റ്റ് തുടങ്ങാനുള്ള പ്രധാന കാരണം അദ്ദേഹത്തിന്റെ പ്രവർത്തനശൈലി തന്നെയാണ്. നാട്ടിലും തൊട്ടടുത്ത പ്രദേശങ്ങളിലുമൊക്കെയായി ഡോക്ടറുടെ നേതൃത്വത്തിൽ കൂട്ടായ്മകൾ ഉണ്ടാക്കുകയും ഒരുപാട് പേർക്ക് വീടുകൾ വെച്ചുകൊടുക്കുകയും ചെയ്തിരുന്നു. ആ സമയത്ത് ഡോക്ടറും, ഡോക്ടർ ടോണി ഫെർണാണ്ടസും, റെഡ് ക്രോസും, സെന്റ് സേവ്യേഴ്സ് കോളജുമൊക്കെ ചേർന്ന് 90 ഓളം വീടുകൾ വച്ചുനൽകി. എന്റെതായ ഒരു വിഹിതം നൽകി ഞാനും അതിന്റെ ഭാഗമായി.

പിന്നീട് ട്രസ്റ്റിന്റെ പേരിൽ 1000 വീടുകൾ നിർമിച്ചു നൽകുന്ന പദ്ധതിക്ക് ചുക്കാൻ പിടിച്ചതും എല്ലാ സഹായങ്ങളും ചെയ്തുതന്നതും റെഡ് ക്രോസും ഡോക്ടർ സി.എം. ഹൈദരാലിയുമായിരുന്നു. ജി.പി. ചാരിറ്റബിൾ ട്രസ്റ്റ് അതിനെ പിന്തുണച്ചുപോന്നു. ആ പദ്ധതിയിലൂടെ 11 വീടുകൾ പൂർത്തിയാക്കിയ സമയത്താണ് എനിക്ക് പ്രശ്നങ്ങൾ ഉണ്ടാകുന്നത്. നമ്മൾ ആർക്കെങ്കിലും എന്തെങ്കിലും സഹായം ചെയ്താൽ, ഉടനെ അത് 'മറ്റയാൾക്ക് കാശ് കൊടുത്തതാണ്' എന്ന് പറഞ്ഞ് അന്വേഷണ ഉദ്യോഗസ്ഥരായ പൊലീസുകാർ കുറ്റപ്പെടുത്താൻ തുടങ്ങി. അതോടുകൂടി ആ ട്രസ്റ്റിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കേണ്ടി വന്നു. 

പന്ത്രണ്ടാം ക്ലാസ് വരെ പഠിക്കുന്ന ഒരുപാട് കുട്ടികളുടെ പഠനച്ചെലവുകൾ നമ്മൾ ഏറ്റെടുത്തിരുന്നു. ആർ.സി.സി., മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ എന്നിവയുമായി സഹകരിച്ച് ഒരുപാട് നിർദ്ധന രോഗികളുടെ ബില്ലുകൾ സെറ്റിൽ ചെയ്തിരുന്നു. എന്നാൽ ആ ജീവകാരുണ്യ പ്രവർത്തനങ്ങളെല്ലാം താൽക്കാലികമായി ഫ്രീസ് ചെയ്യേണ്ടിവന്നു.  ഇത്രയും പ്രശ്നങ്ങൾക്കിടയിലും, ആശുപത്രി അടഞ്ഞുകിടന്നപ്പോഴും, പെയിൻ ആൻഡ് പാലിയേറ്റീവ് വഴി ഒരു രൂപ പോലും വാങ്ങാതെ ഡോക്ടർ ഒരുപാട് പേരെ ശുശ്രൂഷിച്ചുകൊണ്ടേയിരുന്നു. അദ്ദേഹത്തിന്റെ ആ നന്മയാണ് ഇന്ന് നമുക്ക് ഏറ്റവും സന്തോഷമുള്ള ഒരു ദിവസം സമ്മാനിച്ചത്. കാരണം, അദ്ദേഹത്തിന്റെ സ്ഥാപനം വീണ്ടും സജീവമാകുകയാണ്.

മുമ്പ് അദ്ദേഹത്തോടൊപ്പം കൈപ്പുണ്യമുള്ള മികച്ചൊരു കൂട്ടം ഡോക്ടർമാരുണ്ടായിരുന്നു. ആശുപത്രി അടച്ചപ്പോൾ അവരൊക്കെ മറ്റ് ഹോസ്പിറ്റലുകളിലേക്ക് മാറി. എങ്കിലും അവരിൽ ചിലർ എന്നോട് പറഞ്ഞിരുന്നു, ‘എന്നെങ്കിലും ഹൈദരാലി ഡോക്ടർ ആ ഹോസ്പിറ്റൽ വീണ്ടും തുറക്കുകയാണെങ്കിൽ ഞങ്ങൾ തീർച്ചയായും തിരിച്ചുവരും’ എന്ന്. എന്തായാലും ആലുവക്കാർക്കും സമീപവാസികൾക്കും അദ്ദേഹത്തിന്റെ സേവനം വീണ്ടും ലഭ്യമാകാൻ പോകുന്നു. അദ്ദേഹത്തിന് ദീർഘായുസ്സും ആയുരാരോഗ്യ സൗഭാഗ്യങ്ങളും നേരുന്നു.’’– ദിലീപിന്റെ വാക്കുകൾ.