ദേവസ്വം ബോര്‍ഡ് നിയമന വിവാദം; പുതിയ ഉത്തരവ് പുറത്തിറങ്ങി

വിവാദ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന പ്രമുഖ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് പുതിയ ഉത്തരവില്‍ നടപടിയുണ്ടായിരിക്കുന്നത്.

 

സംഘടനകളുടെ ശക്തമായ പരാതികള്‍ കണക്കിലെടുത്ത് അന്തിമ ഉത്തരവില്‍ ബോര്‍ഡ് തിരുത്തലുകള്‍ വരുത്തുകയായിരുന്നു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ സ്ഥലംമാറ്റ ഉത്തരവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന കടുത്ത വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും പിന്നാലെ ഉത്തരവ് ഭേദഗതി ചെയ്തു. കോണ്‍ഗ്രസ് അനുകൂല സംഘടനകളും ഭരണാനുകൂല സംഘടനയും ഉന്നയിച്ച മുഴുവന്‍ ആവശ്യങ്ങളും പരാതികളും വിശദമായി പരിഗണിച്ചാണ് ദേവസ്വം ബോര്‍ഡ് പുതിയ ഉത്തരവ് നിലവില്‍ പുറപ്പെടുവിച്ചിരിക്കുന്നത്. വിവാദ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന പ്രമുഖ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് പുതിയ ഉത്തരവില്‍ നടപടിയുണ്ടായിരിക്കുന്നത്.

ദേവസ്വം മുന്‍ ക്ലര്‍ക്കായ ശ്യാം പ്രകാശിനെ കൊട്ടാരക്കര അസിസ്റ്റന്റ് ഓഡിറ്ററായി നിയമിച്ചു. ഇയാള്‍ക്ക് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ തസ്തികയിലായിരുന്നു നേരത്തെ നിയമനം നല്‍കിയിരുന്നത്. ഇതിനെതിരെ വലിയ രീതിയില്‍ പരാതികള്‍ ഉയര്‍ന്നിരുന്നു. വിജിലന്‍സ് ഓഫീസറായി നേരത്തെ നിയമിച്ച വിഷ്ണു ജെ.എസിനെ പുതിയ ഉത്തരവ് പ്രകാരം മുണ്ടക്കയം അസിസ്റ്റന്റ് ദേവസ്വം കമ്മീഷണറായി മാറ്റി നിയമിച്ചു.

ആകെ 75 പേരുടെ സ്ഥലംമാറ്റ പട്ടികയില്‍ 20 പേരുടെ നിയമനമാണ് പുനഃപരിശോധനയ്ക്ക് വിധേയമാക്കാന്‍ ബോര്‍ഡ് യോഗം തീരുമാനിച്ചിരുന്നത്. ചില ക്ഷേത്രങ്ങളിലേക്ക് ആളുകള്‍ നിയമനം ആവശ്യപ്പെട്ടില്ല എന്നതിന്റെ പേരില്‍ മാത്രം അവിടെ ഒഴിച്ചിടാനാകില്ലെന്നും ഇത്തരം കാര്യങ്ങള്‍ വിശദമായി പരിശോധിക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ജയകുമാര്‍ മുന്‍പ് വ്യക്തമാക്കിയിരുന്നു. എസ്‌ഐടി ചോദ്യം ചെയ്തു എന്നതിന്റെ പേരില്‍ മാത്രം ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്താനാകില്ലെന്നും വിജിലന്‍സ് ക്ലിയറന്‍സ് ഇല്ലാത്ത ആരെയും ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും കെ. ജയകുമാര്‍ വിശദീകരിച്ചിരുന്നു. എങ്കിലും സംഘടനകളുടെ ശക്തമായ പരാതികള്‍ കണക്കിലെടുത്ത് അന്തിമ ഉത്തരവില്‍ ബോര്‍ഡ് തിരുത്തലുകള്‍ വരുത്തുകയായിരുന്നു.