ധനരാജ് വധക്കേസ് ; ശിക്ഷിക്കപ്പെട്ട പ്രതികൾക്ക് വേണ്ടി അപ്പീൽ പോകുമെന്ന് പ്രതിഭാഗം അഭിഭാഷകൻ
സിപിഎം പ്രവർത്തകൻ ധൻരാജ് വധക്കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികൾക്ക് വേണ്ടി അപ്പീൽ പോകുമെന്ന് പ്രതിഭാഗം അഭിഭാഷകൻ പി പ്രേമരാജൻ. വിധി പകർപ്പിന്റെ മറ്റ് ഉള്ളടക്കം പഠിച്ചതിന് ശേഷം ഹൈക്കോടതിയെ സമീപിക്കുമെന്നും പി പ്രേമരാജൻ പറഞ്ഞു.
തളിപ്പറമ്പ് : സിപിഎം പ്രവർത്തകൻ ധൻരാജ് വധക്കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികൾക്ക് വേണ്ടി അപ്പീൽ പോകുമെന്ന് പ്രതിഭാഗം അഭിഭാഷകൻ പി പ്രേമരാജൻ. വിധി പകർപ്പിന്റെ മറ്റ് ഉള്ളടക്കം പഠിച്ചതിന് ശേഷം ഹൈക്കോടതിയെ സമീപിക്കുമെന്നും പി പ്രേമരാജൻ പറഞ്ഞു.
അതെ സമയം, ധൻരാജ് വധക്കേസിൽ സ്വാഗതാർഹമായ വിധിയെന്ന് സെപെഷൽ പ്രോസിക്യൂട്ടർ സി കെ ശ്രീധരൻ പ്രിതികരിച്ചു. 16 പേരെ വെറുതെവിട്ടതും ഗൂഢാലോചന തെളിയിക്കാനും മേൽക്കോടതിയെ സമീപിക്കുമെന്നും വിധി വന്ന ശേഷം പ്രോസിക്യൂട്ടർ പ്രതികരിച്ചു.
ധൻരാജ് വധക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികൾക്ക് ജീവപര്യന്തം ശിക്ഷയാണ് കോടതി വിധിച്ചത്. 5 ലക്ഷം രൂപ പിഴ ഒടുക്കണമെന്നും കോടതി വിധിച്ചു. തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.
കേസിലെ ഒന്ന് മുതൽ മൂന്ന് വരെയുള്ള പ്രതികളുടെ കൊലക്കുറ്റം തെളിഞ്ഞതായി കോടതി കണ്ടെത്തിയിരുന്നു. ഒന്നാം പ്രതി ടി.പി. ബിജു, രണ്ടാം പ്രതി എം. വിപിൻ, മൂന്നാം പ്രതി എം. വൈശാഖ് എന്നിവരാണ് കുറ്റക്കാർ. ഇതിൽ രണ്ടും മൂന്നും പ്രതികൾ സഹോദരന്മാരാണ്.
സംശയത്തിന്റെ ആനുകൂല്യത്തിൽ നാല് മുതൽ 20 വരെയുള്ള പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു. കൊലപാതകത്തിന്റെ ഉദ്ദേശ്യം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും, മാധ്യമ വാർത്തകളിലൂടെയാണ് സാക്ഷികൾ പ്രതികളെ തിരിച്ചറിഞ്ഞതെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദങ്ങൾ കോടതി തള്ളി. പകരം, വീട്ടിലെ വൈദ്യുത വെളിച്ചത്തിലാണ് സാക്ഷികൾ പ്രതികളെ കണ്ടതെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു.