ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് ആദരമര്‍പ്പിച്ച് തപാല്‍ വകുപ്പ്; സ്ഥിരം ചിത്രമുദ്രയും പ്രത്യേക തപാല്‍ കവറും പുറത്തിറക്കുന്നു

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് ആദരമര്‍പ്പിച്ച് തപാല്‍ വകുപ്പ്. സ്ഥിരം ചിത്രമുദ്രയും പ്രത്യേക തപാല്‍ കവറും പുറത്തിറക്കുന്നു. ഓഗസ്റ്റ് 10 തിങ്കളാഴ്ച ഫോര്‍ട്ട് പോസ്റ്റ് ഓഫിസില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ ചിത്രമുദ്ര ഔദ്യോഗികമായി പ്രകാശനം ചെയ്യും. ഇതോടെ തപാല്‍ വകുപ്പിന്റെ സ്ഥിരം ചിത്രമുദ്ര ലഭിക്കുന്ന സംസ്ഥാനത്തെ നാലാമത്തെ ക്ഷേത്രമായി ശ്രീ പത്മനാഭസ്വാമി ക്ഷേത്രം മാറും

 

കൊച്ചി: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് ആദരമര്‍പ്പിച്ച് തപാല്‍ വകുപ്പ്. സ്ഥിരം ചിത്രമുദ്രയും പ്രത്യേക തപാല്‍ കവറും പുറത്തിറക്കുന്നു. ഓഗസ്റ്റ് 10 തിങ്കളാഴ്ച ഫോര്‍ട്ട് പോസ്റ്റ് ഓഫിസില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ ചിത്രമുദ്ര ഔദ്യോഗികമായി പ്രകാശനം ചെയ്യും. ഇതോടെ തപാല്‍ വകുപ്പിന്റെ സ്ഥിരം ചിത്രമുദ്ര ലഭിക്കുന്ന സംസ്ഥാനത്തെ നാലാമത്തെ ക്ഷേത്രമായി ശ്രീ പത്മനാഭസ്വാമി ക്ഷേത്രം മാറും. മുന്‍പ് ശബരിമല, ഗുരുവായൂര്‍, കാസര്‍കോട്ടെ മധൂര്‍ സിദ്ധിവിനായക ക്ഷേത്രം എന്നിവയ്ക്കാണ് ഈ ബഹുമതി ലഭിച്ചിട്ടുള്ളത്. ചരിത്രപരവും സാംസ്‌കാരികവുമായി പ്രാധാന്യമുള്ള കേന്ദ്രങ്ങള്‍ക്കായി സംസ്ഥാനത്ത് അനുവദിക്കുന്ന 43-ാമത്തെ സ്ഥിരം ചിത്രമുദ്രയാണിത്.

സാധാരണ സ്മാരക സ്റ്റാമ്പുകളില്‍ നിന്ന് വ്യത്യസ്തമായി സ്ഥിരം ചിത്രമുദ്ര നിര്‍ദ്ദിഷ്ട പോസ്റ്റ് ഓഫിസുകളില്‍ കാലപരിധിയില്ലാതെ ഉപയോഗിക്കാന്‍ സാധിക്കും. ഓഗസ്റ്റ് 10 മുതല്‍ ഫോര്‍ട്ട് പോസ്റ്റ് ഓഫീസില്‍ നിന്ന് അയക്കുന്ന കത്തുകളിലും പാഴ്‌സലുകളിലും ഈ ചിത്രമുദ്ര പതിക്കും. ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരവും അനന്തശയന ഭാവത്തിലുള്ള പത്മനാഭസ്വാമിയുടെ രൂപവുമാണ് ചിത്രമുദ്രയില്‍ കൊത്തിവെച്ചിരിക്കുന്നത്. ക്ഷേത്ര ഗോപുരത്തിന് മുന്നിലായി ഭഗവാന്റെ ചിത്രം സ്വര്‍ണ ഫോയിലില്‍ പതിപ്പിച്ച പ്രത്യേക പ്രീമിയം കവറും തപാല്‍ വകുപ്പ് പുറത്തിറക്കുന്നുണ്ട്. 100 രൂപയ്ക്കും 200 രൂപയ്ക്കും ഇടയിലായിരിക്കും ഇതിന്റെ വില. ആദ്യഘട്ടത്തില്‍ 2,000 കവറുകളാണ് വില്‍പ്പനയ്ക്കെത്തിക്കുക. ക്ഷേത്രം അധികൃതരുടെ അപേക്ഷ പരിഗണിച്ചാണ് തപാല്‍ വകുപ്പിന്റെ ഈ തീരുമാനം.