സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്നു : 10 ദിവസത്തിൽ 810 പേർക്ക് രോഗം സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപകമായി പടരുന്നു. ആഗസ്റ്റിൽ 10 ദിവസത്തിനുള്ളിൽ 810 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. രണ്ട് പേർ മരിച്ചു. 2413 പേർക്ക് രോഗം സംശയിക്കുന്നു. ആഗസ്റ്റ് എട്ടിന് മാത്രം 105 പേർക്കാണ് രോഗം കണ്ടെത്തിയത്. തിങ്കളാഴ്ച 77 പേർക്കും രോഗം കണ്ടെത്തി. ഈ വർഷം ഇതുവരെ 8466 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 24 പേർ മരിച്ചു.
പാലക്കാട് : സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപകമായി പടരുന്നു. ആഗസ്റ്റിൽ 10 ദിവസത്തിനുള്ളിൽ 810 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. രണ്ട് പേർ മരിച്ചു. 2413 പേർക്ക് രോഗം സംശയിക്കുന്നു. ആഗസ്റ്റ് എട്ടിന് മാത്രം 105 പേർക്കാണ് രോഗം കണ്ടെത്തിയത്. തിങ്കളാഴ്ച 77 പേർക്കും രോഗം കണ്ടെത്തി. ഈ വർഷം ഇതുവരെ 8466 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 24 പേർ മരിച്ചു.
പകൽ കടിക്കുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. മഴ തുടങ്ങിയതോടെ കെട്ടിനിൽക്കുന്ന വെള്ളത്തിൽ മുട്ടയിട്ട് കൊതുകുകൾ പെരുകിയത് രോഗബാധക്ക് കാരണമാകുന്നു. ജൂലൈയിൽ 3024 പേർക്കാണ് രോഗം ബാധിച്ചത്. 12 പേർ മരിച്ചു. എന്നാൽ, ആഗസ്റ്റിൽ ആദ്യ പത്ത് ദിവസത്തിനകം തന്നെ രോഗബാധിതർ ആയിരത്തോട് അടുക്കുന്നത് ആശങ്ക വർധിപ്പിക്കുന്നു. കൊതുകുകടി ഏൽക്കാതിരിക്കാനും അവയുടെ ഉറവിടങ്ങൾ നശിപ്പിക്കാനും ശ്രദ്ധിക്കുകയാണ് രോഗപ്രതിരോധിക്കുന്നതിനുള്ള ഏറ്റവും പ്രധാന വഴി.
ഡെങ്കിപ്പനി കൂടാതെ എലിപ്പനി, ഹെപറ്റൈറ്റിസ് എ, ചിക്കൻപോക്സ്, ചിക്കുൻ ഗുനിയ, പകർച്ചപ്പനി, അമീബിക് മസ്തിഷ്ക ജ്വരം എന്നിവയും പടരുന്നുണ്ട്. ആഗസ്റ്റിൽ ഏഴുപേർക്കാണ് ഇതുവരെ അമീബിക് മസ്തിഷ്ക ജ്വരം കണ്ടെത്തിയത്. ഒരു മരണവുമുണ്ടായി. ജൂലൈയിൽ 16 പേർക്ക് രോഗം കണ്ടെത്തി. അഞ്ച് പേരാണ് മരിച്ചത്. ഈ വർഷം ഇതുവരെ 164 പേർക്കാണ് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. 43 പേർക്ക് ജീവൻ നഷ്ടമായി. തിങ്കളാഴ്ച 11 പേർക്ക് വീതം എലിപ്പനിയും ഹെപറ്റൈറ്റിസ് എയും കണ്ടെത്തി. ആഗസ്റ്റിൽ ഇതുവരെ 130 പേർക്ക് എലിപ്പനിയും 238 പേർക്ക് ഹെപറ്റൈറ്റിസ് എയും കണ്ടെത്തിയതായി ആരോഗ്യവകുപ്പിൻറെ കണക്കുകൾ വ്യക്തമാക്കുന്നു.
എലിപ്പനി ബാധിച്ച് എട്ടുപേരാണ് 10 ദിവസത്തിനുള്ളിൽ മരിച്ചത്. തൃശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിൽ എച്ച് വൺ എൻ വൺ മരണവും വയനാട്ടിൽ പകർച്ചപ്പനി മരണവും തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തിരുവനന്തപുരം, കണ്ണൂർ ജില്ലകളിൽ എലിപ്പനി മരണവുമുണ്ടായി. പകർച്ചപ്പനി ബാധിച്ചാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.