അരവണ നിർമാണം വർധിപ്പിക്കും; ശബരിമലയിലേക്ക് മിൽമയിൽ നിന്ന് 10,000 ലിറ്റർ നെയ്യ് വാങ്ങാൻ ദേവസ്വം ബോർഡ്
വൃശ്ചികം ഒന്നു വരെയുള്ള ആവശ്യത്തിനായി മിൽമയിൽ നിന്നും നെയ്യ് വാങ്ങാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു. 10,000 ലിറ്റർ നെയ്യ് മിൽമയിൽ നിന്നും വാങ്ങാനാണ് തത്വത്തിൽ ധാരണയായിരിക്കുന്നത്
തിരുവനന്തപുരം: വൃശ്ചികം ഒന്നു വരെയുള്ള ആവശ്യത്തിനായി മിൽമയിൽ നിന്നും നെയ്യ് വാങ്ങാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു. 10,000 ലിറ്റർ നെയ്യ് മിൽമയിൽ നിന്നും വാങ്ങാനാണ് തത്വത്തിൽ ധാരണയായിരിക്കുന്നത്. ദേവസ്വം വിജിലൻസ് വിഭാഗത്തിന്റെ അനുമതി കിട്ടിയശേഷം നെയ്യ് എത്തിക്കും. വിഷയത്തിൽ നിയമോപദേശം തേടുമെന്നും ദേവസ്വം ബോർഡ് അറിയിച്ചു.
നവംബർ 15 വരെ നട അടച്ചിരിക്കുന്നതിനാൽ ഭക്തർ കൊണ്ടുവരുന്ന നെയ്യ് ലഭ്യമാകില്ല. ഇക്കാരണത്താലാണ് അടിയന്തരമായി മിൽമയിൽ നിന്നും നെയ്യ് വാങ്ങുന്നത്. നെയ്യ് കവചിത വാഹനത്തിൽ എത്തിക്കണമെന്ന് നിർദ്ദേശം നൽകിയിരിക്കുന്നത്. നേരത്തെ നിലവാരം കുറഞ്ഞ നെയ്യ് എത്തിച്ചതുമായി ബന്ധപ്പെട്ട് വിവാദമുയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് കവചിത വാഹനത്തിൽ തന്നെ നെയ്യ് എത്തിക്കാൻ കർശന നിർദേശം നൽകിയിരിക്കുന്നത്.
മണ്ഡലകാലം ആരംഭിക്കുന്നതിന് മുന്നോടിയായി അരവണ സ്റ്റോക്ക് ചെയ്യാനാണ് ദേവസ്വം ബോർഡ് തയ്യാറെടുക്കുന്നത്. നിലവിൽ കരുതൽ ശേഖരത്തിനായി സന്നിധാനത്ത് അരവണ നിർമാണം നടന്നുവരികയാണ്. പരമാവധി നിർമാണം നടത്താനുള്ള ശ്രമമാണ് നടന്നുവരുന്നത്. വൃശ്ചികം ഒന്നുവരെയുള്ള ദിവസങ്ങളിലെ ആവശ്യത്തിന് മാത്രമാണ് നെയ്യ് വാങ്ങുക.