വെറുതെ വിട്ടത് നാല് പ്രതികളെ, പ്രതികളെ ദിലീപുമായി ബന്ധിപ്പിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു ; ക്രിമിനൽ ഗൂഢാലോചന തെളിയിക്കാനായില്ല
നടിയെ ആക്രമിച്ച കേസിൽ ഒന്ന് മുതൽ ആറ് വരെ പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കുന്നതിൽ പ്രോസിക്യൂഷൻ വിജയിച്ചപ്പോൾ മറ്റ് പ്രതികളുടെ കാര്യത്തിൽ കോടതിയിൽ അവർ സമർപ്പിച്ച തെളിവുകൾ സമ്പൂർണമായി
കൊച്ചി : നടിയെ ആക്രമിച്ച കേസിൽ ഒന്ന് മുതൽ ആറ് വരെ പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കുന്നതിൽ പ്രോസിക്യൂഷൻ വിജയിച്ചപ്പോൾ മറ്റ് പ്രതികളുടെ കാര്യത്തിൽ കോടതിയിൽ അവർ സമർപ്പിച്ച തെളിവുകൾ സമ്പൂർണമായി പരാജയപ്പെടുന്നതാണ് കണ്ടത്. കേസിലെ ഒന്നു മുതൽ ആറ് വരെ പ്രതികളായ ൻ.എസ് സുനിൽ(പൾസർ സുനി), മാർട്ടിൻ ആന്റണി, ബി.മണികണ്ഠൻ, വി.പി.വിജീഷ്, എച്ച്.സലിം, പ്രദീപ് കൃത്യത്തിൽ നേരിട്ട് പങ്കെടുത്തത്. ഇവരുടെ പങ്ക് സംശയാസ്പദമായി തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ വിജയിച്ചു.
എന്നാൽ, ഒന്ന് മുതൽ ആറ് വരെ പ്രതികളെ ദിലീപുമായി ബന്ധിപ്പിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു. കേസിന്റെ വിചാരണക്കിടെ 28 പേരാണ് കേസിൽ കൂറുമാറിയത്. മാനഭംഗം, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കൽ, അന്യായ തടങ്കൽ, ബലപ്രയോഗം, തെളിവ് നശിപ്പിക്കൽ, അശ്ലീല ചിത്രമെടുക്കൽ, പ്രചരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. ഇതിൽ മറ്റ് കുറ്റങ്ങളെല്ലാം തെളിയിക്കപ്പെട്ടെങ്കിലും തെളിവ് നശിപ്പിക്കൽ, ഗൂഢാലോചന എന്നിവ പ്രോസിക്യൂഷന് തെളിയിക്കാനായില്ല
കുറ്റകൃത്യം നടന്നയുടൻ പൾസർ സുനി ഉൾപ്പടെയുള്ളവർ പൊലീസിന്റെ പിടിയലായി. കേസിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണത്തിൽ ജൂലൈയിലാണ് നടൻ ദിലീപ് അറസ്റ്റിലായത്.
2017 ഫെബ്രുവരി 17 നാണ് രാജ്യത്തുടനീളം ചർച്ചയായ ആക്രമണം നടന്നത്. സമൂഹ മനസാക്ഷിയെ ഞെട്ടിച്ചതും മലയാള സിനിമാ ലോകത്തെ ക്രിമിനൽ ഇടപെടലുകളിലേക്ക് വെളിച്ചം വീശുന്നതുമായ സംഭവമാണ് അന്ന് അരങ്ങേറിയത്. തൃശൂരിൽനിന്ന് ഒരു സിനിമയുടെ ഡബ്ബിങ് കഴിഞ്ഞ് മടങ്ങുകയായിരുന്നു നടി. അങ്കമാലി അത്താണിക്ക് സമീപത്തുവെച്ച് കാറിൽ അതിക്രമിച്ച് കയറിയ അക്രമി സംഘം നടിയെ ശാരീരികമായി ഉപദ്രവിക്കുകയും വീഡിയോയും ചിത്രങ്ങളും പകർത്തുകയും ചെയ്തു. ആക്രമണത്തിനു ശേഷം രക്ഷപ്പെട്ട നടി സംവിധായകനും നടനുമായ ലാലിൻറെ കാക്കനാട്ടെ വീട്ടിലാണ് അഭയം തേടിയത്. അദ്ദേഹത്തിൽ നിന്ന് വിവരമറിഞ്ഞ അന്തരിച്ച പി.ടി. തോമസ് എം.എൽ.എ വിഷയം ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ അറിയിച്ചു. ഇതിനു പിന്നാലെയാണ് കേസ് വലിയ ചർച്ചയാവുന്നത്.
പല നാടകീയ സംഭവങ്ങൾക്കു ശേഷം ദിലീപിൻറെ അറസ്റ്റ്, ആഴ്ചകൾ നീണ്ട ജയിൽവാസം തുടങ്ങിയ സംഭവ പരമ്പരകൾക്കും കേരളം സാക്ഷിയായി. നടിയെ ആക്രമിക്കാൻ ദിലീപും പൾസർ സുനിയും ചേർന്ന് ഗൂഢാലോചന നടത്തിയതെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ദിലീപിൻറെ ഇടപെടൽ വ്യക്തമായതോടെ അതുവരെ താരത്തെ സംരക്ഷിച്ച താരസംഘടനയായ അമ്മയും അദ്ദേഹത്തെ കൈവിട്ടു. സഹതാരങ്ങളായ പലരും തുടക്കത്തിൽ നടിക്കൊപ്പം നിൽക്കുകയും പിന്നീട് കൂറുമാറുകയും ചെയ്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് പിന്നീട് മലയാള സിനിമയിലും വലിയ മാറ്റങ്ങളും സംഭവവികാസങ്ങളും അരങ്ങേറി. ഡബ്ലിയു.സി.സി രൂപവത്കരണവും സിനിമയിലെ പ്രശ്നങ്ങൾ പഠിക്കാനായി ഹേമ കമ്മിറ്റിയെ നിയോഗിച്ചതുമെല്ലാം ഇതിൻറെ തുടർച്ചയാണ്.