ഒരു രാത്രി മുഴുവന്‍ വിജനമായ  കാപ്പിത്തോട്ടത്തില്‍;നാടൊന്നിച്ച രക്ഷാപ്രവർത്തനം ,  കുടകില്‍ കാണാതായ രണ്ടുവയസ്സുകാരിയെ കണ്ടെത്തി

വഴിതെറ്റിയ രണ്ടു വയസ്സുകാരി ഒരുരാത്രിമുഴുവൻ വിജനമായ കാപ്പിത്തോട്ടത്തിൽ കഴിഞ്ഞു. കുടക് ജില്ലയിലെ ബി ഷെട്ടിഗേരി ഗ്രാമപ്പഞ്ചായത്തിലെ കൊങ്കണയ്ക്ക് സമീപം ശനിയാഴ്ച വൈകീട്ടാണ് സംഭവം. തോട്ടത്തിലെ തൊഴിലാളികളായ സുനിൽ, നാഗിനി ദമ്പതിമാരുടെ മകളായ സുനന്യയെയാണ് കാണാതായത്. 

 

മൈസൂരു: വഴിതെറ്റിയ രണ്ടു വയസ്സുകാരി ഒരുരാത്രിമുഴുവൻ വിജനമായ കാപ്പിത്തോട്ടത്തിൽ കഴിഞ്ഞു. കുടക് ജില്ലയിലെ ബി ഷെട്ടിഗേരി ഗ്രാമപ്പഞ്ചായത്തിലെ കൊങ്കണയ്ക്ക് സമീപം ശനിയാഴ്ച വൈകീട്ടാണ് സംഭവം. തോട്ടത്തിലെ തൊഴിലാളികളായ സുനിൽ, നാഗിനി ദമ്പതിമാരുടെ മകളായ സുനന്യയെയാണ് കാണാതായത്. 

അഞ്ചുദിവസം മുൻപ് മകളോടൊപ്പം കൊങ്കണ ഗ്രാമത്തിലെത്തിയ ദന്പതിമാർ കാപ്പിത്തോട്ടത്തിൽ ജോലി ചെയ്യാൻ തുടങ്ങി. ശനിയാഴ്ച ഉച്ചയ്ക്ക് ഇവർ ജോലിക്ക് പോകുമ്പോൾ മകളെയും കൂട്ടി. തുടർന്ന് തോട്ടത്തിലെ മറ്റു തൊഴിലാളികളുടെ കുട്ടികളോടൊപ്പം കളിക്കാൻവിട്ടു. കളിക്കുന്നതിനിടെ സുനന്യ വഴിതെറ്റി വിജനമായ തോട്ടത്തിനകത്ത് അകപ്പെടുകയായിരുന്നു.

സുനന്യയെ കാണാതായതോടെ ഗ്രാമവാസികളും വനംവകുപ്പ് ഉദ്യോഗസ്ഥരും ശനിയാഴ്ച രാത്രി മുഴുവൻ തിരച്ചിൽ നടത്തി. എന്നിട്ടും കുട്ടിയെ കണ്ടെത്താനായില്ല. ഇതിനിടെ തോട്ടത്തിനുള്ളിൽ വനം ജീവനക്കാർ, കടുവ കാട്ടുപന്നിയെ വേട്ടയാടി ജഡം ഉപേക്ഷിച്ചതായി കണ്ടെത്തി. കടുവയുടെ കാൽപ്പാടുകളും കണ്ടതോടെ എല്ലാവരും പരിഭ്രാന്തരായി. തുടർന്ന് ഞായറാഴ്ച പുലർച്ചെ പഞ്ചായത്ത് പ്രസിഡന്റ് കൊല്ലിര ബൊപ്പണ്ണയുടെ നേതൃത്വത്തിൽ വീണ്ടും തോട്ടത്തിന്റെ ഉൾഭാഗങ്ങളിൽ തിരച്ചിലാരംഭിച്ചു.

ഇതിനിടെ തോട്ടത്തിലെ ഒരു മരത്തിനടിയിൽ കുട്ടി ഭയന്ന് ഇരിക്കുന്നത് കണ്ടെത്തി. കുട്ടിയെ കാണാതായി 14 മണിക്കൂർ കഴിഞ്ഞാണ് കണ്ടെത്തുന്നത്. തുടർന്ന് ഞായറാഴ്ച രാവിലെ ഏഴോടെ സുനന്യയെ മാതാപിതാക്കളുടെ അരികിലെത്തിച്ചു.

ഗോണികുപ്പ ഫോറസ്റ്റ് എസ്‌ഐ പ്രദീപ് കുമാർ, ഡിആർഎഫ്ഒ ജെ.കെ. ശ്രീധർ എന്നിവർ സ്ഥലത്തെത്തിയിരുന്നു. കുട്ടി തോട്ടത്തിനകത്ത് ഉറങ്ങിപോയതായിരിക്കാമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയാക്കി യാതൊരു പരിക്കുമില്ലെന്ന് ഉറപ്പാക്കിയാണ് രക്ഷിതാക്കൾക്കൊപ്പം വീട്ടിലേക്ക് വിട്ടത്.