കൈതപ്രം സോമയാഗത്തില്‍ പങ്കെടുത്ത ഉദ്യോഗസ്ഥനെതിരെ വകുപ്പുതല അന്വേഷണം,
പൊലിസ് സേനയ്ക്കുളളില്‍ അമര്‍ഷം പുകയുന്നു

കണ്ണൂര്‍: ദേവഭൂമിയായ കൈതപ്രത്ത് സോമയാഗത്തില്‍ പങ്കെടുത്ത പൊലിസ് ഉദ്യോഗസ്ഥനെതിരെ വകുപ്പുതല അന്വേഷണം നടത്തുന്നതില്‍ സേനയ്ക്കുളളില്‍ അമര്‍ഷം പുകയുന്നു. ചെറുപുഴ പൊലിസ് സ്‌റ്റേഷനിലെ സീനിയര്‍ സി.പി.ഒയും പ്രമുഖമന:ശാസ്ത്ര കൗണ്‍സിലറുമായ സഹദേവനെതിരെയാണ് സി.പി. എം ബ്രാഞ്ച് സെക്രട്ടറിയുടെ പരാതിയില്‍ ഡി.ജി.പി അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതു സംബന്ധിച്ചു വകുപ്പുതല അന്വേഷണം നടത്തി റിപ്പോര്‍ട്ടു നല്‍കാന്‍ പയ്യന്നൂര്‍ ഡി.വൈ. എസ്.പി കെ. ഇ പ്രേമചന്ദ്രനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സഹദേവന്‍ സോമയാഗ വേദിയില്‍ പ്രാര്‍ത്ഥിക്കുന്ന ഫോട്ടോ സഹിതമാണ് ബ്രാഞ്ച് സെക്രട്ടറി പരാതി നല്‍കിയത്. എന്നാല്‍ വിശ്വാസത്തിന്റെ പേരില്‍ സോമയാഗ വേദിയില്‍ പ്രാര്‍ത്ഥിക്കാന്‍ പോയതിനെതിരെ പരാതി നല്‍കിയത് വ്യക്തിവൈരാഗ്യം കാരണമെന്നാണ് പൊലിസിലെ സഹപ്രവര്‍ത്തകര്‍ പറയുന്നത്.
ശബരിമല ഡ്യൂട്ടിക്ക് വേണ്ടി സി.പി. എം അനുഭാവികളായ പൊലിസുകാര്‍ പോലും വ്രതാനുഷ്ഠനത്തോടെ നില്‍ക്കുന്ന കേരളത്തില്‍ സോമയാഗം കാണാന്‍ പോയതിന്റെ പേരില്‍ ഒരു പൊലിസുകാരനെതിരെ നടപടി സ്വീകരിക്കുന്നത് ഇന്ത്യയില്‍ ആദ്യത്തെ സംഭവമാണെന്നു സോമയാഗ സമിതി ഭാരവാഹികളും ചൂണ്ടിക്കാട്ടി. ആയിരത്തിലേറെ വേദികളില്‍ മന:ശാസ്ത്ര സംബന്ധമായ ക്‌ളാസെടുത്ത മികച്ച പൊലിസ് ഉദ്യോഗസ്ഥനെ വ്യക്തി വിദ്വേഷത്തിന്റെ പേരില്‍ പീഡിപ്പിക്കുനുളള സി.പി. എം നീക്കം എതിര്‍ക്കുമെന്നാണ് ഒരുവിഭാഗം പൊലിസുകാര്‍ പറയുന്നത്.
ഒരുമാസം മുന്‍പാണ് കൈതപ്രം ചന്തപ്പുരയല്‍ നടന്ന സോമയാഗത്തില്‍ സഹദേവന്‍കുടുംബസമേതം പങ്കെടുത്തത്.അസുഖ ബാധിതനായി മെഡിക്കല്‍ അവധിയില്‍ കഴിയുമ്പോഴായിരുന്നു സോമയാഗത്തില്‍ പങ്കെടുത്തത്. അസുഖം മാറാനുളള പ്രാര്‍ത്ഥന കൂടിയായിരുന്നു അദ്ദേഹത്തിനും കുടുംബത്തിനും സോമയാഗത്തിലുളള പങ്കെടുക്കലെന്നാണ് വിവരം.