ധനരാജ് വധക്കേസ്: വിധിയെ സ്വാഗതം ചെയ്യുന്നതായി സ്പെഷ്യൽ പ്രോസിക്യൂട്ടർ സി.കെ. ശ്രീധരൻ
പയ്യന്നൂരിലെ സിപിഎം പ്രവർത്തകൻ സി.വി. ധനരാജ് വധക്കേസിലെ തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സി.കെ. ശ്രീധരൻ വ്യക്തമാക്കി. ധനരാജിനെ നേരിട്ട് വെട്ടിക്കൊലപ്പെടുത്തിയ ഒന്ന് മുതൽ മൂന്ന് വരെയുള്ള പ്രതികളെ കുറ്റക്കാരായി കണ്ടെത്തിയ കോടതി നടപടി പ്രോസിക്യൂഷൻ വാദങ്ങൾക്കുള്ള അംഗീകാരമാണെന്ന് അദ്ദേഹം പറഞ്ഞു.
കണ്ണൂർ: പയ്യന്നൂരിലെ സിപിഎം പ്രവർത്തകൻ സി.വി. ധനരാജ് വധക്കേസിലെ തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സി.കെ. ശ്രീധരൻ വ്യക്തമാക്കി. ധനരാജിനെ നേരിട്ട് വെട്ടിക്കൊലപ്പെടുത്തിയ ഒന്ന് മുതൽ മൂന്ന് വരെയുള്ള പ്രതികളെ കുറ്റക്കാരായി കണ്ടെത്തിയ കോടതി നടപടി പ്രോസിക്യൂഷൻ വാദങ്ങൾക്കുള്ള അംഗീകാരമാണെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, കൊലപാതകത്തിന്റെ ഗൂഢാലോചനയിൽ പങ്കെടുത്ത നാല് മുതൽ 20 വരെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് സി.കെ. ശ്രീധരൻ അറിയിച്ചു. കൊലപാതകം നടന്ന ദിവസവും അതിന് ഒരു മാസം മുമ്പും നടന്ന ഗൂഢാലോചനയുടെ അടിസ്ഥാനത്തിലാണ് ഇതൊരു ആസൂത്രിത കൊലപാതകമാണെന്ന് പ്രോസിക്യൂഷൻ വാദിച്ചത്. വിധിപ്പകർപ്പ് ലഭിച്ച ശേഷം ഇക്കാര്യം ചൂണ്ടിക്കാട്ടി അപ്പീൽ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.കേസിൽ അന്വേഷണ സംഘത്തിന്റെ ഭാഗത്തുനിന്ന് വീഴ്ചകൾ ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യം തീർത്തും നിരാകരിക്കുന്നില്ലെന്നും സി.കെ. ശ്രീധരൻ പ്രതികരിച്ചു. അന്വേഷണ ഘട്ടത്തിൽ ചില പാളിച്ചകളും സാക്ഷിമൊഴികൾ ശേഖരിക്കുന്നതിൽ പരിമിതികളും ഉണ്ടായതായി കോടതി തന്നെ നിരീക്ഷിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
അതേസമയം പയ്യന്നൂരിലെ സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയും ഡി.വൈ.എഫ്.ഐ. നേതാവുമായിരുന്ന രാമന്തളി കാരന്താട്ടെ സി.വി. ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ആദ്യ മൂന്ന് പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ടി.പി. ബിജു, എം. വൈശാഖ്, എം. വിപിൻ എന്നിവരാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. എം.വിപിനും, എം. വൈശാഖും സഹോദരങ്ങളാണ്. നാലു മുതൽ 20 വരേയുള്ള പ്രതികളെ വെറുതെവിട്ടു.
തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ.എൻ.പ്രശാന്ത് ആണ് വിധിപറഞ്ഞത്. 20 ബി.ജെ.പി.-ആർ.എസ്.എസ്. പ്രവർത്തകരായിരുന്നു കേസിൽ പ്രതികൾ. 12-ാം പ്രതിയായ സി.ബിജു (ചൂരക്കാട്ട് ബിജു) പിന്നീട് കൊല്ലപ്പെട്ടിരുന്നു. 19 പ്രതികളുടെ വിചാരണയാണ് പൂർത്തിയായത്. പത്തുവർഷത്തിനു ശേഷമാണ് കേസിൽ വിധി വരുന്നത്.