വീണ്ടും ഡിജിറ്റല്‍ അറസ്റ്റ് ; സീനിയര്‍ ഡോക്ടറുടെ 1.29 കോടി രൂപ തട്ടി 

ഭയന്നുപോയ ഡോക്ടര്‍ പല ദിവസങ്ങളിലായാണ് പണം കൈമാറിയത്.

 

സിബിഐ ഡയറക്ടറും സുപ്രീം കോടതി ജഡ്ജിയും ഇഡി ഉന്നതനും ചമഞ്ഞാണ് തട്ടിപ്പുകാര്‍ വീഡിയോ കോളിലെത്തിയത്.

തിരുവനന്തപുരത്ത് മുംബൈ പൊലീസിന്റെ പേരില്‍ ഡിജിറ്റല്‍ തട്ടിപ്പ്. തലസ്ഥാനത്തെ സീനിയര്‍ ഡോക്ടറില്‍ നിന്ന് 1.29 കോടി തട്ടി. കേസുണ്ടെന്ന പേരില്‍ ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയെടുത്തത്. സംഭവത്തില്‍ ഒമ്പതുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സിബിഐ ഡയറക്ടറും സുപ്രീം കോടതി ജഡ്ജിയും ഇഡി ഉന്നതനും ചമഞ്ഞാണ് തട്ടിപ്പുകാര്‍ വീഡിയോ കോളിലെത്തിയത്.


മുംബൈ പൊലീസിന്റെതെന്ന പേരിലായിരുന്നു വീഡിയോ കോള്‍. ഡോക്ടറുടെ സിം ഉപയോഗിച്ച് സ്ത്രീകളെ അസഭ്യം പറഞ്ഞതിന് കേസുണഅടെന്നായിരുന്നു ആദ്യ ഭീഷണി. ഇതിന് പിന്നാലെ ശിവസേന നേതാവിന്റെ അഴിമതി പണം ഡോക്ടറുടെ അക്കൗണ്ടില്‍ വന്നതിനും തെളിവുണ്ടെന്നും തട്ടിപ്പുകാര്‍ വിശ്വസിപ്പിച്ചു. കേസ് ഒഴിവാക്കണമെങ്കില്‍ ഒരു കോടി മുപ്പത് ലക്ഷം രൂപ റിസര്‍വ് ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റണമെന്നായിരുന്നു ആവശ്യം. ഭയന്നുപോയ ഡോക്ടര്‍ പല ദിവസങ്ങളിലായാണ് പണം കൈമാറിയത്.